മെസ്സിക്ക് ഹാട്രിക്ക് കരുത്തോടെ അര്‍ജന്റീന
അര്‍ജന്റീന 4 - 0 ഹെയ്തി
ബ്യൂണസ് അയേഴ്‌സ്: ഇടവേളയ്ക്ക് ശേഷം ലോക കിരീടം സ്വന്തമാക്കുക ലക്ഷ്യമിട്ട് റഷ്യയിലേക്ക് വരുന്ന അര്‍ജന്റീനയ്ക്ക് സന്നാഹ മത്സരത്തില്‍ ഉജ്ജ്വല വിജയം. ഹെയ്തിക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അര്‍ജന്റീന വിജയം സ്വന്തമാക്കി. ഹാട്രിക്ക് ഗോളുകളുമായി നായകന്‍ ലയണല്‍ മെസ്സി ലോകകപ്പിനെത്തുന്ന എതിരാള്‍കള്‍ക്ക് മുഴുവന്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് വെറ്ററന്‍ താരം ഹാവിയര്‍ മഷറാനോ സ്വന്തമാക്കിയതും ശ്രദ്ധേയമായി. അര്‍ജന്റീനയ്ക്കായി 143ാം പോരാട്ടത്തിനാണ് മഷറാനോ ഇറങ്ങിയത്. ഹാവിയര്‍ സനേറ്റിയുടെ റെക്കോര്‍ഡാണ് മഷറാനോ പിന്തള്ളിയത്. മത്സരത്തില്‍ ആദ്യ മൂന്ന് ഗോളുകളിലൂടെ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി ടീമിനെ മൂന്ന് ഗോളിന് മുന്നില്‍ കടത്തി മെസ്സി താരമായപ്പോള്‍ ശേഷിച്ച ഗോള്‍ അഗ്യെറോയുടെ വകയായിരുന്നു.
കളി തുടങ്ങി 17ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് മെസ്സി ടീമിന്റെ അക്കൗണ്ട് തുറന്നത്. പിന്നീട് മൂന്ന് ഗോളുകള്‍ പിറന്നത് രണ്ടാം പകുതിയിലായിരുന്നു. 58, 66 മിനുട്ടുകളിലാണ് മെസ്സി തന്റെ രണ്ട് ഗോളുകള്‍ കൂടി വലയിലാക്കിയത്. അഗ്യെറോ 69ാം മിനുട്ടില്‍ പട്ടിക തികച്ചു. ലോകകപ്പ് പോരാട്ടത്തിന് മുന്‍പ് ഒരു സന്നാഹ മത്സരം കൂടി അര്‍ജന്റീന കളിക്കും. ജൂണ്‍ ഒന്‍പതിന് ഇസ്‌റഈലിനെതിരേയാണ് പോരാട്ടം.
ഫ്രാന്‍സിന് ജയം;
പോര്‍ച്ചുഗലിന് സമനില
മറ്റ് സന്നാഹ പോരാട്ടങ്ങളില്‍ ഫ്രാന്‍സ്, പെറു ടീമുകള്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ജപ്പാന്‍, സഊദി അറേബ്യ ടീമുകള്‍ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു. ഫ്രാന്‍സ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അയര്‍ലന്‍ഡിനെ വീഴ്ത്തി ലോകകപ്പ് തയ്യാറെടുപ്പുകള്‍ സജീവമാക്കി. പെറു സ്‌കോട്‌ലന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സൂപ്പര്‍ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ കളിക്കാനിറങ്ങിയ പോര്‍ച്ചുഗല്‍ ടീം ടുണീഷ്യയുമായി 2-2ന് സമനിലയില്‍ പിരിഞ്ഞു. ലോകകപ്പിനൊരുങ്ങുന്ന മെക്‌സിക്കോ വെയ്ല്‍സുമായും പനാമ വടക്കന്‍ അയര്‍ലന്‍ഡുമായും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ഒലിവര്‍ ജിറൂദ്, നബില്‍ ഫെകിര്‍ എന്നിവര്‍ നേടിയ ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്. ആദ്യ പകുതിയില്‍ തന്നെ ഫ്രഞ്ച് ടീം മത്സരത്തിലെ രണ്ട് ഗോളുകളും നേടി. കളിയുടെ 40ാം മിനുട്ടില്‍ ജിറൂദിലൂടെ ലീഡെടുത്ത ഫ്രാന്‍സിനായി 43ാം മിനുട്ടില്‍ ഫെകിര്‍ വല ചലിപ്പിക്കുകയായിരുന്നു.
ക്രിസ്റ്റ്യാനോയുടെ അഭാവത്തില്‍ കളിക്കാനിറങ്ങിയ പോര്‍ച്ചുഗല്‍ ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോള്‍ നേടി മുന്നില്‍ നിന്നെങ്കിലും ആദ്യ പകുതിയില്‍ തന്നെ ഒരു ഗോള്‍ മടക്കി ലീഡ് കുറയ്ക്കാന്‍ ടുണീഷ്യക്കായി. പിന്നീട് രണ്ടാം പകുതിയിലും വല ചലിപ്പിച്ചാണ് അവര്‍ യൂറോ ചാംപ്യന്‍മാരെ ഒപ്പം പിടിച്ചത്. 22ാം മിനുട്ടില്‍ ആന്ദ്ര സില്‍വയാണ് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. പിന്നീട് 34ാം മിനുട്ടില്‍ ജാവോ മരിയോ പട്ടിക തികച്ചു. 39ാം മിനുട്ടില്‍ ബദ്രിയിലൂടെ ഒരു ഗോള്‍ മടക്കിയ ടുണീഷ്യ 64ാം മിനുട്ടില്‍ ബെന്‍ യൂസഫിലൂടെ സമനില ഗോളും നേടി. ലോകകപ്പിന് തയ്യാറെടുക്കുന്ന ജപ്പാന്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയോടാണ് തോല്‍വി വഴങ്ങിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ തോല്‍വി.
ബെലോട്ടെല്ലിക്ക്
ഇരട്ട ഗോള്‍
ലോകകപ്പ് യോഗ്യത നേടാന്‍ സാധിക്കാതെ പോയ മുന്‍ ചാംപ്യന്‍മാരായ ഇറ്റലിയാണ് ഏഷ്യന്‍ പ്രതീക്ഷകളായ സഊദി അറേബ്യയെ 2-1ന് വീഴ്ത്തിയത്. റോബര്‍ട്ടോ മാന്‍സിനി പരിശീലക സ്ഥാനമേറ്റ ശേഷം ഇറ്റലി ഇറങ്ങുന്ന ആദ്യ അന്താരാഷ്ട്ര പോരാട്ടമെന്ന സവിശേഷതയും മത്സരത്തിനുണ്ടായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മരിയോ ബെലോട്ടെല്ലിയുടെ ഗംഭീര തിരിച്ചുവരവാണ് മത്സരത്തിന്റെ ഹൈലൈറ്റ്. ഇരു പകുതികളിലായി ബെലോട്ടെല്ലി വല ചലിപ്പിച്ചു. 72ാം മിനുട്ടില്‍ യഹിയ അല്‍ ഷെഹ്‌രിയിലൂടെ സഊദി ഒരു ഗോള്‍ മടക്കി ആശ്വസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."