വ്യത്യസ്ത സംഭവങ്ങളില്‍ നടപടിയുമായി മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ബുദ്ധിവികാസമില്ലാത്ത യുവതിയെ ഗര്‍ഭിണിയാക്കിയശേഷം കടന്നുകളഞ്ഞ പ്രതിയെ ഉടന്‍ നിയമത്തിനു മുമ്പിലെത്തിക്കാന്‍ അന്വേഷണചുമതല ഡിവൈ.എസ്.പിയെ ഏല്‍പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്. പാലോട് സ്വദേശിനിയാണ് സംഭവത്തിലെ ഇര. 2006ലും ഇതേ യുവതി സമാനമായ വഞ്ചനക്ക് ഇരയായിരുന്നു.
രണ്ടാമതും വഞ്ചിതയായ യുവതി ഒരു കുഞ്ഞിനു ജന്മം നല്‍കി. ഈ സംഭവം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസേന നടക്കുന്ന ലൈംഗിക പീഡനങ്ങളില്‍ ഏറെ ഗൗരവം അര്‍ഹിക്കുന്നതാണെന്ന് കമ്മിഷന്‍ ചൂണ്ടികാട്ടി. തിരുവനന്തപുരം ജില്ലാ പൊലിസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചശേഷം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരു മാസത്തിനകം വിശദീകരണം സമര്‍പിക്കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ ആവശ്യപ്പെട്ടു.
20 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലിചെയ്ത ശേഷം നാട്ടിലെത്തിയ രോഗബാധിതനായ വയോധികന്‍ അന്തിയുറങ്ങാന്‍ സ്ഥലമില്ലാതെ വീടിന്റെ ചായ്പ്പില്‍ കഴിയുന്ന സംഭവത്തിലും കമ്മിഷന്‍ നടപടിയാരംഭിച്ചു. ആര്യങ്കോട് പുല്ലച്ചക്കോണം തേരിവിളാകത്ത് വീട്ടില്‍ രവീന്ദ്രനാണ് മൃഗതുല്യമായി കഴിയുന്നത്. രോഗം ബാധിച്ച് ശരീരത്തിന്റെ ഒരുവശം തളര്‍ന്ന അവസ്ഥയിലാണ് രവീന്ദ്രന്‍. അദ്ദേഹത്തിന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
സമ്പാദിച്ച പണം മുഴുവന്‍ ഭാര്യയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതിനാല്‍ മരുന്നുവാങ്ങാന്‍ പോലും ഗതിയില്ല. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം രവീന്ദ്രന്റെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കമ്മിഷന്‍ ആര്‍.ഡി.ഒക്ക് നിര്‍ദ്ദേശം നല്‍കി. വെള്ളറട സി.ഐ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി ക്രിമിനല്‍ നിയമ നടപടിപ്രകാരം നടപടിയെടുക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസറും സി.ഐയും ഒരു മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. രണ്ടു കേസുകളും ഏപ്രിലില്‍ തിരുവനന്തപുരത്തു നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു ഫയല്‍ ചെയ്ത കേസുകളിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."