യൂറോപ്യന്‍ യൂനിയന്‍, മെക്സിക്കോ, കാനഡ രാജ്യങ്ങളില്‍ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിക്ക് തീരുവയുമായി അമേരിക്ക
വാഷിങ്ടണ്‍: വ്യാപാര യുദ്ധത്തിന്റെ ഭാഗമായി സഖ്യരാജ്യങ്ങളില്‍ നിന്നുള്ള ഉരുക്ക്, അലൂമിനിയം ഇറക്കുമതിക്ക് തീരുവയുമായി അമേരിക്ക. യൂറോപ്യന്‍ യൂനിയന്‍ (ഇ.യു), മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കു മേലാണ് യു.എസിന്റെ നടപടി.
യു.എസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റൂസ് പാരിസില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഉരുക്കിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവുമാണു പുതുക്കിയ തീരുവ.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ ചൈനയ്ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചിരുന്നു. അമേരിക്കയുടെ സമ്പദ്ഘടനയ്ക്ക് ഭീഷണിയാണെന്നു കാട്ടിയാണ് ചൈനയ്ക്കെതിരെയും ഇപ്പോള്‍ സഖ്യരാജ്യങ്ങള്‍ക്കെതിരെയും വ്യാപാര യുദ്ധത്തിനൊരുങ്ങിയത്.
'ലോക വ്യാപാരത്തിനിത് മോശം ദിനം'
തീരുമാനത്തിനെതിരേ സഖ്യകക്ഷികള്‍ കടുത്ത വിമര്‍ശം ഉന്നയിച്ചിട്ടുണ്ട്. കൃത്യമായ സ്വയം സംരക്ഷണ സ്വഭാവമാണ് പുതിയ തീരുവകളിലൂടെ അമേരിക്ക കാണിച്ചിരിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ വ്യക്തമാക്കി. യു.എസ് തീരുമാനം നിരാശാജനകമാണെന്ന് ബ്രിട്ടന് പ്രതികരിച്ചു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഇ.യുവും മെക്സിക്കോയും അറിയിച്ചിട്ടുണ്ട്.
നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഇ.യു, യു.എസിനെതിരെ മറുപടി നടപടിയുണ്ടാവുമെന്ന് വ്യക്തമാക്കി. ലോക വ്യാപാരത്തിന് ഇതൊരു മോശം ദിനമാണെന്ന് ഇ.യു കമ്മിഷന് പ്രസിഡന്റ് ജീന്‍ ക്ലോഡ് ജന്കര് പറഞ്ഞു.
ലോക വ്യാപാര സംഘടനയെ സമീപിച്ച് അമേരിക്കന്‍ ഉല്പന്നങ്ങള്ക്കു തീരുവ ചുമത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും അവര്‍ അറിയിച്ചു. അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, പന്നി ഉല്പന്നങ്ങള്, മുന്തിരി, ആപ്പിള്‍ തുടങ്ങിയ പഴങ്ങള്‍ എന്നിവയ്ക്കെല്ലാം തീരുവ ചുമത്തുമെന്ന് മെക്സിക്കേയും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."