പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു പരിപാലിച്ചാലും ഇനി തൊഴിലുറപ്പ് കൂലി
കൊണ്ടോട്ടി: പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നതിനും ഇനിമുതല്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കൂലി. വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലായി അനുവദിച്ചാണ് വേതനം നല്‍കുന്നത്.
കുഴികള്‍ തയാറാക്കി വൃക്ഷത്തൈകള്‍ നടുന്നതിനും വെള്ളമൊഴിച്ച് പരിപാലിക്കുന്നതിനും അനുവദനീയമായ കൂലി ലഭിക്കും. കുഴികള്‍ തയാറാക്കല്‍, തൈകള്‍ നടല്‍, വെള്ളമൊഴിക്കല്‍, ജൈവവള പ്രയോഗം, സംരക്ഷണ വേലി നിര്‍മാണം, കള പറിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും തൊഴിലായി കണക്കാക്കും. എന്നാല്‍ കൂലി വൃക്ഷത്തൈകളുടെ അതിജീവനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നല്‍കുക.
നശിച്ചു കൊണ്ടിരിക്കുന്ന വനമേഖല, തരിശ്ഭൂമി, പൊതുഭൂമി, നദികള്‍, തോടുകള്‍, കനാലുകള്‍ എന്നിവയുടെ കരകള്‍, പ്രധാന റോഡുകളുടെ ഓരങ്ങള്‍, ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുടംബങ്ങളുടെ സ്വകാര്യ ഭൂമി തുടങ്ങിയവയിലായി സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തില്‍ രണ്ട് കോടി വൃക്ഷത്തൈകളാണ് നടുന്നത്.
ഓരോ മാസത്തിലും ആകെ നട്ട വൃക്ഷത്തൈകളുടെ 90 ശതമാനമെങ്കിലും അതിജീവിക്കുന്ന പക്ഷം മാത്രമെ മുഴുവന്‍ കൂലിയും തൊഴിലാളിക്ക് ലഭിക്കുകയുള്ളൂ. 90 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് അതിജീവനമെങ്കില്‍ 50 ശതമാനം കൂലി മാത്രമാണ് ലഭിക്കുക.75 ശതമാനത്തില്‍ താഴെ ആയാല്‍ കൂലി ലഭിക്കുകയുമില്ല. വൃക്ഷത്തൈകളുടെ വളര്‍ച്ച പ്രത്യേകം നിരീക്ഷിക്കാന്‍ ഓരോ ജില്ലയിലും കുടംബശ്രീ എ.ഡി.എസുകള്‍ രംഗത്തുണ്ടാകും.
ഇവര്‍ അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കുന്ന വൃക്ഷത്തൈകളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യും. ഗ്രാമപഞ്ചായത്തുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൃക്ഷത്തൈകള്‍ നടുന്നതിന് കുടംബശ്രീ അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളെയാണ് ചുമതലപ്പെടുത്തുന്നത്. ഒരു അയല്‍ക്കൂട്ട അംഗത്തിന് 10 മുതല്‍ 25 വരെ വൃക്ഷത്തൈകള്‍ എന്ന കണക്കില്‍ സൗജന്യമായി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."