ജില്ലയില്‍ വീണ്ടും കഞ്ചാവ് വേട്ട; എട്ടുപേര്‍ പിടിയില്‍
അരൂര്‍: കഞ്ചാവ് ലഹരി ഗുളികകള്‍ വില്‍പ്പന നടത്തുന്ന സംഘം അരൂര്‍ പോലീസിന്റെ പിടിയിലായി. കൊച്ചി വാത്തുരുത്തി മല്സ്യപുരം നികര്‍ത്തില്‍ അജ്മല്‍ (22), വാത്തുരുത്തിയില്‍ വാടകക്ക് താമസിക്കുന്ന വിനു ആന്റണി (29), അരൂര്‍ ചന്തിരൂര്‍ തറയില്കളം രഞ്ജിത് (32), ചേര്‍ത്തല പാണാവള്ളി അടുച്ചു നികര്‍ത്തില്‍ സജി (40) എന്നിവരാണ് അരൂര്‍ പോലീസിന്റെ പിടിയിലായത്. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നല്കിയ രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ റയ്ഡിലാണ് ഇവര്‍ പോലീസിന്റെ വലയില്‍ അകപ്പെട്ടത്.
അജ്മല്‍ ഹാര്‍ബര്‍ പോലീസ് സ്റ്റേഷനില്‍ പതിനഞ്ചോളം കേസുകളില്‍ പ്രതിയും ബിനു ആന്റണി ഇരുപത്തി രണ്ടോളം കേസുകളിലും പ്രതിയാണ്. ഇവര്‍ രണ്ടുപേരുടേയും പേരില്‍ മോഷണം, പിടിച്ചുപറി, വധശ്രമമുള്‍പ്പടെയുള്ള കേസുകളും നിലവിലുണ്ട്. ഇരുവരുടേയും പേരില്‍ കാപ്പ ചുമത്തിയിട്ടുണ്ട്. അരൂര്‍ പഞ്ചായത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറേയും വില്ലേജാഫീസറേയും പൂട്ടിയിട്ട കേസിലെ പ്രതിയാണ് രഞ്ചിത്ത്.
ജനങ്ങളുടെ മുന്പില് പൊതുസേവനം ചെയ്യുന്നവര്‍ എന്നു വരുത്തി തീര്‍ത്ത് ഇതിന്റെ മറവിലാണ് മയക്കു മരുന്ന് കച്ചവടവും കഞ്ചാവും വില്‍പ്പനയും നടത്തി വന്നിരുന്നത്. ആട്ടോറിക്ഷ തൊഴിലാളിയായ സജി അരൂക്കുറ്റി, വടുതല ചേര്‍ത്തല പ്രദേശങ്ങളിലെ തൊഴിലാളികള്‍ക്ക് മയക്കു മരുന്ന് എത്തിച്ചുകൊടുത്തു വരികയായിരുന്നു. ഇവരില്‍ നിന്നും നൂറ്റിനാല്‍പ്പത്തിനാല് നൈട്രോസെന്‍ ഗുളികയും നാല്‍പ്പത് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അരൂരിലെ വാടക വീട്ടില്‍ താമസിച്ച് ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നീ മേഖലകളില്‍ വില്‍പ്പന നടത്തി വരികയായിരുന്നു.
പോണ്ടിച്ചേരി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവര്‍ മയക്കു മരുന്നും മറ്റ് ലഹരി വസ്തുക്കളും എത്തിച്ചുരുന്നത്. മാനസിക രോഗമുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം നല്കുന്ന ഈ മരുന്ന് അസുഖമില്ലാത്തവര്‍ കഴിച്ചാല്‍ ഉണ്മാദ ലഹരിയിലാകുമെന്നതിനാലാണ് ഈ ഗുളികകള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
സ്കൂള്‍കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘത്തെ എക്സൈസ് പിടികൂടി. ചെല്ലാനം പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍ ചാത്തനാട്ട് പൂച്ചക്കണ്ണന് എബി എന്നറിയപ്പെടുന്ന ക്രൈസ്റ്റ്ബെല് ഏവിയോണ്‍(36), ഏഴുപുന്ന പഞ്ചായത്ത് 14-ാം വാര്‍ഡില്‍ ആശാരിപറമ്പില്‍ റോബിന് ലൂയിസ്(23), മൂഞ്ഞാറ വീട്ടില്‍ അക്ഷയ് ജയ്മോന്(19) എന്നിവരാണ് പിടിയിലായത്. എഴുപുന്ന ജങ്ഷന് സമീപം സെന്റ് റാഫേല്‍ സ്കൂളിലെ കുട്ടികള്‍ക്ക് വില്‍ക്കുന്നതിന് എത്തിച്ച 50 പൊതി കഞ്ചാവ് കൈമാറുന്നതിനിടയില്‍ ഇവരെ പിടികൂടുകയായിരുന്നു. ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി ജയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
മുതുകുളം: കഞ്ചാവ് ഉപയോഗിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി പിടിയിലായി .ഐ.ടി.ഐ വിദ്യാര്‍ഥിയായ ആറാട്ടുപുഴ സ്വദേശി സന്ദീപിനെയാണ് കാര്‍ത്തികപ്പള്ളി എക്സൈസ് അറസ്സ് ചെയ്തത്. കുമാരപുരം താമല്ലാക്കല്‍ എം.എം.വി.യു.പി. സ്കൂളിന് തെക്ക് വശം കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു സംഘ വിദ്യാര്‍ഥികളില്‍ നിന്നാണ് സന്ദീപിനെ പിടികൂടിയത്.ഇയാളി ല്‍ നിന്ന് കഞ്ചാവ് നിറച്ച ബീഡികളുളള പൊതി പിടികൂടി.സംഘത്തിലെ ബാക്കിയുളളവര്‍ ഓടി രക്ഷപെട്ടു.
എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.ജയരാജ്,അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ലാലിക്കുട്ടന്‍ കെ.എസ്, പ്രിവന്റീവ് ഓഫീസര്‍ എസ്. മണിയനാചാരി,സി.ഇ.ഒ മാരായ അംബികേശന്‍,ആര് അശോകന്,ആര്.വിനോദ്,പി.യു.ഷിബു,ഗോപകുമാര്‍,കെ.വി.സുരേഷ്,പ്രദീപ്,നൗഷാദ് എന്നിവരുടെ സംഘമാണ് അറസ്റ്റു നടത്തിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.ക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."