മഴ ശക്തം: വിരുന്നുകാരനായി വൈദ്യുതി
സ്വന്തം ലേഖകന്‍
കുന്നത്തൂര്‍: മഴ ശക്തമായതോടെ ശാസ്താംകോട്ട പ്രദേശത്ത് വൈദ്യുതിയെത്തുന്നത് വിരുന്നുകാര്‍ക്ക് സമമായി. പ്രദേശത്ത് വൈദ്യുത മുടക്കം പതിവായെങ്കിലും കെ.എസ്.ഇ.ബി അധികൃതരുടെ നിസംഗത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പടിഞ്ഞാറെ കല്ലട, കുന്നത്തൂര്‍, പോരുവഴി പ്രദേശങ്ങളില്‍ വെദ്യുത മുടക്കം പതിവാണ്. ഇവിടങ്ങളില്‍ രാപകല്‍ വ്യത്യാസമില്ലാതെയാണ് വൈദ്യുത മുടക്കം. രാത്രി കാലങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി നിലക്കാറുണ്ട്. പലപ്പോഴും അര്‍ധരാത്രിയിലോ പിറ്റേ ദിവസമോ ആയിരിക്കും വൈദ്യുതി പുനസ്ഥാപിക്കുക.
മഴക്കാര്‍ കണ്ടാല്‍ പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തന്നെ വൈദ്യുതി നിലക്കുകയാണ് പതിവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കഴിഞ്ഞ രണ്ടാഴ്ചകളായി മഴയില്ലെങ്കിലും വൈദ്യുതി മുടക്കം പതിവാണ്. കൂടാതെ പരാതി അറിയിക്കാനായി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലേക്ക് വിളിച്ചാല്‍ പലപ്പോഴും കിട്ടാറില്ല. എന്‍ഗേജ് ടൂണ്‍ ആയിരിക്കും പലപ്പോഴും കേള്‍ക്കുന്നത് അഥവാ കോള്‍ കിട്ടിയാലാകട്ടെ കൃത്യമായ മറുപടി അവിടെയുള്ള ഉദ്യോഗസ്ഥര്‍ നല്‍കാറുമില്ല.
ശാസ്താംകോട്ട കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലാണ് പടിഞ്ഞാറെ കല്ലട. കുന്നത്തൂരും പോരുവഴിയും കടമ്പനാട് സെക്ഷന്റെ കീഴിലും. പടിഞ്ഞാറെ കല്ലടയിലെ മിക്ക ഭാഗങ്ങളിലും വൈദ്യുത ലൈനുകള്‍ താഴ്ന്നു കിടക്കുകയാണ്.
മഴക്കൊപ്പം കാറ്റടിച്ചാല്‍ മരച്ചില്ലകള്‍ ലൈനുകളിലേക്ക് ഒടിഞ്ഞു വീണാണ് പടിഞ്ഞാറെ കല്ലടയില്‍ പ്രധാനമായും വൈദ്യുതി നിലക്കുന്നത്. ലൈനുകളിലേക്ക് ചാഞ്ഞു കിടക്കുന്ന മരച്ചില്ലകള്‍ വെട്ടിയൊതുക്കാത്തതാണ് വൈദ്യുതി മുടങ്ങാനുള്ള കാരണം. ഇതിനൊപ്പം വോള്‍ട്ടേജ് ക്ഷാമവും രൂക്ഷമാണ്.
കുന്നത്തൂര്‍, പോരുവഴി പഞ്ചായത്തുകളിലെ വൈദ്യുതി മുടക്കത്തിന് പ്രത്യേക കാരണങ്ങളൊന്നും തന്നെയില്ല. വിവരം അന്വേഷിക്കാന്‍ കടമ്പനാട് സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചാല്‍ എപ്പോഴും ഫോണ്‍ തിരക്കിലായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."