വെറ്ററിനറി സര്‍വകലാശാലക്ക് സ്ഥലമേറ്റെടുക്കല്‍; ചര്‍ച്ചയില്‍ തീരുമാനമായില്ല
പൂക്കോട്: പൂക്കോട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ അനിശ്ചിതത്വത്തില്‍. നിര്‍മാണ പ്രവൃത്തികള്‍ക്കായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തിലും തീരുമാനമാകത്തതാണ് പ്രവൃത്തികള്‍ അനിശ്ചിതത്വത്തിലാകാന്‍ കാരണം. ഇക്കാരണത്താല്‍ ഗവ യൂനിവേഴ്‌സ്റ്റിക്ക് ഭൂമി വാങ്ങുന്നതിനായി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അനുവദിച്ച നാലുകോടി രൂപ ലാപ്‌സാകുമെന്ന അവസ്ഥയിലാണ്.
വനംവകുപ്പിന്റെയും ദേശീയ ഹരിത ട്രിബ്യൂണലിനെറയും സ്റ്റോപ്പ് മെമ്മോയാണ് ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യം തടസമായത്. വേറെ ഭൂമി കണ്ടെത്തുന്നതിന്നായി സംസ്ഥന സര്‍ക്കാര്‍ തുക അനുവദിച്ചിരുന്നെങ്കിലും ഭൂമി കണ്ടെത്താന്‍ ഇതുവരെ കഴിയാത്തതാണ് യൂനിവേഴ്‌സിറ്റിയിലെ നിര്‍മാണ പ്രവൃത്തികള്‍ എങ്ങുമെത്താതെ കിടക്കാന്‍ ഇപ്പോള്‍ കാരണമായിരിക്കുന്നത്. യൂനിവേഴ്‌സിറ്റിക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്നായി വൈത്തിരി വില്ലേജില്‍ തന്നെ വേറെ സ്ഥലം കണ്ടെത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ചിളാണ് നാലുകോടി രൂപ അനുവദിച്ചത്. ഭൂമി കണ്ടെത്തുന്നതിന്നായി ജില്ലാ കലക്ടറെ ചുമതലപെടുത്തുകയും ചെയ്തു.
വൈത്തിരി വില്ലേജില്‍ 18ഓളം സ്ഥലങ്ങള്‍ കാണുകയും രണ്ട് സ്ഥലം എറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി അധികൃതര്‍, ജില്ലാ കലക്ടര്‍, സ്ഥല ഉടമസ്ഥര്‍ എന്നിവരുടെ യോഗം വിളിച്ചു. എന്നാല്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച ഭൂമികളില്‍ ഒന്നില്‍ ഭൂമിസംബന്ധമായ പ്രശ്‌നം കാരണവും മറ്റൊന്ന് ഉടമസ്ഥനുമായി വിലയിലുണ്ടായ അഭിപ്രായവ്യതാസം കാരണവും ഏറ്റെടുക്കല്‍ നടന്നില്ല. സര്‍ക്കാര്‍ ഭൂമി വാങ്ങാനായി നല്‍കിയ തുക സെപ്തംബര്‍ മാസത്തോടെ ഉപയോഗപ്പെടുത്തിയില്ലങ്കില്‍ ലാപ്‌സാവുകയും ചെയ്യും. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ വീണ്ടും ഭൂമി കണ്ടെത്തുന്നതിന്നായി നടപടികള്‍ ദ്രുതഗതിയിലാക്കിയിട്ടുണ്ടന്നാണ് അറിയുന്നത്. പക്ഷേ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വിലയിലും പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഭൂമിയും രണ്ട് മാസത്തിന്നകം കിട്ടിയില്ലെങ്കില്‍ ഫണ്ട് ലാപ്‌സാകുമെന്ന ആശങ്കയിലാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍.
വനംവകുപ്പിന്റെയും ഹരിതട്രിബ്യൂണിലിന്റെയും സ്റ്റോപ്പ് മെമ്മോ കാരണം 2013 സെപ്തംബറില്‍ ആരംഭിച്ച 35 കോടി രൂപ ചെലവില്‍ നിര്‍മാണം നടത്തുന്ന ഏഴ് ബ്ലോക്കുകളുടെ പ്രവൃത്തികളാണ് നിലച്ചത്. പൂക്കോട് വെറ്ററിനറി കോളജ് തുടങ്ങിയ അതേ ഭൗതിക സാഹചര്യങ്ങളിലാണ് ഇപ്പോള്‍ പൂക്കോട് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയും പ്രവര്‍ത്തിക്കുന്നത്.
ഓരോ വര്‍ഷവും ബിരുദ-ബിരുദാനന്തര കോഴുസുകളിലും ഗവേഷണത്തിലും ഡിപ്ലോമ കോഴ്‌സുകളിലുമായി 350ാളം വിദ്യാര്‍ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. നിലിവിലുള്ള ഭൗതിക സാഹചര്യങ്ങളില്‍ ഈ വര്‍ഷം കുട്ടികളെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയും യൂനിവേഴ്‌സിറ്റി അധൃകൃതര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."