താനൂര്‍ ഒട്ടുംപുറം അഴിമുഖത്തെ മണ്‍തിട്ട പൊളിച്ചുനീക്കി
തിരൂര്‍: നഗരസഭാ പരിധിയില്‍പ്പെടുന്ന താനൂര്‍, ചിറക്കല്‍ കളരിപ്പടി, മുക്കോല പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൂരപ്പുഴ അറബിക്കടലിനോട് ചേരുന്ന താനൂര്‍ ഒട്ടുംപുറം അഴിമുഖത്ത് രൂപപ്പെട്ട മണ്‍തിട്ട ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. വി അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം റവന്യൂ-പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടി. കനത്ത മഴയില്‍ വീടുകളിലേക്ക് വെള്ളംപൊങ്ങിയതോടെ ദുരിതത്തിലായ അന്‍പതോളം കുടുംബങ്ങള്‍ക്ക് ഇതോടെ ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിലാണ് താനൂര്‍ നഗരസഭയിലെ 43, 44, രണ്ട് ഡിവിഷനുകളില്‍പ്പെടുന്ന താനൂര്‍, ചിറക്കല്‍, മുക്കോല പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറിയത്. ഇതോടെ സെപ്റ്റിക് ടാങ്കുകള്‍ വെള്ളത്തിനടിയിലായി മനുഷ്യ വിസര്‍ജം പരക്കാനിടയായിരുന്നു. തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച വി. അബ്ദുറഹ്മാന്‍ എം.എല്‍.എ എത്രയുംവേഗം ഒട്ടുംപുറം കടപ്പുറത്തെ മണ്‍തിട്ട പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രിയില്‍ തന്നെ ജെ.സി.ബി ഉപയോഗിച്ച് താനൂര്‍ പരിയാപുരം വില്ലേജ് ഓഫിസര്‍ പി. സിന്ധുവിന്റെയും പൊലിസിന്റെയും സാന്നിധ്യത്തില്‍ മണ്‍തിട്ട പൊളിക്കാന്‍ നടപടിയെടുത്തതോടെ മത്സ്യത്തൊഴിലാളികള്‍ എതിര്‍ത്തിരുന്നു. താമസസ്ഥലത്തേക്ക് ഉപ്പുവെള്ളം കയറുമെന്ന കാരണമുന്നയിച്ചായിരുന്നു എതിര്‍പ്പ്. എന്നാല്‍ അന്‍പതോളം കുടുംബങ്ങളുടെ ദുരവസ്ഥ കണക്കിലെടുത്ത് ബുധനാഴ്ച ഉച്ചയോടെ റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും സാന്നിധ്യത്തില്‍ മണല്‍തിട്ട പൊളിച്ചുനീക്കുകയായിരുന്നു. പ്രദേശം അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. തിരൂര്‍ താലൂക്ക് ഓഫിസിലെ ഭൂരേഖാ തഹസില്‍ദാര്‍ എം. ഷാജഹാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി. ഉണ്ണി, മധുസൂദനന്‍, താനൂര്‍ പരിയാപുരം വില്ലേജ് ഓഫിസര്‍ പി. സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."