കുട്ടികള്‍ക്കുനേരെയുള്ള പീഡനം: ശക്തമായ നടപടിക്ക് നിര്‍ദേശം
കോട്ടയം: ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അതിക്രമം തടയുന്നതിനുളള നടപടികള്‍ ജില്ലാ ഭരണകൂടം ശക്തമാക്കുന്നു. അഡ്വ. എ. സുരേഷ് കുറുപ്പ് എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെയും വിവിധ വകുപ്പുകളുടെയും യോഗത്തില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.
പഞ്ചായത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസുരക്ഷാ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ്-സ്വകാര്യമേഖലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം ഇതിനായി വിനിയോഗിക്കും. കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹാരം കാണുന്നതിനും ആവശ്യമായ കൂടുതല്‍ പരിശീലനം ഇവര്‍ക്ക് ലഭ്യമാക്കുന്നതിന് യോഗം തീരുമാനിച്ചു.
മാതാപിതാക്കള്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. അവധിക്കാലത്ത് കുട്ടികള്‍ക്കായി വിവിധ സംഘടനകളുടെ സഹായത്തോടെ ബോധവല്‍ക്കരണക്ലാസ് നല്‍കുന്നതിനും പരിപാടിയുണ്ട്.
പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരെ ഇതിനായി നിയോഗിക്കും.പീഡനത്തിന് ഇരയാകുന്ന കുട്ടികള്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പുവരുത്തും. പീഡനവിവരം അറിയുന്നപക്ഷം അധ്യാപകരും മാതാപിതാക്കളും വിവരം ഉടന്‍തന്നെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെയോ പൊലിസിനെയോ അറിയിക്കണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടന്‍ വിവരം സാമൂഹ്യനീതി വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരെയും അറിയിക്കണം. കുട്ടിയുടെ മൊഴി എടുക്കുന്ന സമയത്ത് ഇവരുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തും. പിന്നീട് മൊഴി മാറ്റി പറയുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കും. പീഡനത്തിനിരയായ കുട്ടികളെ മാതാപിതാക്കളോടൊപ്പം അയയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഇവരെ പാര്‍പ്പിക്കുന്നതിന് സൗകര്യം ഉറപ്പുവരുത്തുന്നതിനും നിര്‍ദ്ദേശമുണ്ട്. ഇതിനായി സന്നദ്ധസംഘനകളുടെയും സഹായം തേടും.
ജില്ലാ കലക്ടര്‍ സി.എ. ലതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ എസ്.എന്‍. ശിവന്യ, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫിസര്‍ വി.ജെ. ബിനോയ്, ജില്ലാ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കെ.യു. മേരിക്കുട്ടി, വനിതാ പ്രെട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജസ്റ്റിന്‍ മൈക്കിള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."