നഗരത്തില്‍ അശാസ്ത്രീയ ഡിവൈഡറുകള്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു
ആലപ്പുഴ: അപകടകരമായ രീതിയില്‍ ഗതാഗതം നിയന്ത്രിക്കരുതെന്ന ആവശ്യത്തിനു പുല്ലുവില. റോഡിന്റെ നടുവില്‍ സ്ഥാപിച്ച പരസ്യം പതിച്ച അശാസ്ത്രീയ ഡിവൈഡറുകള്‍ വാഹനമിടിച്ച് തകരുന്ന കാഴ്ച നഗരത്തില്‍ പതിവായി. ഉപയോഗശൂന്യമായ അവ റോഡിന്റെ വക്കില്‍ മറ്റൊരു തടസമായി വച്ചിരിക്കുകയാണ്. കണ്ണില്‍പ്പെടാത്ത ഇരുമ്പു ഡിവൈഡറുകളില്‍ വാഹനമിടിക്കുമെന്നും അതുതെറിച്ച് പരുക്കേല്‍ക്കുമെന്നും അവ സ്ഥാപിച്ചപ്പോള്‍ തന്നെ പലരും ചൂണ്ടിക്കാണിച്ചിരുന്നതാണ്. ജില്ലാ കോടതി പാലം ജങ്ഷനുകളിലാണ് ബോര്‍ഡിലിടിച്ചുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുന്നത്.
പട്ടണത്തിലെ അശാസ്ത്രീയമായ ഗതാഗത നിരോധനം മൂന്നു മാസമാകുമ്പോഴും നിയന്ത്രണം എല്ലാം റോഡില്‍ അപ്പപ്പോള്‍ നില്‍ക്കുന്ന പൊലിസുകാരുടെ മനസില്‍ തോന്നിയതുപോലെയാണ്.
ഇതുവരെ ഡ്രൈവര്‍മാര്‍ക്കു സഹായകമായി മുന്നറിയിപ്പു, സൂചനാ ബോര്‍ഡുകളൊന്നു പോലും സ്ഥാപിച്ചിട്ടില്ല. തുടക്കത്തിലെന്നപോലെ തന്നെ അപകടകരമായി ഇരുമ്പു പരസ്യബോര്‍ഡുകള്‍ വച്ചും ചരടു കുറുകെ വലിച്ചുകെട്ടിയുമാണ് റോഡിലെ വേര്‍തിരിവുകള്‍ ഇപ്പോഴുമുള്ളത്. ബോര്‍ഡിലിടിച്ചും ചരടില്‍ കുരുങ്ങിയും ദിവസേനയുണ്ടാകുന്ന അപകടങ്ങള്‍ നിരോധനം പ്രഖ്യാപിച്ചു ഓഫിസിലിരിക്കുന്നവര്‍ അറിയുന്നതേയില്ലെന്നുവേണം കരുതാന്‍. ഡിവൈഡറുകളുടെ കാലുകള്‍ ഒടിഞ്ഞതിനാലും ഷീറ്റ് പറിഞ്ഞതിനാലും അവ വച്ചതിന്റെ അടുത്ത ദിവസം മുതല്‍ തന്നെ കയറിട്ടു കെട്ടിയും കല്ലുവച്ചുമാണ് നേരെ നിര്‍ത്തിയിരുന്നത്. റോഡിനു സമാന്തരമായി നടുവില്‍ വച്ചിരിക്കുന്ന വീതികുറഞ്ഞ ബോര്‍ഡുകള്‍ പകല്‍ പോലും അടുത്തെത്തിയാല്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെടുക.
നിമിഷനേരത്തിനുള്ളില്‍ ബോര്‍ഡില്‍ ഇടിച്ചുകഴിയും. രാത്രിയില്‍ തിരിച്ചറിയാന്‍ മുന്നറിയിപ്പു ബോര്‍ഡുകളോ റിഫ്‌ളക്ടറുകളോ ഇല്ല. ബോര്‍ഡിന്റെ പുറത്തോട്ടു തള്ളി നില്‍ക്കുന്ന കാലുകളില്‍ ഉടക്കി ഇരുചക്രവാഹനയാത്രക്കാരും അപകടത്തില്‍പ്പെടുന്നതു പതിവാണ് .ജില്ലാ കോടതി പാലം ജങ്ഷനുകള്‍ പാതി തകര്‍ന്ന പരസ്യബോര്‍ഡുകള്‍ ഇനിയുമുണ്ട്. ഗതാഗത നിരോധനം നടപ്പിലാക്കിയ ജനുവരി നാലിന് ജില്ലാ കോടതി പാലത്തിനു കുറുകെ വച്ചിരുന്ന ബോര്‍ഡ് ഏതാനും ദിവസത്തിനകം അപ്രത്യക്ഷമായിരുന്നു. ഏഴാം ആഴ്ചയിലാണ് എസ്.ഡി.വി ഗേള്‍സ് സ്‌കൂളിനു മുന്നില്‍ പരസ്യബോര്‍ഡുകള്‍ കൊണ്ടുവച്ചത്. പുന്നമട റോഡില്‍ ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ട്.
ഗതാഗതം തടസപ്പെടുത്തി പാലത്തിന്റെ ഇറക്കങ്ങളില്‍ റോഡിനു നടുവില്‍ വച്ചിരിക്കുന്ന ബോര്‍ഡുകളോടു ചേര്‍ന്നു ബസുകള്‍ നിര്‍ത്തി ആള്‍ക്കാരെ കയറ്റിയിറക്കുന്നതു കൂടുതല്‍ കുരുക്കുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയെങ്കിലും അധികൃതര്‍ ഇതിനെതിരേ നടപടിയെടുക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."