'അരക്കിലോ'യുടെ വളര്‍ച്ചയില്‍ നിന്ന് ആരോഗ്യവാനായി അയാന്‍ സ്‌കൂളിലേക്ക്
കൊച്ചി: ജനിക്കുമ്പോള്‍ തൂക്കം അരക്കിലോ മാത്രം, അവയവങ്ങളൊന്നും പൂര്‍ണമായി രൂപപ്പെട്ടിട്ടില്ല.കണ്ണിന്റെ ഭാഗത്ത് വെറും പീലികള്‍ മാത്രം. മൂക്കിനു പകരം ഒരു ചെറിയ തടിപ്പ്, ചെവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മൂന്നര വര്‍ഷം മുന്‍പുള്ള കുഞ്ഞ് അയാന്റെ അവസ്ഥ ഇങ്ങനെ. ഈ പരിമിതികള്‍ മറികടന്ന് മെഡിക്കല്‍ സയന്‍സിന്റെ വിരല്‍തുമ്പ് പിടിച്ച് അയാന്‍ വളര്‍ന്നു; ഇന്ന് ആരോഗ്യവാനായി കളിക്കൂട്ടുകാരിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ചുമിടുക്കന്‍.
ഓട്ടോ റിക്ഷാഡ്രൈവറായ ശിഹാബിന്റെയും ഷീബയുടെയും മൂന്നാമത്തെ മകനായി 2014 നവംബര്‍ 10നാണ് അയാന്‍ ജനിക്കുന്നത്. ഷീബയുടെ ഉയര്‍ന്ന രക്ത സമ്മര്‍ദം, ഗര്‍ഭകാല പ്രമേഹം, ഫൈബ്രോയിഡ്,ഗര്‍ഭപാത്രത്തിലെ തകരാറ് എന്നിവകാരണം ആറ് മാസം കഴിഞ്ഞപ്പോള്‍ എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. മറുപിള്ളയില്‍ നിന്നുള്ള രക്തയോട്ടം കുറഞ്ഞ് അപകടാവസ്ഥയിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ അമ്മയുടെയെങ്കിലും ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ജനിച്ചയുടനെ ശ്വാസതടസം നേരിട്ട കുഞ്ഞിനെ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിന്നീടിങ്ങോട്ട് പരീക്ഷണകാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. കുഞ്ഞിന്റെ ശ്വാസോച്ഛ്വാസം സാധാരണരീതിയിലേക്ക് കൊണ്ടുവരുന്നതിനായി നവജാത ശിശുക്കള്‍ക്കുള്ള വെന്റിലേറ്റര്‍, ഇന്‍കുബേറ്റര്‍, ബബ്ബിള്‍ സിപാപ് മെഷീന്‍, ഡവലപ്‌മെന്റല്‍ സപ്പോര്‍ട്ടീവ് കെയര്‍, ന്യൂട്രിഷന്‍ തെറാപ്പി തുടങ്ങി എല്ലാവിധ നൂതന ചികിത്സാസംവിധാനങ്ങളോടുകൂടി നവജാത ശിശുക്കളുടെ ഐ.സി.യുവിലായിരുന്നു പിന്നീട് രണ്ടുമാസക്കാലം.വീട്ടിലെത്തിയപ്പോഴാകട്ടെ അണുബാധ തടയണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.തുടര്‍ന്ന് ഷീബയും കുഞ്ഞും പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ ഒരു വര്‍ഷക്കാലം കഴിഞ്ഞു. പരീക്ഷണകാലഘട്ടം തരണംചെയ്ത് ഇന്ന് സഹോദരി തന്‍ഹാ ഫാത്തിമയുടെ കൈപിടിച്ച് അയാനും പുതിയകാവ് ഗവ.ഹൈസ്‌കൂളിലേക്ക് പോകും.എല്‍.കെ.ജിയിലാണ് അയാന്‍ പ്രവേശനം നേടിയിരിക്കുന്നത്. പൂര്‍ണ ആരോഗ്യവാനായാണ് അയാന്‍ സ്‌കൂളില്‍ പോകുന്നതെന്ന് കുട്ടിയെ തുടക്കം മുതല്‍ ചികിത്സിച്ച ഡോ. റോജോ ജോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൂര്‍ദ്ദ് ആശുപത്രി ഡയരക്ടര്‍ ഫാ. ഷൈജു അഗസ്റ്റിന്‍ തോപ്പില്‍, അയാന്റെ പിതാവ് ശിഹാബ്, മാതാവ് ഷീബ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."