ഗര്‍ഭിണിയെ തല പുറത്തുവന്ന കുട്ടിയുമായി വീല്‍ചെയറില്‍ ഇരുത്തി കൊണ്ടുപോയി: വിവാദം മുറുകുന്നു
കരുനാഗപ്പള്ളി(കൊല്ലം): പ്രസവത്തിന് ലേബര്‍ റൂമില്‍ കയറ്റിയ യുവതിയെ അടിയന്തിര ശസ്ത്രക്രിയയ്ക്കായി കുട്ടിയുടെ തല പകുതി പുറത്തു വന്ന നിലയില്‍ വീല്‍ ചെയറില്‍ ഇരുത്തി താഴത്തെ നിലയില്‍ എത്തിച്ച സംഭവത്തില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. തഴവാ കടത്തൂര്‍ കാഞ്ഞിലേത്ത് കിഴക്കതില്‍ സുജേഷിന്റെ ഭാര്യ അല്ലി സുജേഷാണ് ഇതുസംബന്ധിച്ച് പൊലിസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ 9 മാസമായി ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ രേണു ജി നായരുടെ ചികിത്സയിലായിരുന്നു യുവതി. ഈ മാസം 23 ന് അഡ്മിറ്റാകണമെന്ന നിര്‍ദ്ദേശ പ്രകാരം അന്നു വൈകിട്ട് ആശുപത്രിയിലെത്തിയ അല്ലിയ്ക്ക് രാത്രി പത്തോടെ വേദനയുണ്ടാകുവാനുള്ള മരുന്നു നല്‍കി. അടുത്ത ദിവസം രാവിലെ 8.30 ഓടു കൂടി ഡോക്ടര്‍ പരിശോധിച്ചിട്ട് പ്രസവത്തിന് സമയമായില്ലെന്നും കുറച്ചു നടക്കണമെന്നും നിര്‍ദ്ദേശിച്ചു. 11മണി വരെ നടന്നപ്പോള്‍ ശരീരം കുഴഞ്ഞു വരികയും തുടര്‍ന്ന് കുഞ്ഞിന്റെ തല പുറത്ത് വരികയും ചെയ്തു.
കുട്ടിയെ പുറത്തെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാക്വം പമ്പുപയോഗിക്കുകയും ചെയ്തു. തുടര്‍ച്ചയായി വാക്വം പമ്പ് ഉപയോഗിച്ചതിനാല്‍ അല്ലിയ്ക്ക് രക്തസ്രാവം ഉണ്ടാക്കുകയും അടിയന്തിര ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുക്കുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. വെന്റിലേറ്ററില്‍ സൂക്ഷിച്ച കുട്ടി 24 ന് മരിച്ചു. എന്നാല്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നടന്ന കാര്യങ്ങള്‍ മനസിലാക്കിയ അല്ലി മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. കുട്ടിയെ നോക്കണ്ടെന്നും തളളയെ രക്ഷിയ്ക്കാന്‍ നോക്കാമെന്ന ഡോക്ടര്‍മാരുടെ സംഭാഷണം ഭീതിയോടെയാണ് അല്ലി ഇപ്പോഴും ഓര്‍ക്കുന്നത്.
തുടര്‍ച്ചയായി വാക്വം പമ്പ് ഉപയോഗിച്ചതിനാല്‍ രക്തസ്രാവം കൂടിയ അല്ലിയെ അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിനായി മൂന്നാം നിലയിലെ ലേബര്‍ റൂമില്‍ നിന്നും രണ്ടാം നിലയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിച്ചത് വീല്‍ ചെയറിലായിരുന്നു. അപ്പോഴും കുഞ്ഞിന്റെ തല പകുതി പുറത്ത് വന്ന നിലയിലായിരുന്നു. വീല്‍ ചെയറില്‍ ഇരുന്നപ്പോള്‍ കുട്ടിയുടെ തല ഞെരുങ്ങി ക്ഷതം ഏറ്റതാണ് മസ്തിഷ്‌ക്ക മരണത്തിന് കാരണമെന്ന് അല്ലി പറയുന്നു. ലേബര്‍ റൂമില്‍ സ്ട്രക്ചര്‍ ഇല്ലായിരുന്നു. പുറത്തു നിന്നും കൊണ്ടു വന്ന വീല്‍ചെയറില്‍ ആയിരുന്നു അല്ലിയെ ശസ്ത്രക്രിയക്കു കൊണ്ടുപോയത്. വാക്വം പമ്പ് കേടായതിനെ തുടര്‍ന്ന് പിന്നീട് ശരിയാക്കിയാണ് ഉപയോഗിച്ചത്.
അഡ്മിറ്റായ ദിവസം രാത്രിയില വേദനയ്ക്ക് മരുന്നു നല്‍കിയിട്ട് ലേബര്‍ റൂം പൂട്ടി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ പോയിരുന്നു. വെളുപ്പിന് 5.30 ഓടെ ആര്‍മിയില്‍ നഴ്‌സ് ആയ സഹോദരി അറിയിച്ചതിന്‍ പ്രകാരമാണ് നഴ്‌സുമാര്‍ ലേബര്‍ റൂമില്‍ ചെന്നത്.
യുവതിക്ക് ശസ്ത്രക്രിയ നടത്തിയത് ഡോക്ടര്‍മാരായ രേണു ജി നായരും ഗിരിജയുമായിരുന്നു.മാനസികവും, ശാരീരികവുമായി ഉണ്ടായ ആഘാതത്തില്‍ നിന്നും മുക്തയായി വരുന്ന അല്ലി നാലു ദിവസം കഴിഞ്ഞാണ് വിവരം ഭര്‍ത്താവിനോട് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളുമായി ആലോചിച്ച് ആശുപത്രി മാനേജുമെന്റിനും ഡോക്ടര്‍മാര്‍ക്കുമെതിരെ ഓച്ചിറ പൊലിസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം നടത്തും.
ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് കുട്ടി ഉണ്ടായത്. പ്രസവ ദിവസം വരെയും നടത്തിയ പരിശോധനയില്‍ കുഴപ്പം ഇല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു. ഇപ്പോള്‍ കുട്ടിയ്ക്ക് കുഴപ്പം ഉള്ളതായി ഡോക്ടര്‍മാര്‍ പറയുന്നത് നടപടികളില്‍ നിന്നും രക്ഷ നേടാനാണെന്നും ഇവര്‍ പറയുന്നു.
മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍,ആരോഗ്യമന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പൊലിസ് സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."