ആദിവാസികള്‍ക്ക് ലഭ്യമായ ഭൂമിയില്‍ കൃഷി ചെയ്യാന്‍ വനം വകുപ്പ് അനുകൂല നടപടിയെടുക്കണമെന്ന് വി.എസ്
പാലക്കാട്: വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭ്യമായ ഭൂമിയില്‍ കൃഷി ചെയ്യാന്‍ വനം വകുപ്പ് അനുകൂല നടപടിയെടുക്കണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ യുമായ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
പട്ടികവര്‍ഗവികസന വകുപ്പിന്റെ കീഴില്‍ മലമ്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മംഗലത്താന്‍ചള്ള, ചെല്ലങ്കാവ് പട്ടികവര്‍ഗ സങ്കേതങ്ങള്‍, മലമ്പുഴ പഞ്ചായത്തിലെ അയ്യപ്പന്‍പൊറ്റ, പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര എന്നീ കോളനികളുടെ സമഗ്ര വികസനത്തിനായുള്ള അംബേദ്ക്കര്‍ സെറ്റില്‍മെന്റ് സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടക്കാവ് മേല്‍പ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ്, റിങ് റോഡ് നിര്‍മാണം എന്നിവ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലത്താന്‍ ചള്ള കോളനിയില്‍ നടന്ന പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
ഓരോ കോളനിക്കും ഒരു കോടി വീതമായി നാല് കോളനികള്‍ക്കായി നാല് കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഭവനനിര്‍മാണം, റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന സൗകര്യ വികസനങ്ങളാണ് പദ്ധതിപ്രകാരം പൂര്‍ത്തീകരിക്കുക. കൂടാതെ വൈദ്യുതി വേലി, കമ്മ്യൂണിറ്റി ഹാള്‍, കിണര്‍ എന്നിങ്ങനെ പ്രദേശത്തിന്റെ ആവശ്യമനുസരിച്ചുള്ള കാര്യങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നിര്‍മിതി കേന്ദ്രമാണ് പദ്ധതികള്‍ നടപ്പിലാക്കുക.
ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ വൈ.ബിപിന്‍ദാസ്, ജില്ലാ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.രാജലക്ഷ്മി, നിര്‍മിതി കേന്ദ്രം പ്രൊജക്ട് എന്‍ജിനീയര്‍ പി.അനിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈജ, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര രാമചന്ദ്രന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."