കൊല്ലത്തെ കൊവിഡ് രോഗി എത്തിയ ആശുപത്രികളും ലാബും അധികൃതര്‍ പൂട്ടിച്ചു-രോഗിയുടെ റൂട്ട് മാപ്പ് കാണാം
കൊല്ലം: ജില്ലയിലെ രോഗബാധിതനൊപ്പം വിമാനത്തില്‍ വന്നവരുടെ പട്ടിക ജില്ലാ ഭരണകൂടം പുറത്തിറക്കി. ഇവരില്‍ 25 പേര്‍ കൊല്ലം ജില്ലക്കാരാണ്. ഇവരേയും കുടുംബാംഗങ്ങളേയും വീട്ടില്‍ നിരീക്ഷണത്തിലാക്കും. രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു ലാബും ആരോഗ്യവകുപ്പ് പൂട്ടി. ഇവിടങ്ങളിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച രോഗിയെയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ് ബന്ധുക്കളെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പതിനെട്ടാം തിയതി ദുബായില്‍ നിന്നും വന്ന ഇയാള്‍ കെ.എസ്.ആര്‍.ടി.സി ബസിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. അഞ്ചാലുംമൂട്ടിലെ പി.എന്‍.എന്‍.എം ക്ലിനിക്കിലും രോഗി പോയിരുന്നു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും സ്വകാര്യ ക്ലിനിക്ക് താല്‍ക്കാലികമായി അടക്കുമെന്നും കലക്ടര്‍ അറിയിച്ചു.
എമിറേറ്റ്‌സ് വിമാനത്തില്‍ പതിനെട്ടിന് പുലര്‍ച്ചെ മൂന്നുമണിക്കാണ് കൊല്ലം സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്നും ഓട്ടോറിക്ഷയില്‍ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍. കെ.എസ്.ആര്‍.ടി.സി ബസില്‍ കൊല്ലത്തിറങ്ങി ചായ കുടിച്ചശേഷം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോയി.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അന്നുതന്നെ വൈകുന്നേരം അഞ്ചാലുംമൂട്ടിലെ പിഎന്‍എന്‍ ആശുപത്രിയില്‍ ചികിത്സ തേടി. 19ന് ദേവീ ക്ലിനിക്കിലും ചികിത്സ തേടി. ഓട്ടോറിക്ഷയില്‍ എത്തി അതേ ഓട്ടോറിക്ഷയില്‍ മടങ്ങുകയാണ് ചെയ്തത്. 23നും 24നും തൃക്കരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും ചികിത്സ തേടി. 25ന് വീണ്ടും പിഎന്‍എന്‍ ആശുപത്രിയില്‍ എത്തുകയും ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് സ്രവം എടുക്കുന്നതിനായി കൊണ്ടുപോവുകയുമായിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധിതനെയും കുടുംബത്തെയും പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.തൃക്കരുവ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എല്ലാ ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. മറ്റ് രണ്ട് ആശുപത്രിയികളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും, ആശുപത്രി താത്കാലികമായി അടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിതന്റെ വിശദമായ റൂട്ട് മാപ്പും രോഗിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാരായ 24 കൊല്ലം സ്വദേശികളുടെ വിവരങ്ങളും പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."