ആടിത്തിമിര്‍ത്തു... പക്ഷേ, സ്റ്റാര്‍ട്ടിങ് ട്രബിള്‍ !
വേദികളെല്ലാം സജീവം, മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് പ്രതിഷേധത്തിനിടയാക്കി
തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ രണ്ടാംദിനം ആടിത്തിമിര്‍ത്ത് അരങ്ങുണര്‍ത്തിയെങ്കിലും എല്ലാ വേദികളിലും സ്റ്റാര്‍ട്ടിങ് ട്രബിള്‍ അനുഭവപ്പെട്ടത് കല്ലുകടിയായി. രാവിലെ ഒമ്പതു മണിക്ക് തുടങ്ങേണ്ട മത്സരങ്ങള്‍ക്ക് 11 മണി കഴിഞ്ഞാണ് തിരശ്ശീല ഉയര്‍ന്നത്. രണ്ടുമുതല്‍ മൂന്നുമണിക്കൂര്‍ വരെ മത്സരങ്ങള്‍ വൈകിയതോടെ തുടര്‍ന്നുവന്ന മത്സരങ്ങളെല്ലാം സമയക്രമം തെറ്റി. ഇത് വേഷവും ചായവുമിട്ട് കാത്തുനിന്ന മത്സരാര്‍ഥികളെയും കാണികളെയും ഒരുപോലെ അക്ഷമരാക്കി.
പ്രധാന വേദിയായ സെനറ്റ് ഹാളില്‍ ആദ്യ ഇനമായ തിരുവാതിര മത്സരം കഴിയുമ്പോള്‍ വൈകുന്നേരമായി. ഇതോടെ മൂന്നുമണിക്ക് നടക്കേണ്ട ആണ്‍കുട്ടികളുടെ നാടോടിനൃത്തം ഏഴുമണിക്കാണ് തുടങ്ങാനായത്. മറ്റു വേദികളിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. യൂനിവേഴ്‌സിറ്റി കോളേജിലെ ഭരതനാട്യ മത്സരവും വിമന്‍സ് കോളേജിലെ മിമിക്രി മത്സരവും പതിനൊന്നരയോടെയാണ് ആരംഭിച്ചത്.
മുന്‍ക്രമീകരണങ്ങള്‍ ആവശ്യമില്ലാത്ത പോസ്റ്റര്‍ മേക്കിങ്, കാര്‍ട്ടൂണ്‍, കൊളാഷ് മത്സരങ്ങള്‍ പോലും മണിക്കൂറുകള്‍ വൈകിയത് മത്സരാര്‍ഥികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി. പല വേദികളിലും സംഘാടനത്തിലെ പാളിച്ചകള്‍ കാരണം മത്സരാര്‍ഥികള്‍ വിഷമിച്ചു. വോളണ്ടിയേഴ്‌സിന്റെ സേവനവും പലയിടത്തും ലഭ്യമായിരുന്നില്ല.
അതേ സമയം ആദ്യ ദിനത്തില്‍ ആലസ്യത്തിലായിരുന്ന വേദികള്‍ ഇന്നലെ പ്രധാന മത്സരയിനങ്ങളെത്തിയതോടെ സജീവമായി. ഒമ്പതു വേദികളിലും മത്സരങ്ങള്‍ തകര്‍ത്തു.
ആസ്വാദകരുടെ മനം കവര്‍ന്ന് തിരുവാതിരക്കളിയും നാടോടിനൃത്തവും അരങ്ങിലെത്തിയപ്പോള്‍ പ്രകടനമികവുകൊണ്ട് ചിരിയും ചിന്തയും പടര്‍ത്തി മിമിക്രി, മോണോ ആക്ട് മത്സരങ്ങളും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
കോല്‍ക്കളി, ദഫ്മുട്ട്, തിരുവാതിരക്കളി, നാടോടിനൃത്തം, ഭരതനാട്യം, മിമിക്രി, മോണോ ആക്ട്, മാപ്പിളപ്പാട്ട് വേദികള്‍ നിറഞ്ഞ കാഴ്ചക്കാരെ കൊണ്ട് ശ്രദ്ധേയമായി. മിമിക്രിക്കും മാപ്പിളപ്പാട്ടിനുമാണ് ഏറ്റവുമധികം ആളുകളെ ആകര്‍ഷിക്കാനായത്. ഇതില്‍ പ്രകടനമികവുകൊണ്ട് മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സവിശേഷമായി. ആണ്‍കുട്ടികളുടെ മത്സരത്തില്‍ പങ്കെടുത്ത 32 മത്സരാര്‍ഥികളും ഉന്നതനിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. പെണ്‍കുട്ടികളുടെ മത്സരനിലവാരവും മറിച്ചായിരുന്നില്ല.
യൂനിവേഴ്‌സിറ്റി സംഗീതവിഭാഗം വേദിയില്‍ നടന്ന ഉപകരണ സംഗീതമത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തിയെങ്കിലും കാഴ്ചക്കാരില്ലാത്തത് കല്ലുകടിയായി. സംഘാടകരും മത്സരാര്‍ഥികളും മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അതേസമയം പ്രസംഗമത്സരം നിലവാരത്തകര്‍ച്ച നേരിട്ടു. 46 പേര്‍ മാറ്റുരച്ച മത്സരത്തില്‍ വാക്കുകളുടെ കസര്‍ത്ത് മാത്രമായിരുന്നു കണ്ടത്.
പഠിച്ചതു മറന്നുപോയതു കാരണം പ്രസംഗം പാതിയില്‍ നിറുത്തി ചിലര്‍ വേദി വിട്ടുപോയി. പെണ്‍കുട്ടികളായിരുന്നു മത്സരാര്‍ഥികളില്‍ ഏറെയും. നവലോകത്തിന്റെ നഷ്ടങ്ങള്‍ എന്നതായിരുന്നു വിഷയം. മിമിക്രി മത്സരങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയപ്പോള്‍ ഊര്‍ജസ്വലമായ പ്രകടനം കൊണ്ട് ചില മത്സരാര്‍ഥികള്‍ കൈയടി നേടി.
ദഫ്മുട്ട് ആറു മണിക്കൂര്‍ വൈകി ;
ചോദ്യം ചെയ്തവര്‍ക്കു നേരെ കൈയാങ്കളിയും അസഭ്യ വര്‍ഷവും
തിരുവനന്തപുരം: ഇന്നലെ സ്വാതി തിരുനാള്‍ കോളജ് വേദിയില്‍ ദഫ്മുട്ട് മത്സരം തുടങ്ങിയത് ആറു മണിക്കൂര്‍ വൈകി. ഇത് ചോദ്യം ചെയ്ത മത്സരാര്‍ഥികളെ സംഘാടകള്‍ കൈയാങ്കളിയും അസഭ്യവര്‍ഷവുമായാണ് നേരിട്ടത്.
ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങേണ്ട മത്സരം രാത്രി പത്തു മണിയോടെയാണ് തുടങ്ങിയത്. വിധികര്‍ത്താക്കള്‍ എത്താത്തതായിരുന്നു വൈകാന്‍ കാരണം. തുടര്‍ന്ന് ഉച്ച മുതല്‍ മേക്കപ്പിട്ട് കാത്തിരുന്ന മത്സരാര്‍ഥികളും അവരും രക്ഷിതാക്കളും പരാതി പറഞ്ഞതാണ് സംഘാടകരെ പ്രകോപിപ്പിച്ചത്. സംഘാടക സമിതിയിലുള്ള ചിലര്‍ അസഭ്യവര്‍ഷവുമായി പരാതിക്കാര്‍ക്കെതിരെ തിരിയുകയായിരുന്നു. ഓഡിറ്റോറിയത്തിന്റെ നാലു വാതിലുകളും ബന്ധിച്ച് പരാതിക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."