അനുകരണ വേദി പൊളിച്ചു !
തിരുവനന്തപുരം: സര്‍വകലാശാലാ കലോത്സവത്തിന്റെ രണ്ടാംദിനത്തില്‍ ആവശം നിറഞ്ഞുകവിഞ്ഞ് ശബ്ദാനുകരണ വേദി. വഴുതക്കാട് ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മിമിക്രിവേദിയാണ് കാണികളാലും മത്സരാര്‍ഥികളാലും സമ്പന്നമായത്. ഇന്നലെ രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം വരെ നാലുവരെ നടന്ന മത്സരത്തില്‍ 28 ആണ്‍കുട്ടികളും ഒമ്പതു പെണ്‍കുട്ടികളും പങ്കെടുത്തു.
ആത്യന്തം ആവേശം നിറഞ്ഞ പെണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ കേശവദാസപുരം എം.ജി കോളജിലെ ഗായത്രി ശങ്കര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. സംസ്ഥാനം ഇന്നഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സ്ത്രീപീഡനവും വരള്‍ച്ചയും വിഷയമാക്കിയുള്ള പ്രകടനത്തിനാണ് ഗായത്രിയ്ക്ക് ഒന്നാംസ്ഥാനം. കള്ളുകുടിയന്റെ ഒരു ദിനത്തിലൂടെ പുതുമയുള്ള ശബ്ദങ്ങള്‍ അവതരിപ്പിച്ച് കൊല്ലം കര്‍മല്‍ റാണി ട്രെയിനിങ് കോളജിലെ കിരണ്‍ ക്രിസ്റ്റഫര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാമതെത്തി. കൊല്ലം യൂനുസ് കോളജ് ഓഫ് എന്‍ജിനിയറിങ്ങിലെ ഹരികൃഷ്ണന്‍ എ.എസ്, തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളജിലെ ശ്യാംമോഹന്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
പുകവലിയ്‌ക്കെതിരായി പരസ്യവും ദൂരദര്‍ശന്‍ പരസ്യങ്ങളും വ്യത്യസ്തത പുലര്‍ത്തി. വിനായകന്‍, വിനയ് ഫോര്‍ട്ട്, പ്രദീപ് കോട്ടയം, അജുവര്‍ഗീസ്, പ്രഥ്വിരാജ്, ദുല്‍ക്കര്‍ സല്‍മാന്‍ തുടങ്ങിയ നടന്മാര്‍ വേദിയില്‍ പുനരവതരിച്ചു. രാഷ്ട്രീയ വിഭാഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവരെ അവതരിപ്പിച്ചതും ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."