വധശ്രമം: ബി.എം.എസ് പ്രവര്‍ത്തകന് കഠിനതടവും പിഴയും
ആലപ്പുഴ: സി.ഐ .ടി. യു കണ്‍വീനറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും. മങ്കൊമ്പ് കോട്ടഭാഗം 78 ാം നമ്പര്‍ ഷാപ്പിലെ സി ഐ ടി യു യൂനിറ്റ് കണ്‍വീനറായിരുന്ന പുളിങ്കുന്ന് പഞ്ചായത്ത് 14 ാം വാര്‍ഡില്‍ കോട്ടഭാഗം മുറിയില്‍ കൊച്ചുപുത്തന്‍പറമ്പില്‍ കുമാരനെ(65) വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഷാപ്പിലെ ബി എം എസ് തൊഴിലാളിയായിരുന്ന പുളിങ്കുന്ന് പഞ്ചായത്ത് 11 ാം വാര്‍ഡില്‍ കടുനിലത്തില്‍ചിറ മോഹനന്‍ മകന്‍ മനേഷിനെ(34) ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 2, ഐ പി സി 308, 326 വകുപ്പുകള്‍ പ്രകാരം അഞ്ച് വര്‍ഷം വീതം കഠിന തടവിനും 25,000 രൂപവീതം പിഴക്കും ശിക്ഷിച്ചു.
ആലപ്പുഴ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഫെലിക്‌സ് മേരി ദാസാണ് ശിക്ഷ വിധിച്ചത്. കുമാരനും മനേഷും കോട്ടഭാഗം 78 ാം നമ്പര്‍ ഷാപ്പിലെ ചെത്ത് തൊഴിലാളികളായിരുന്നു. 2006 മെയ് 15ന് വൈകിട്ട് ഏഴ് മണിക്കാണ് കേസിനാസ്പദമായ സംഭവം. ചെത്ത് കഴിഞ്ഞ് ഷാപ്പിലേക്ക് വരികയായിരുന്ന കുമാരനെ ഷാപ്പിന് സമീപം വഴിയില്‍വെച്ച് മനേഷ് ചെത്ത് കത്തിക്ക് തലയില്‍വെട്ടി മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. പുളിങ്കുന്ന് പോലീസ് പ്രതിക്കെതിരെ ഐ പി സി 308, 326 വകുപ്പുകള്‍ പ്രകാരം കുറ്റപത്രം നല്‍കി. സി ഐ ടി യു യൂനിയനില്‍പ്പെട്ട മനേഷ് സംഭവത്തിന് ഒരു വര്‍ഷം മുമ്പാണ് ബി എം എസ് യൂനിയനില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഇരുവരും വിരോധത്തില്‍ കഴിഞ്ഞുവരികയായിരുന്നു. മനേഷ് ചെത്താനിരുന്ന തെങ്ങ് കുമാരന്‍ ചെത്താന്‍ എടുത്തു എന്നാരോപിച്ചായിരുന്നു വധശ്രമം.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് എട്ട് സാക്ഷികളെ വിസ്തരിച്ചു. ഒമ്പത് രേഖകളും രണ്ട് തൊണ്ടിമുതലുകളും ഹാജരാക്കി. കുമാരന്‍ ഒഴികെ മറ്റ് സ്വതന്ത്ര സാക്ഷികള്‍ എല്ലാംതന്നെ വിചാരണ വേളയില്‍ കൂറ് മാറിയിരുന്നു. പിഴ ഒടുക്കിയില്ലെങ്കില്‍ അഞ്ച് മാസം സാധാരണ തടവ് കൂടി അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍മതി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. പിഴ ഈടായാല്‍ പകുതിതുക കുമാരന് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ഷാജഹാന്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."