തലശ്ശേരിയില്‍ വന്‍ ലഹരിവേട്ട
തലശ്ശേരി: നഗരമധ്യത്തില്‍ വന്‍ലഹരി വേട്ട. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബ്രൗണ്‍ഷുഗറും കഞ്ചാവും പൊലിസ് പിടികൂടി. പഴയ ബസ് സ്റ്റാന്‍ഡിലെ ജനറല്‍ ആശുപത്രിക്ക് മുന്‍വശമുള്ള മൂപ്പന്‍സ് റോഡിലെ നഗരസഭാ കെട്ടിടത്തില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.
61 ഗ്രാം ബ്രൗണ്‍ഷുഗറും 2.250 കിലോ കഞ്ചാവുമാണു പിടികൂടിയത്. 81 പാക്കറ്റുകളിലായാണ് ബ്രൗണ്‍ഷുഗര്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് തലശ്ശേരി എസ്.ഐ അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. നഗരസഭാ കെട്ടിടത്തിന്റെ ടെറസിലാണ് ഇവ സൂക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലിസിനു സാധിച്ചില്ല. ലഹരി വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് ലഹരി മാഫിയാസംഘം പ്രവര്‍ത്തിച്ച് വരുന്നതായി നേരത്തെ വ്യാപകമായ പരാതിയുണ്ടായിരുന്നു. അധ്യയനവര്‍ഷം ആരംഭിക്കാനിരിക്കെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തനം കൊഴുപ്പിക്കാനുള്ള ശ്രമത്തിനിടെയാണു പൊലിസ് റെയ്ഡ് നടത്തിയത്.
ക്രൈം സ്‌ക്വാഡുകള്‍ പിരിച്ചുവിട്ടതോടെ ലഹരിമരുന്ന് മാഫിയ നഗരത്തില്‍ സജീവമാണ്. കടല്‍പ്പാലം, ബസ് സ്റ്റാന്‍ഡ് എന്നിവ കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം. ഇതരസംസ്ഥാന തൊഴിലാളികളും ഇത്തരം സംഘത്തിന്റെ കണ്ണികളാണെന്നു പരക്കെ പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."