നല്ലൊരു കെട്ടിടമില്ല ! കനിവു കാത്ത് വിളപ്പില്‍ വില്ലേജ് ഓഫിസ്
മലയിന്‍കീഴ്: കാടുമൂടി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി ഒരു വില്ലേജ് ഓഫിസ്. അറുപതുവര്‍ഷത്തിലേറെ പഴക്കമുള്ള ഓട് മേഞ്ഞ മൂന്നുമുറി കെട്ടിടം പൊട്ടിപ്പൊളിഞ്ഞ് എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാമെന്ന സ്ഥിതിയില്‍. ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിനുള്ളിലെ രണ്ട് മുറികളിലായി കൂട്ടിയിട്ടിരിക്കുന്ന ഭൂരേഖകള്‍ ന നഞ്ഞ് കുതിര്‍ന്ന് നാമാവശേഷമായി. വിളപ്പില്‍ വില്ലേജ് ഓഫിസ് അധികൃതരുടെ കനിവ് തേടുകയാണ്. വിണ്ടുകീറിയ ചുമരുകളും പൊട്ടിയടര്‍ന്ന ഓടുകളും എപ്പോഴാണ് തലയ്ക്ക് മുകളില്‍ പതിക്കുന്നതെന്ന ഭയത്തോടെയാണ് ജീവനക്കാരും നാട്ടുകാരും ഓഫിസിനുള്ളില്‍ നില്‍ക്കുന്നത്.
വിളപ്പില്‍ പഞ്ചായത്തിലെ 20 വാര്‍ഡുകളും വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പഞ്ചായത്തുകളിലെ കുറച്ച് ഭാഗങ്ങളും ചേര്‍ന്ന് വലിയൊരു ഭൂപ്രദേശത്തിന്റെ റവന്യൂരേഖകള്‍ കൈകാര്യം ചെയ്യുന്ന ഓഫിസിനാണ് ഈ ദുര്‍ഗതി.
പ്രതിമാസം രണ്ട് ലക്ഷം രൂപയിലേറെ റവന്യൂവരുമാനമുള്ള വിളപ്പില്‍ വില്ലേജിന് പുതിയ മന്ദിരം നിര്‍മിച്ചു നല്‍കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരുപത് സെന്റ് സ്ഥലം സ്വന്തമായുണ്ടെങ്കിലും കെട്ടിടം നിര്‍മിച്ചു നല്‍കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ല. 2013 ല്‍ വിളപ്പില്‍ വില്ലേജിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ താലൂക്ക് അധികൃതരെത്തി പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ഉടന്‍ കെട്ടിടം നിര്‍മിക്കുമെന്ന് റവന്യൂവകുപ്പിന്റെ പ്രഖ്യാപനവും ഉണ്ടായി. എന്നാല്‍ രണ്ടു വര്‍ഷം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല.
വില്ലേജിന്റെ 20 സെന്റ് വസ്തുവില്‍ നിന്ന് അഞ്ച് സെന്റ് വിട്ടു നല്‍കിയാല്‍ സമീപത്തുള്ള വിളപ്പില്‍ പഞ്ചായത്തിന്റെ ആസ്ഥാനമന്ദിരം പൊളിച്ച് മിനി സിവില്‍സ്‌റ്റേഷന്‍ നിര്‍മിക്കാമെന്ന് 2012 ല്‍ പഞ്ചായത്ത് ഭരണസമിതി റവന്യൂവകുപ്പിനെ അറിയിച്ചിരുന്നു. ലോകബാങ്ക് സഹായമായി പഞ്ചായത്തിന് കിട്ടിയ ഒരു കോടി രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മിക്കാനായിരുന്നു പദ്ധതി. വിളപ്പില്‍ പഞ്ചായത്ത് മന്ദിരം സ്ഥിതിചെയ്യുന്നിടത്ത് സിവില്‍ സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ സ്ഥല പരിമിതി തടസമായതിനാലാണ് വില്ലേജിന്റെ വസ്തു ആവശ്യപ്പെട്ടത്. എന്നാല്‍ വസ്തു വിട്ടുനല്‍കാന്‍ റവന്യൂവകുപ്പ് കൂട്ടാക്കിയില്ല. അതോടെ ആ പദ്ധതി പഞ്ചായത്തിന് ഉപേക്ഷിക്കേണ്ടി വന്നു.
ദിനംപ്രതി നൂറുകണക്കിനു പേര്‍ വന്നുപോകുന്ന വില്ലേജ് ഓഫിസിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. വില്ലേജ് ഓഫിസറടക്കം ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. നേരിയ കാറ്റ് വീശിയാല്‍ പോലും പ്രാണരക്ഷാര്‍ഥം ഓഫീസിന് പുറത്തിറങ്ങി നില്‍ക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."