മിഠായി പദ്ധതി പ്രമേഹ രോഗികളായ എല്ലാ കുട്ടികളിലുമെത്തിക്കും: മന്ത്രി
തിരുവനന്തപുരം: മിഠായി പദ്ധതി കേരളത്തിലെ പ്രമേഹ രോഗികളായ എല്ലാ കുട്ടികളിലും എത്തിക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക്. പദ്ധതിയില്‍ ഇതുവരെ 908 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇതില്‍ 400 പേരെയാണ് പരിഗണിക്കുന്നത്.
കേരളത്തില്‍ 3000 പ്രമേഹ രോഗികളായ കുട്ടികളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവര്‍ക്കും കൂടി ലഭ്യമാക്കാന്‍ 10 കോടിയിലധികം രൂപ വേണ്ടി വരും. ഇത് ധനകാര്യ വകുപ്പ് പരിഗണിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രമേഹബാധിത കുട്ടികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയായ 'മിഠായി'യുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ടൈപ് വണ്‍ പ്രമേഹ രോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും പരിരക്ഷയും നല്‍കുന്ന സമഗ്ര പദ്ധതിയാണ് മിഠായിയെന്ന് ചടങ്ങില്‍ അധ്യക്ഷയായ ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ.കെ ശൈലജ പറഞ്ഞു. മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വേദനയില്ലാത്തതും എളുപ്പം ഉപയോഗിക്കാന്‍ പറ്റുന്നതുമായ ആധുനിക പെന്‍ ഇന്‍സുലിനാണ്. ഇന്‍ജക്റ്റ് ചെയ്താല്‍ അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കാമെന്നതും പോക്കറ്റിലോ പെന്‍സില്‍ ബോക്‌സിലോ ഇട്ട് കൊണ്ടു നടക്കാമെന്നതും മിഠായിയുടെ മേന്‍മയാണെന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു. സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, സാമൂഹ്യ നീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാശിശു വികസന ഡയറക്ടര്‍ ഷീബ ജോര്‍ജ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ നൂഹ് ബാവ, ഗോപിനാഥ് മുതുകാട്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."