HOME
DETAILS
MAL
വിമാനസര്‍വിസുകള്‍ നിര്‍ത്തിയത് കാലാവസ്ഥാ പ്രവചനത്തെയും ബാധിച്ചു
backup
March 27 2020 | 20:03 PM
ലണ്ടന്‍: കൊറോണ വൈറസ് ബാധ അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥ പ്രവചനത്തെയും ബാധിച്ചു. വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തിയതാണ് കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെ ബാധിച്ചത്. ലോകത്ത് എല്ലായിടത്തും കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യതയെ ഇതു ബാധിച്ചേക്കാമെന്ന് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ മീഡിയം റേഞ്ച് വെതര്‍ഫോര്‍കാസ്റ്റ് (ഇ.സി.എം.ഡബ്ല്യു.എഫ് ) അറിയിച്ചു.
ന്യൂമെറിക്കല്‍ വെതര്‍ മോഡല്‍ എന്ന കംപ്യൂട്ടര്‍വല്‍കൃത ഗണിത കാലാവസ്ഥാ പ്രവചന മാതൃകയെയാണ് വിമാനസര്‍വിസുകള്‍ നിര്‍ത്തിയത് ബാധിച്ചത്. ഹ്രസ്വകാല, ദീര്‍ഘകാല കാലാവസ്ഥാ പ്രവചനത്തിന് ഈ പ്രവചന മാതൃകകളാണ് ഉപയോഗിക്കുന്നത്. ഇതിനാവശ്യമായ വിവരങ്ങള്‍ വിവിധ നിരീക്ഷണ സംവിധാനങ്ങള്‍ വഴിയാണ് ശേഖരിക്കുന്നത്.
വിമാനങ്ങളില്‍ ഘടിപ്പിച്ച ഉപകരണങ്ങള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളും ആഗോള നെറ്റ്‌വര്‍ക്ക് വഴി വിലയിരുത്തിയാണ് കൃത്യമായ കാലാവസ്ഥാ പ്രവചനം സാധ്യമാക്കുന്നത്. ലോകത്താകമാനം വിമാനസര്‍വിസുകള്‍ നിലച്ചതോടെ ഡാറ്റകളുടെ ഇന്‍പുട് കുറഞ്ഞുവെന്നും ഇത് കൃത്യതയെ ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.
അന്തരീക്ഷത്തില്‍ വിവിധ ഉയരങ്ങളിലുള്ള കാറ്റിന്റെ വേഗത, ദിശ, ചൂട്, ആര്‍ദ്രത, മര്‍ദ്ദം തുടങ്ങിയവയാണ് വിമാനങ്ങള്‍ വഴി അളക്കുന്നത്. മുന്‍പ് എയര്‍ ബലൂണുകളായിരുന്നു (റേഡിയോസൗണ്ടുകള്‍) ഇതിന് വ്യാപകമായി ഉപയോഗിച്ചിരുന്നത്.
ഉപഗ്രഹം, റഡാര്‍ എന്നിവയ്ക്ക് പുറമെയാണ് ഈ വിവര ശേഖരണം. തങ്ങളുടെ കാലാവസ്ഥാ പ്രവചനത്തില്‍ മാര്‍ച്ച് 3 നും 23 നും ഇടയില്‍ കൃത്യതയില്‍ 65 ശതമാനം കുറവുണ്ടായെന്ന് ഇ.സി.എം.ഡബ്ല്യു.എഫ് അറിയിച്ചു. ആഗോളതലത്തില്‍ പ്രവചന കൃത്യത 42 ശതമാനമായി കുറഞ്ഞു.
വിമാനസര്‍വിസുകള്‍ നിലച്ചതോടെ അന്തരീക്ഷ വിവരങ്ങള്‍ അറിയാന്‍ കൂടുതല്‍ റേഡിയോസൗണ്ടുകള്‍ ഉപയോഗിക്കാനാണ് തീരുമാനം. ഉപഗ്രഹം ഉപയോഗിച്ച് ചൂട്, ആര്‍ദ്രത തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാമെങ്കിലും കാറ്റിന്റെ ഗതിയും വേഗവും അളക്കാന്‍ ഉപഗ്രഹത്തിന് വേണ്ടത്ര രീതിയില്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."