അവസാന വെള്ളിയാഴ്ചയില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍
കൊച്ചി: റമദാനിലെ അവസാന വെള്ളിയാഴ്ചയില്‍ പള്ളികള്‍ പ്രാര്‍ഥനാ നിര്‍ഭരം. പുണ്യത്തിന്റെ പൂങ്കാവനമായ റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ലൈലത്തുല്‍ ഖദറിനെ പ്രതീക്ഷിക്കുന്ന പതിനേഴാം രാവുകൂടി ആയതോടെ വിശ്വാസികള്‍ പള്ളികളിലേക്ക് ഒഴുകിയെത്തി.
അവസാന വെള്ളിയാഴ്ചയും ഇരുപത്തിയേഴാം രാവും ഒരുമിച്ചായതോടെ വിശ്വാസ മനസുകള്‍ പ്രാര്‍ഥനാ നിര്‍ഭരമായി. പള്ളികളിലെല്ലാം തന്നെ പതിവിനു വിപരീതമായി നേരത്തെ തന്നെ വിശ്വാസികള്‍ എത്തിയിരുന്നു.
മിക്ക പള്ളികള്‍ക്ക് പുറത്തേക്കും നമസ്‌കരിക്കാന്‍ നില്‍ക്കുന്നവരുടെ നിര നീളുന്നതായിരുന്നു ഇന്നലത്തെ കഴ്ച്ച. റമദാനിലെ പുണ്യകര്‍മ്മളിലൂടെ ആര്‍ജിച്ച നന്മ ജീവിതത്തിലുടനീളം പാലിക്കണമെന്ന ഉദ്‌ബോധനമായിരുന്നു പള്ളികളില്‍ നിന്ന് മുഴങ്ങിയത്.
സക്കാത്തിന്റെ പ്രധാന്യവും ദാനധര്‍മ്മങ്ങലുടെ പ്രസക്തിയും ഊന്നിക്കൊണ്ടായിരുന്നു റമദാനിലെ അവസാന വെള്ളിയാഴ്ച്ചയിലെ ഉത്‌ബോധനങ്ങള്‍.
ഖുര്‍ആന്‍ അവതീര്‍ണമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന റമദാനിലെ അവസാന പത്തിലെ ഒറ്റയൊറ്റ രാവുകളിലൊന്നും വിശ്വാസികളുടെ പെരുന്നാള്‍ എന്നറിയപ്പെടുന്ന വെള്ളിയാഴ്ചയും ഒരുമിച്ചെത്തിയത് ആവേശപൂര്‍വമാണ് വിശ്വാസിസമൂഹം വരവേറ്റത്. ഖുര്‍ആന്‍ പാരായണവും ഉറക്കമൊഴിവാക്കിയുള്ള പ്രാര്‍ഥനകളും കൊണ്ട് പള്ളികള്‍ ധന്യമായി.
നിര്‍ബന്ധ ദാനത്തിനു പുറമെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവര്‍ക്കു ജീവിത വിഭങ്ങള്‍ എത്തിച്ചുകൊടുക്കാനുമാണു റമദാനിലെ അവസാന നാളുകളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുന്നത്. റമദാന്‍ വിടപറയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."