ജലവൈദ്യുത പദ്ധതികളുമായി മുന്നോട്ടുപോകും: മന്ത്രി മണി
പയ്യന്നൂര്‍: സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒന്നര ലക്ഷത്തോളം വീടുകള്‍ക്ക് പുതുതായി വൈദ്യുതി കണക്ഷന് നല്‍കാനായതായി വൈദ്യുതി മന്ത്രി എം.എം മണി. കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയായതിന്റെ പ്രഖ്യാപനം പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മാര്‍ച്ച് 31ന് പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതോടെ എല്ലാ വീടുകളിലും വൈദ്യുതിയെത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുകളില്‍ വെള്ളം കുറവാണെങ്കിലും പവര്‍ കട്ട് ഇല്ലാതെ മുന്നോട്ടു പോവുന്നതിനുള്ള മുന്‍കരുതലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
താപനിലയം, സോളാര്‍ പദ്ധതികളെ അപേക്ഷിച്ച് കേരളത്തില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുക ജലവൈദ്യുത പദ്ധതിയിലൂടെയാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിനു മുമ്പിലുള്ള ചെറുതും വലുതുമായ എല്ലാ ജലവൈദ്യുത പദ്ധതികളുമായും മുന്നോട്ടു പോവുമെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം കാറ്റില്‍ നിന്ന് ഉള്‍പ്പെടെയുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന്റെ സാധ്യതകള്‍ ആരായുമെന്നും അദ്ദേഹം പറഞ്ഞു.
സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. പിലാത്തറ, പയ്യന്നൂര്‍, തോട്ടട എന്നിവിടങ്ങളിലായി നടന്ന പ്രഖ്യാപനച്ചടങ്ങുകളില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ ഇ.പി ലത, ടി.വി രാജേഷ് എം.എല്‍.എ, പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."