പനി; മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ഇന്നലെ ചികിത്സ തേടിയത് 171 പേര്‍
മഞ്ചേരി: നിപാ വൈറസ് ബാധയെ ചെറുക്കുന്നതിനിടയില്‍ ജില്ലയിലെ മറ്റു പകര്‍ച്ചപ്പനികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍. സംസ്ഥാനത്താകമാനം നിപാ ബാധയെ തുരത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാകുമ്പോഴും ഡെങ്കി ഉള്‍പ്പെടെയുള്ള പനികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും മറ്റും കാര്യക്ഷമമായി നടക്കുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്കു ചികിത്സ തേടി എത്തുന്നവരുടെ എണ്ണം കൂടുതലായി തുടങ്ങിയിട്ടുണ്ട്. പനിബാധിതരായി അഡ്മിറ്റ് ചെയ്യപ്പെട്ടവര്‍ കുറവാണങ്കിലും പനിബാധിച്ച് ചികിത്സ തേടുന്നവര്‍ ഇത്തവണ വര്‍ധിച്ച് തുടങ്ങിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇന്നലെ മാത്രം 171 പേരാണ് പനിക്കു ചികിത്സ തേടിയെത്തിയത്. ഇത്തരത്തില്‍ ഓരോ ദിവസവും 150നും 200നും ഇടിയിലായി പനിബാധിതര്‍ മെഡിക്കല്‍ കോളജില്‍ മാത്രമായി ചികിത്സ തേടുന്നുണ്ട്.
ജില്ലയിലെ മറ്റു സ്വകാര്യ ആശുപത്രികളിലേയും സര്‍ക്കാര്‍ ആതുരാലയങ്ങളിലേയും എണ്ണം കൂടിയാകുമ്പോള്‍ പതിന്‍മടങ്ങാവും. നിലമ്പൂരില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇവിടെ പത്തു പനി ബാധിതരില്‍ ഒന്‍പത് പേര്‍ക്കും ഡെങ്കിയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലമ്പൂര്‍ കഴിഞ്ഞാല്‍ കാളികാവാണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. മലയോര മേഖലകളില്‍ പനി അതിവേഗത്തിലാണ് പടര്‍ന്നു പിടിക്കുന്നത്.
നിപാ വൈറസിനെതിരായ കരുതല്‍ നടപടികള്‍ ഡെങ്കി ഉള്‍പ്പെടെയുള്ള പകര്‍ച്ച പനികളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ലെന്നത് ഇത്തവണ പനി ബാധിതരുടെ എണ്ണം വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മുന്‍കരുതെലെന്നോണം പനി ക്ലിനിക്കും പനി വാര്‍ഡും പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."