കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്
കോട്ടയം: കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്ത് ബജറ്റ്. 280,72,88,757 രൂപ വരവും 276,93,95,900 രൂപ ചെലവും 3,78,92,857 രൂപ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ ഇന്നലെ അവതരിപ്പിച്ചത്.
ക്ഷേമ പദ്ധതികള്‍ക്കും വികസന പരിപാടികള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന നല്‍കുന്നു. കാര്‍ഷിക മേഖലയലില്‍ ആധുനിക യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതിനും നെല്‍കൃഷി, ജൈവ പച്ചക്കറി കൃഷി തുടങ്ങിയവയക്കും 5,42,00,000 രൂപ വകയിരുത്തി.
മികച്ച രീതിയില്‍ ജൈവ കൃഷി നടപ്പാക്കുന്ന ജില്ലയിലെ സ്‌കൂളിന് അവാര്‍ഡും നല്‍കും. റബറൈസ്ഡ് റോഡുകള്‍ വ്യാപകമാക്കുന്നതിന് 1,50,00,000 രൂപ വകയിരുത്തി. ക്ഷീര മേഖലയില്‍ കറവ പശുക്കളെ വാങ്ങാന്‍ പലിശ രഹിത വായ്പയ്ക്കായി 2,60,00,000 രൂപ. ജില്ലയെ സമ്പൂര്‍ണ ഭൂഗര്‍ഭജല പരിപോഷണ ജില്ലയാക്കാന്‍ ഒരു കോടി. കുടിവെള്ള പദ്ധതികള്‍ക്കായി 3,50,00,000. ജില്ലയെ സ്ത്രീ സൗഹൃദ ജില്ലയാക്കും.
ഗ്രാമസഭകളെ ഐടി സഹായത്തോടെ സ്മാര്‍ട്ട് ഗ്രാമസഭകളാക്കാന്‍ എല്ലാ ഗ്രാമപ്പഞ്ചായത്തുകള്‍ക്കും ലാപ്‌ടോപ്, എല്‍.സി.ഡി പ്രോജക്ടര്‍, ആംപ്ലിഫയര്‍ വാങ്ങാന്‍ ധനസഹായം നല്‍കും . ഏബിള്‍ കോട്ടയം പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതികള്‍ക്ക് രണ്ട് കോടി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിനും പഠന നിലവാരം ഉയര്‍ത്തുന്നതിനും ഹൈടെക് സ്‌കൂളുകളായി മാറ്റുന്നതിന് പൊതുവിദ്യാഭ്യാസയജ്ഞം പദ്ധതി.കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ജില്ലാ ആശുപത്രിയെ ജില്ലാ പഞ്ചായത്തിനു വിട്ടു കിട്ടിയാല്‍ ജനസൗഹൃദ ആശുപത്രിയാക്കാനായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും ഭവനമെന്ന ലൈഫ് പദ്ധതിക്ക് തുടക്കമിടും. ആരോഗ്യരംഗത്തിന് പ്രാധാന്യം നല്‍കി വിവിധ കര്‍മപദ്ധതികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആയുര്‍വേദ, അലോപ്പതി, ഹോമിയോ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ നിവാരണ പരിപാടികള്‍.
പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികള്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായി സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് രണ്ട് കോടി. ജില്ലാ പഞ്ചായത്ത് ഓഫിസ് കെട്ടിടങ്ങളും വിട്ടുകിട്ടിയ സ്ഥാപനങ്ങളും സൗരോര്‍ജ്ജ വൈദ്യുതീകരിക്കും. മാലിന്യ സംസ്‌കരണത്തിന് രണ്ട് കോടി. എസ്‌സിഎസ്ടി സമഗ്രവികസന പദ്ധതികള്‍ക്ക് 12,11,92,000 രൂപ വകയിരുത്തി.
ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് പ്രോല്‍സാഹന പദ്ധതികള്‍. ടൂറിസം വികസനത്തിന് 25 ലക്ഷം രൂപ. കൂടാതെ വഴിയോര വിശ്രമകേന്ദ്ര നിര്‍മാണത്തിന് ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കും.
ആധുനിക രീതിയിലുള്ള അറവുശാലകളും ശ്മശാനങ്ങളും നിര്‍മിക്കാനും പദ്ധതിയുണ്ട്. ഉള്‍നാടന്‍ ജനഗതാഗതത്തിന് ധനസഹായം. ഖാദിമേഖലയ്ക്ക് ധനസഹായം. ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പദ്ധതി. ജില്ലയെ സമ്പൂര്‍ണ സാക്ഷരതാജില്ലയാക്കും.
ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിന് തുടര്‍പദ്ധതികള്‍ക്ക് ധനസഹായം. വിവിധ മേഖലകളില്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്ന ബ്ലോക്, ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കാന്‍ പദ്ധതി. പാടശേഖരങ്ങളുടെ പുറംബണ്ടിനോട് ചേര്‍ന്ന് ജൈവ പച്ചക്കറി കൃഷി, തെങ്ങ് വച്ചു പിടിപ്പിക്കല്‍ പദ്ധതി. ദേശീയനിലവാരത്തില്‍ മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് അടിസ്ഥാനസൗകര്യം ഒരുക്കും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."