ഇടുക്കിയില്‍ മണ്‍സൂണ്‍ ടൂറിസത്തിന് തുടക്കമായി
തൊടുപുഴ: മൂന്നാറിന്റെ മുഖമുദ്രയായിരുന്ന നാല്പതാം നമ്പര്‍ മഴയുടെ ഗൃഹാതുരത ഉണര്‍ത്തുന്ന സ്മരണയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ മണ്‍സൂണ്‍ ടൂറിസത്തിന് തുടക്കമായി. ഡി.റ്റി.പി.സി അങ്കണത്തില്‍ നൂറ് കണക്കിന് ആളുകള്‍ അണിചേര്‍ന്ന മണ്‍സൂണ്‍ വോക്കിന് അഡ്വ.ജോയ്സ് ജോര്‍ജ്ജ് എം.പി ഫ്ളാഗ് ഓഫ് ചെയ്തതോടെ സഞ്ചാരികള്‍ക്ക് മഴയുടെ വിഭിന്ന ഭാവങ്ങള്‍ക്കു പുതിയൊരു ആസ്വാദനതലം തുറന്നുകിട്ടി.
ഇന്ന് രാമക്കല്‍മേട്ടിലും നാളെ വാഗമണ്ണിലും മഴനടത്തം ഡി.റ്റി.പി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കുന്നതും പരിസ്ഥിതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമുള്ള ശക്തമായ സന്ദേശം പകരുന്നതുമാണ് മണ്‍സൂണ്‍ വോക്ക് പോലുള്ള പരിപാടികള്‍ എന്നു മഴനടത്തം ഫ്ളാഗ് ഓഫ് ചെയ്തുകൊണ്ട് എം.പി പറഞ്ഞു.
മൂന്നാറിന്റെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിക്കുന്ന സംഭവവികാസങ്ങള്‍ അങ്ങിങ്ങായി നടക്കുന്നുണ്ടെന്നും ഇവയ്ക്കെതിരെ ടൂറിസം വ്യവസായത്തിലുള്ളവരെല്ലാം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം എസ്. വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം സി. നെല്‍സണ്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യസംഘടന നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഡി.റ്റി.പി.സി അങ്കണത്തില്‍ നിന്നും മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ച് മഴസ്നേഹികള് ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂള്‍ അങ്കണത്തില്‍ ഒത്തുചേരുകയും വിവിധതരം ജലകേളികളില്‍ ഏര്‍പ്പെടുകയും ചെയ്തു. കായിക പരിപാടികള്‍ മൂന്നാര്‍ എ.എസ്.പി മെറിന് ജോസഫ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംസാരിച്ചു. മഴ നടത്തത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെയിന്റിങ് മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. ഇന്ന് രാവിലെ പത്ത് മണിക്ക് രാമക്കല്‍മേട് ബേസ് ക്യാമ്പില്‍ നിന്നാണ് മഴനടത്തം ആരംഭിക്കുക. നാളെ രാവിലെ എട്ട് മണിക്ക് വാഗമണ്ണില്‍ നിന്ന് മൂന്ന് സ്ഥലങ്ങളിലേക്കാണ് മഴ നടത്തം ആരംഭിക്കുക. മഴ നടത്തല്‍ സംഘത്തോടൊപ്പം ഡി.റ്റി.പി.സി ഗൈഡുകളുടെ അകമ്പടിയുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."