കൊവിഡ്: ഇഖാമയും റീ എന്‍ട്രിയും നീട്ടിനല്‍കുന്നത് പ്രാബല്യത്തില്‍
റിയാദ്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടെ വിദേശികള്‍ക്ക് ആശ്വാസമായി സഊദി ജവാസാത്ത്. വിദേശികളുടെ ഇഖാമയും റീ എന്‍ട്രിയും ഫൈനല്‍ എക്‌സിറ്റും നീട്ടി നല്‍കുമെന്ന് ജവാസാത്ത് ഡയരക്ടറേറ്റ് അറിയിച്ചു.
ധനമന്ത്രി പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ ഭാഗമായാണ് നടപടി. ഇതിനായി മറ്റു നടപടികളോ ജവാസാത്ത് ഓഫിസുകളെ സമീപിക്കേണ്ടതോ ഇല്ല.
സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ ഇഖാമ മാര്‍ച്ച് 18നും ജൂണ്‍ 30നും ഇടയില്‍ കാലാവധി അവസാനിക്കുന്നതാണെങ്കില്‍ ലെവി അടക്കാതെ തന്നെ മൂന്നു മാസത്തേക്ക് പുതുക്കും. എന്നാല്‍ ഈ കാലാവധിയിലുള്ള ഇഖാമകള്‍ ഇപ്പോള്‍ പുതുക്കുകയാണെങ്കില്‍ ലേബര്‍ കാര്‍ഡ് ഇഷ്യു ചെയ്യുന്നതിന് കൊവിഡ് കാലത്തെ മൂന്നു മാസം ഒഴിവാക്കിയാണ് ലെവി സംഖ്യ അടക്കേണ്ടത്. എങ്കിലും ഒരു വര്‍ഷത്തേക്കുള്ള ലെവി അടക്കേണ്ടി വരും. എന്നാല്‍ 15 മാസത്തേക്കുള്ള ഇഖാമ കാലാവധി ആയിരിക്കും ലഭ്യമാകുക.
ഫെബ്രുവരി 25നും മാര്‍ച്ച് 20നും ഇടയില്‍ ഉപയോഗിക്കാത്ത, സഊദിയിലുള്ളവരുടെ റീ എന്‍ട്രി വിസയും നീട്ടി നല്‍കുമെന്നും ജവാസാത്ത് അറിയിച്ചു.
തൊഴിലാളിക്ക് ഫൈനല്‍ എക്‌സിറ്റ് അടിക്കുകയും ഇഖാമ മാര്‍ച്ച് 18 മുതല്‍ ജൂണ്‍ 30 വരെയുള്ള സമയപരിധിയില്‍ അവസാനിക്കുന്നതുമായാല്‍ തൊഴിലുടമക്ക് നേരത്തെയടിച്ച ഫൈനല്‍ എക്‌സിറ്റ് മുഖീം, അബ്ശിര്‍ സിസ്റ്റം വഴി കാന്‍സല്‍ ചെയ്യാവുന്നതാണ്. ജൂണ്‍ 30 വരെ അവരുടെ ഇഖാമ നീട്ടിനല്‍കുന്നതിനാലാണിത്. ഗ്രേസ് പിരിയഡ് കഴിയുന്നതിന് മുന്‍പ് പിന്നീട് എക്‌സിറ്റ് അടിച്ചാല്‍ മതി. ഇഖാമ ജൂണ്‍ 30 നപ്പുറം കാലാവധിയുള്ളതാണെങ്കില്‍ തൊഴിലുടമക്ക് ആവശ്യമെങ്കില്‍ കാന്‍സല്‍ ചെയ്യാവുന്നതാണ്.
സഊദിയിലുള്ള റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റിലുള്ളവരോട് അത് കാന്‍സല്‍ ചെയ്യണമെന്നും കാലാവധി അവസാനിച്ചാല്‍ ഫൈന്‍ നല്‍കേണ്ടിവരുമെന്നും കഴിഞ്ഞ ചൊവ്വാഴ്ച ജവാസാത്ത് അറിയിച്ചിരുന്നു. അതിനിടെയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് വന്നത്.
അതേസമയം, ഇപ്പോള്‍ നാട്ടിലുള്ളവരുടെ കാലാവധി കഴിഞ്ഞ റീ എന്‍ട്രിയെയും ഇഖാമയെയും കുറിച്ച് പിന്നീട് അറിയിക്കുമെന്നും ജവാസാത്ത് ചോദ്യത്തിനുത്തരമായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."