HOME
DETAILS
MAL
ബദര്‍: മഹത്വവും സന്ദേശവും
backup
May 31 2018 | 20:05 PM
റമദാന്‍ നന്മക്ക് മേല്‍ തിന്മയെ അതിജയിച്ച മാസമാണ്. പരിശുദ്ധ ഖുര്‍ആന്‍ 'യൗമുല്‍ ഫുര്‍ഖാന്‍' എന്ന് വിശേഷിപ്പിച്ച ദിനമാണ് റമദാനിലെ പതിനേഴാം ദിനം. പതിമൂന്ന് വര്‍ഷം ഒരു സമൂഹം അനുഭവിച്ച യാതനകളും പീഡനങ്ങളും സത്യത്തിനും നീതിക്കും വേണ്ടിയായിരുന്നു എന്ന് ബദര്‍ വ്യക്തമാക്കിത്തരുന്നുണ്ട്. പ്രവാചകന്‍ (സ്വ)ക്ക് എതിരെ നടന്ന മാനസിക പീഡനങ്ങള്‍ക്ക് പുറമെ അനുയായികള്‍ക്കും ബാധിക്കുന്ന തരത്തില്‍ സാമ്പത്തിക ഉപരോധവും രാഷ്ട്രീയ വിലക്കുകളും വന്നപ്പോള്‍ അതിനെതിരേ പ്രതിരോധമാണ് അല്ലാഹുവിന്റെ സമ്മതപ്രകാരം യുദ്ധത്തിലേക്ക് എത്തിയത്.
മനസില്‍ നന്മയും ആത്മാര്‍ഥതയും ഉറച്ച ദൈവവിശ്വാസവുമുള്ളവര്‍ക്കുള്ളതാണ് വിജയം. ലോകത്തെ വന്‍ ശക്തിയായിരുന്ന റോമന്‍ സാമ്രാജ്യത്തോട് സ്വഹാബത്ത് യുദ്ധത്തിനൊരുങ്ങിയപ്പോള്‍ ഖൈഖലാന്‍ എന്ന റോമന്‍ സൈന്യാധിപന്‍ ഒരു ദൂതനെ അയക്കുന്നുണ്ട്. സ്വഹാബാക്കളെ കുറിച്ച് പഠിക്കാന്‍ ദൂതന്‍ വന്ന് പറഞ്ഞത് അവര്‍ രാത്രിയില്‍ പ്രാര്‍ഥന നടത്തുന്നവരും പകലില്‍ അവര്‍ യോദ്ധാക്കളുമാണെന്നായിരുന്നു. ഇത് കേട്ട സൈന്യാധിപന്‍ ആ സ്വഹാബത്തിന് മുമ്പില്‍ ആയുധംവച്ച് കീഴടങ്ങിയത് ചരിത്രം.
ലോകത്ത് നടന്ന വിജയങ്ങള്‍ക്കെല്ലാം പിന്നില്‍ പ്രാര്‍ഥനയുടെ സ്വാധീനം ചെറുതല്ലെന്ന് ഇന്ന് നാം ആരവത്തോടെ മനസിലാക്കണം. അല്ലാഹുവേ ഈ 313 പരാജയപ്പെട്ടാല്‍ ലോകത്ത് നിന്നെ ആരാധിക്കാന്‍ ആളുണ്ടാവില്ലെന്ന പ്രവാചക പ്രാര്‍ഥന ഇന്നും നാം നിലകൊള്ളുന്ന ദീനിന്റെ തണലാണ്.
ബദര്‍ വേളയില്‍ ഇറങ്ങിയ ഖുര്‍ആന്‍ സൂക്തം പ്രസക്തമാണ്. നിങ്ങള്‍ അനുസരിക്കുന്നത് അല്ലാഹുവിനെയും റസൂലിനെയുമാണെങ്കില്‍ നിങ്ങള്‍ പരസ്പരം കലഹിക്കാതെ ഒരുമിച്ച് നില്‍ക്കുമെങ്കില്‍ ഭയക്കേണ്ടതില്ല. പ്രതീക്ഷിച്ചോളൂ നിങ്ങളുടെ കൂടെ അല്ലാഹു ഉണ്ട് എന്നാണ്.
ഖുറൈശിപ്പട ബദ്‌രീങ്ങളുടെ വിശ്വാസ ദൃഢതയ്ക്കു മുന്‍പില്‍ തകര്‍ന്നടിഞ്ഞു. ശത്രുപക്ഷത്തു നിന്ന് എഴുപതു പേര്‍ വധിക്കപ്പെടുകയും എഴുപതു പേര്‍ തടവിലാക്കപ്പെടുകയും ചെയ്തു. തടവിലാക്കപ്പെട്ടവരോട് നബി കരീം(സ) മാതൃകാപരമായാണ് പെരുമാറിയത്. പട്ടിണി കിടക്കുന്ന തടവുകാര്‍ക്ക് സ്വഹാബികള്‍ തങ്ങളുടെ പക്കലുണ്ടായിരുന്ന ഗോതമ്പ് കൊണ്ട് ഭക്ഷണമൊരുക്കി.ശത്രുക്കളുടെ പതാക ചുമന്ന അബൂ അസീസ് പറയുന്നു: ബദര്‍ യുദ്ധത്തില്‍ മുസ്‌ലിംകളുടെ എതിര്‍പക്ഷത്തായിരുന്നു ഞാന്‍. യുദ്ധത്തില്‍ മുസ്‌ലിംകള്‍ വിജയിച്ചപ്പോള്‍ ഞാന്‍ തടവുകാരില്‍ ഒരാളായിരുന്നു. എന്നെ തടവിലെടുത്ത ഒരു അന്‍സാരിയുടെ വീട്ടിലായിരുന്നു ഞാന്‍ അന്തിയുറങ്ങിയത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന മുന്തിയ ഭക്ഷണമായ റൊട്ടി എനിക്ക് നല്‍കി അദ്ദേഹം ഈത്തപ്പഴം ഭക്ഷിക്കുമായിരുന്നു. തടവുകാരോട് മുസ്‌ലിംകള്‍ കാണിച്ച മാതൃകയുടെ അനുപമമായ സാക്ഷ്യമാണിത്. യുദ്ധക്കൊതിയോ വ്യക്തിവൈരാഗ്യമോ ഇവിടെ കാണാന്‍ കഴിയില്ല. തടവുകാരില്‍ ചിലര്‍ക്ക് നല്‍കപ്പെട്ട ജോലി നിരക്ഷരര്‍ക്ക് എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതായിരുന്നു.
ബദറുമായി ബന്ധപ്പെട്ട് ഇന്നേറെ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. ഇസ്‌ലാമിക ഹിംസയുടെ ആരംഭമായിരുന്നു ബദര്‍ എന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ബദറിലും ഉഹദിലും പിന്നീടുണ്ടായ യുദ്ധങ്ങളിലൊക്കെയും നബി (സ്വ) സ്വീകരച്ച നിലപാടുകളും തടവുകാരോടും ശത്രുക്കളോടും ചെയ്ത പ്രതികരണത്തിന്റെ ശൈലിയും നമുക്ക് പാഠമാണ്. മുസ്‌ലിം ന്യൂനപക്ഷമായപ്പോഴും ഭൂരിപക്ഷമായപ്പോഴും സഹോദര മനസ്‌കരെ പരിഗണിക്കാനും മാനുഷികതയിലധിഷ്ടിതമായി നിലകൊള്ളാനുമാണ് നമ്മെ പഠിപ്പിച്ചത്. ഇസ്‌ലാം യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ല. അത് ഇസ്‌ലാമിന്റെ സ്വഭാവവുമല്ല.
ബദര്‍ ഇസ്‌ലാമിക ലോകത്തെ സജീവമാക്കി. മുസ്‌ലിംകള്‍ക്ക് ആത്മവിശ്വാസം നല്‍കി. ബദറില്‍ പങ്കെടുത്ത സ്വഹാബികള്‍ക്ക് ഉന്നതമായ സ്ഥാനമാണ് അല്ലാഹു നല്‍കിയത്. പാരമ്പര്യമായി മുസ്‌ലിം സമൂഹം അവരെ ആദരിച്ചു പോരുന്നു. ബദരീങ്ങളുടെ പേര് ചൊല്ലി തവസ്സുല്‍ ചെയ്ത് പ്രാര്‍ഥിക്കുന്നതില്‍ പുണ്യം കണ്ടെത്തുന്നു. ബദര്‍ മൗലിദ് പള്ളികളിലും വീടുകളിലും സജീവമായി പാരായണം ചെയ്തു വരുന്നു.
ബദ്ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)യെ കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: 'ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍' (സ്വഹീഹുല്‍ ബുഖാരി 41496. നമ്പര്‍ 3779).
ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ഠരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍(അ) അറിയിച്ചു.
വാനലോകത്തും, ഭൂമിയിലും ബദര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.
ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ പുതുക്കുന്ന മജ്‌ലിസുന്നൂര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളുടെ നിര്‍ദേശപ്രകാരം ഇന്ന് വ്യാപകമായിട്ടുണ്ട്. പഴയകാലത്തേക്ക് ഒരുതിരിച്ച് പോക്കിന് ആഹ്വനം ചെയ്യുകയാണ് മജ്‌ലിസുന്നൂര്‍ സദസ്സുകള്‍. ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മജ്‌ലിസുന്നൂറിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപ്പാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളിലും സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്ക് എന്തു മാത്രം പോരിശകള്‍ അതെല്ലാം അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍. ഇന്നത്തെ തലമുറ അതെല്ലാം മജലിസുന്നൂറിലൂടെ സ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് സന്തോഷിപ്പിക്കാന്‍ കാരണമാകുന്നു.
ബദ്‌രീങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാതെ അവരെ അവമതിക്കുന്ന കക്ഷികള്‍ ഇന്നും നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ നാം അവഗണിക്കുക. മുന്‍ഗാമികളെ ആദരിച്ച്, അവര്‍ കാണിച്ചു തന്ന പാതയില്‍ ജീവിതം നയിക്കാനും പരിശ്രമിക്കുക.
(സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന. സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."