ഈജിപ്തിന് തിരിച്ചടി: സലാഹിന് ലോകകപ്പ് നഷ്ടമായേക്കും
ലണ്ടന്‍: 38 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് പോരാട്ടത്തിലേക്ക് തിരിച്ചെത്തിയ ഈജിപ്തിന് വന്‍ തിരിച്ചടി. സൂപ്പര്‍ താരവും അവരുടെ ലോകകപ്പ് പ്രവേശത്തിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത മുഹമ്മദ് സലാഹിന് ലോകകപ്പിലെ പ്രാഥമിക പോരാട്ടങ്ങള്‍ നഷ്ടമാകുമെന്ന് ഏതാണ്ടുറപ്പായി. തോളിനേറ്റ പരുക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന സലാഹിന്റെ പരുക്ക് ഭേദമാകാന്‍ മൂന്ന്- നാല് ആഴ്ചകള്‍ എടുക്കുമെന്ന് ലിവര്‍പൂള്‍ മെഡിക്കല്‍ സംഘം വെളിപ്പെടുത്തി. റയല്‍ മാഡ്രിഡിനെതിരായ ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ ലിവര്‍പൂളിനായി കളിച്ച സലാഹ് റയല്‍ നായകന് സെര്‍ജിയോ റാമോസിന്റെ അപകടകരമായ ടാക്ലിങിന് വിധേയനായി തോളിന് പരുക്കേറ്റ് കളം വിട്ടിരുന്നു. തുടക്കത്തില്‍ താരത്തിന്റെ പരുക്ക് സാരമുള്ളതല്ലെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലിവര്‍പൂള്‍ ക്ലബിന്റെ വൈദ്യ സംഘം സലാഹിനെ വിശദമായി പരിശോധിച്ചപ്പോള്‍ പരുക്ക് ഭേദമാകാന്‍ മൂന്ന്- നാല് ആഴ്ചകള്‍ സമയമെടുക്കുമെന്ന് വ്യക്തമാക്കി. ലോകകപ്പ് പോരാട്ടത്തിന് രണ്ടാഴ്ച മാത്രം നില്‍ക്കേ താരത്തിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിയെത്തല്‍ ഏറെക്കുറെ അസാധ്യമാണ്.
നിലവില്‍ യൂറോപ്പിലെ മികച്ച താരമെന്ന തരത്തിലേക്ക് വളര്‍ന്ന സലാഹ് ഈ സീസണില്‍ ലിവര്‍പൂളിന്റെ മുന്നേറ്റങ്ങള്‍ക്ക് വന്‍ ശക്തിയായ നിന്നിരുന്നു. ഈ പ്രതീക്ഷയായിരുന്ന ഈജിപ്തിനും. ആ സ്വപ്നങ്ങള്‍ക്ക് മുകളിലാണ് ഇപ്പോള്‍ പരുക്ക് വില്ലനായി നില്‍ക്കുന്നത്.
അതേസമയം താരത്തിന്റെ ലോകകപ്പ് കളിക്കുകയെന്ന സ്വപ്നം സാധ്യമാക്കാന്‍ അങ്ങേയറ്റം വരെ പരിശ്രമിക്കുമെന്ന് ലിവര്‍പൂള്‍ ഫിസിയോ റുബന്‍ പൊന്സ് വ്യക്തമാക്കി.
ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഈജിപ്ത് മത്സരിക്കുന്നത്. ജൂണ്‍ 15ന് ആദ്യ മത്സരത്തില്‍ ഉറുഗ്വെ, ജൂണ്‍ 19ന് റഷ്യ, ജൂണ്‍ 25ന് സഊദി അറേബ്യ ടീമുകള്‍ക്കെതിരേയാണ് അവരുടെ പോരാട്ടം. നിലവിലെ അവസ്ഥയില്‍ ഈ മൂന്ന് മത്സരങ്ങള്‍ സലാഹിന് നഷ്ടമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."