പോക്‌സോ നിയമം വേണ്ടത് ബോധവല്‍ക്കരണം: ശോഭാ കോശി
കല്‍പ്പറ്റ: പോക്‌സോ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഗോത്ര വിഭാഗങ്ങളെ ഒഴിവാക്കുകയല്ല, നിയമത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണു വേണ്ടതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭ കോശി.
സംസ്ഥാനത്തുടനീളം കുട്ടികള്‍ പലവിധ ചൂഷണങ്ങള്‍ക്കിരയാവുന്നതിന്റെ പശ്ചാത്തലത്തില്‍ ജില്ലകള്‍ തോറും ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരങ്ങളും നിര്‍ദേശങ്ങളും തേടുന്നതിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു അവര്‍.
ഭാഷ, ദേശം, സംസ്‌കാരം, വര്‍ഗം തുടങ്ങിയവക്കതീതമായി ഇന്ത്യയൊട്ടാകെ നടപ്പാക്കിയിട്ടുള്ള നിയമമാണ് പോക്‌സോ. ഏതെങ്കിലുമൊരു വിഭാഗത്തിനായി നിയമത്തില്‍ ഇളവു വരുത്തുന്നത് അതേ വിഭാഗത്തെ കൂടുതല്‍ ചൂഷണങ്ങളിലേക്ക് തള്ളിവിടും. എസ്.സി- എസ്.ടി പ്രൊമോട്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയിലേക്ക് ആത്മാര്‍ഥമായി ഇറങ്ങിയാല്‍ നിയമത്തെക്കുറിച്ച് കോളനികള്‍തോറും ബോധവല്‍ക്കരണം നടത്താനാകും. പോക്‌സോ നിയമപ്രകാരം ജയിലിലായ യുവാക്കളുടെ ഭാര്യമാര്‍ക്ക് ആര്‍ക്കും തന്നെ നിയമത്തെക്കുറിച്ചോ വിവാഹ പ്രായത്തെക്കുറിച്ചോ ധാരണയില്ലായിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പോക്‌സോ നിയമത്തിന് ആധാര്‍ അടിസ്ഥാനമാക്കരുതെന്നും ശോഭ കോശി അഭിപ്രായപ്പെട്ടു. അത് വയസു തെളിയിക്കാനുള്ള രേഖയല്ല. ബാലനീതി നിയമപ്രകാരം സ്‌കൂളില്‍ നിന്നുള്ള ടി.സി, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വയസ്സുതെളിയിക്കാനുള്ള രേഖകള്‍. ഇവ ലഭ്യമാകാത്ത പക്ഷം പ്രായം തെളിയിക്കുന്നതിനുള്ള മെഡിക്കല്‍ പരിശോധനാഫലം തേടണം. ഇതു സംബന്ധിച്ച് ഉടന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
വീട്ടിനകത്തും പരിസരങ്ങളില്‍ നിന്നുമാണ് കുട്ടികള്‍ക്ക് സമീപകാലത്തായി അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നത് ഖേദകരമാണ്. അതിനാല്‍ പ്രശ്‌നങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ല. പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാല്‍ കമ്മീഷന്‍ ഇടപെടുമെന്നും അവര്‍ പറഞ്ഞു. ഗോത്ര വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്ക് സംബന്ധിച്ച് കമ്മിഷന്‍ അന്വേഷണം നടക്കുന്നുണ്ട്.
സ്‌കൂളുകളില്‍ ഗോത്രഭാഷ കൈകാര്യം ചെയ്യുന്ന അധ്യാപകരെ നിയമിച്ചാല്‍ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ തടയാനാകുമെന്നും അവര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി അധ്യക്ഷനായി. ശിശുസംരക്ഷണ ഓഫിസര്‍ ഷീബ മുംതാസ്, സാമൂഹ്യനീതി ഓഫിസര്‍ ഡാര്‍ളി, ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."