പാണ്ടിക്കുടി മദ്യവില്‍പന ശാലയുടെ പ്രവര്‍ത്തനം നിര്‍ത്തി
മട്ടാഞ്ചേരി: പാണ്ടിക്കുടിയില്‍ പുതിയതായി ആരംഭിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യവില്‍പ്പന ശാലയുടെ പ്രവര്‍ത്തനം മേയര്‍ നേരിട്ടെത്തി നിര്‍ത്തിവപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മേയര്‍ സൗമിനി ജയിനും ഹെല്‍ത്ത് ഓഫീസര്‍ ബീനയും എത്തി മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചത്. ശാലയുടെ ഗെയിറ്റ് ഇവര്‍ അടച്ച് പൂട്ടി. ഇന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തി ഇവിടെയുള്ള മദ്യത്തിന്റെ കണക്കെടുത്ത ശേഷം മദ്യശാല പൂട്ടി സീല്‍ ചെയ്യാനാണ് തീരുമാനം.
നേരത്തേ 24 മണിക്കൂറിനുള്ളില്‍ മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് കാണിച്ച് നഗരസഭ കണ്‍സ്യൂമര്‍ ഫെഡിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ ഇവര്‍ തയ്യാറാകാതെ വന്നതോടെ മദ്യശാല പൂട്ടി സീല്‍ ചെയ്യാന്‍ നഗരസഭ സെക്രട്ടറി ഉത്തരവിട്ടു. വൈകിട്ടോടെ സംഭവസ്ഥലത്തെത്തിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉത്തരവ് തന്റെ പേരിലല്ലാത്തതിനാല്‍ നടപ്പാക്കാന്‍ കഴിയില്ലന്ന് നിലപാട് സ്വീകരിച്ചതോടെ സമരക്കാര്‍ ക്ഷുഭിതരായി.
മേയറോ സെക്രട്ടറിയോ എത്താതെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ വിട്ടയക്കില്ലന്ന നിലപാടില്‍ സമരക്കാര്‍ ഉറച്ച് നിന്നതോടെ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് രാത്രി എട്ട് മണിയോടെ മേയര്‍ എത്തി മദ്യശാലയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നും ബുധനാഴ്ച കണക്കെടുപ്പിന് ശേഷം പൂട്ടി സീല്‍ ചെയ്യുമെന്നും അറിയിക്കുകയായിരുന്നു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസമായി നീണ്ട് നിന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."