സേവനം അവകാശമാണെന്ന പൗരബോധമുണ്ടാകണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കോട്ടയം: സേവനം ഉദ്യോഗസ്ഥരുടെ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നുമുളള പൗരബോധം ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. നെഹ്രു യുവ കേന്ദ്രയുടെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ദേശീയ സമ്പാദ്യ ഹാളില്‍ നടത്തിയ സേവനാവകാശ നിയമം ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സര്‍ക്കാര്‍ ഓഫീസിന് മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുളള സേവനം പോലും തടസപ്പെടുത്തുന്ന സാഹചര്യമുണ്ട്. വിവരാവകാശം, സേവനാവകാശം എന്നീ നിയമങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധമുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ സി.എ ലത അധ്യക്ഷയായി. സേവനാവകാശ നിയമങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അറിയാനും യുവജനങ്ങള്‍ തയ്യാറാകണം. ഇത്തരം നിയമങ്ങളെക്കുറിച്ചുളള അവബോധം മുതിര്‍ന്നവര്‍ക്ക് പകര്‍ന്ന് നല്‍കാനും യുവജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
നെഹ്രു യുവ കേന്ദ്രയുടെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും യൂത്ത് ക്ലബ്ബുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ വിദ്യാര്‍ഥികളും പങ്കെടുത്തു. അഡ്വ. ഡി.ബി ബിനു സെമിനാര്‍ നയിച്ചു. ഐ ആന്‍ഡ് പി.ആര്‍.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ് സ്വാഗതവും അസി. എഡിറ്റര്‍ സിനി കെ തോമസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."