കല്ലുമലയിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റണമെന്ന് ആവശ്യപ്പെടും - ആര്‍. രാജേഷ് എം.എല്‍.എ
മാവേലിക്കര: കല്ലുമല തെക്കേ ജങ്ഷനില്‍ ആരാധനലായങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപമായി പ്രവര്‍ത്തനം തുടങ്ങിയ ബിവറേജസ് മദ്യ വില്‍പ്പന ശാല അടിയന്തിരമായി മാറ്റണമെന്ന് എക്‌സൈസ് മന്ത്രിയോട് ആവശ്യപ്പെടുമെന്ന് ആര്‍. രാജേഷ് എം.എല്‍.എ പറഞ്ഞു.
മദ്യശാല മാറ്റണമെന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നുദിവസമായി ആക്ഷന്‍ കൗണ്‍സിലും മദ്യവിരുദ്ധ ജനകീയ മുന്നണിയും നടത്തുന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സമരം ന്യായമാണ്. അതിനാല്‍ ജനവികാരം മാനിച്ച് ജനവാസ കേന്ദ്രമായ കല്ലുമലയില്‍ നിന്നും മദ്യ ശാല മാറ്റാന്‍ വേണ്ട പരിശ്രമങ്ങള്‍ നടത്തും. ഇതിനായി എക്‌സൈസ് മന്ത്രി, ബിവറേജസ് എം.ഡി എന്നിവര്‍ക്ക് ഉടന്‍ നിവേദനം നല്‍കും. കൂടാതെ, സ്റ്റോപ്പ് മെമ്മോ നല്‍കുന്നത് സംബന്ധിച്ച് തഴക്കര പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടുമെന്നും സമരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും എം.എല്‍.എ അറിയിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മാത്യുജോണ്‍ പ്ലാക്കോട്ട് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ ഫാ. റ്റി.ജെ ആന്റണി, ഫാ. ചെറിയാന്‍ പണിക്കര്‍, നൗഷാദ് മാങ്കാംകുഴി, ഫാ. പി.കെ വര്‍ഗീസ്, ഫാ. മാത്യുസ് കുഴിവിള, എസ് അയ്യപ്പന്‍പിള്ള,ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസ്, പ്രൊഫ. സൈമണ്‍ തരകന്‍ ആന്നിയില്‍, ഓമനക്കുട്ടന്‍, മിനി.എസ് പ്രസംഗിച്ചു. ഞായറാഴ്ച തുറക്കാന്‍ ശ്രമിച്ച മദ്യവില്‍പ്പനശാല ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു ദിവസമായി അടഞ്ഞുകിടക്കുകയാണ്. ഔട്ട്‌ലെറ്റ് മാറ്റുന്നതുവരെ സമരം ശക്തമായി തുടരാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെയും മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെയും തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."