HOME
DETAILS
MAL
മൂന്നുദിവസം ഭക്ഷണമില്ലാതെ 150 കിലോമീറ്ററോളം അലഞ്ഞ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു
backup
March 28 2020 | 12:03 PM
വെഞ്ഞാറമൂട്: 15 വര്‍ഷത്തിനുശേഷം ഭാര്യയെയും മക്കളെയും അമ്മയെയും തെരഞ്ഞ് മൂന്നു ദിവസം നടന്നു തീര്‍ത്തത് 150 കിലോമീറ്ററോളം ദൂരം. അവസാനം അടുത്ത ബന്ധുക്കളെ കണ്ടെത്തിയെങ്കിലും കൊവിഡ് ഭീതിയില്‍ ഇവരാരും സ്വീകരിച്ചില്ല. അവിടെ നിന്ന് ഇറങ്ങിനടന്ന് റോഡരികില്‍ തളര്‍ന്നു വീണ കണ്ണൂരില്‍ നിന്നെത്തിയ മധ്യവയസ്‌ക്കന് തുണയായത് മിമിക്രി കലാകാരന്‍ ബിനുവെന്ന യുവാവ്. ഇന്നലെ വെഞ്ഞാറമൂട് പിരപ്പന്‍കോട് പാലവിളയില്‍ ഉച്ചക്ക് മൂന്നു മണിയോടെ യാണ് സംഭവം.കല്ലറ പഴവിള സ്വദേശി ശ്രീകുമാറാ (51)ണ് റോഡരികില്‍ തളര്‍ന്നു വീണത്. 15 വര്‍ഷം മുന്‍പ് കല്ലറയില്‍ നിന്നും മാതാവിനെയും ഭാര്യയെയും കുട്ടികളെയും വിട്ടു ശ്രീകുമാര്‍ കണ്ണൂരിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാള്‍ തിരികെ വന്നിട്ടില്ല. കണ്ണൂരില്‍ അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പം മുറിയെടുത്തു താമസിച്ചിരുന്ന ഇയാളെ കൊറോണ ഭീതിയെ തുടര്‍ന്നു കണ്ണൂരിലെ താമസ സ്ഥലത്തുനിന്നും ഉടമ പറഞ്ഞു വിട്ടു.
അവിടെ നില്‍ക്കാന്‍ കഴിയാതെ ട്രെയിന്‍ കയറി 25നു രാവിലെ തിരുവനന്തപുരത്തിറങ്ങിയപ്പോള്‍ രാജ്യം ലോക്ക് ഡൗണ്‍ ആയിരുന്നു. ഇതോടെ വാഹനം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ തമ്പാനൂരില്‍ നിന്ന് കല്ലറയിലേക്ക് നടന്നു. കല്ലറയില്‍ എത്തി അലഞ്ഞു തിരിഞ്ഞു അവസാനം തന്റെ ബന്ധു വീടുകള്‍ തിരിച്ചറിഞ്ഞു. അവിടെ എത്തിയപ്പോള്‍ കൊവിഡ് ഭീതിയിലായിരുന്ന അവര്‍ ഇയാളെ വീട്ടില്‍ കയറ്റാനോ സമ്പര്‍ക്കം പുലര്‍ത്താനോ തയാറായില്ല.
അവിടെ നിന്നും ഭാര്യയും മക്കളും നാഗരൂരില്‍ ഉണ്ടെന്നറിഞ്ഞു അങ്ങോട്ടുനടന്നു. പിറ്റേ ദിവസം നാഗരൂരില്‍ എത്തിയെങ്കിലും വീട് കണ്ടെത്താന്‍ കഴിയാതെ മടങ്ങി. വര്‍ഷങ്ങള്‍ക്കു മുന്‍പ് പോത്തന്‍കോട് ശാന്തിഗിരിയില്‍ ജോലി ചെയ്ത ഓര്‍മയില്‍ അവിടെ എത്തിയെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു. വീണ്ടും അമ്മയെ കണ്ടെത്താനുള്ള ശ്രമവുമായി ഇന്നലെ രാവിലെ നടന്നു വാമനപുരത്തെത്തി. അവസാനം കണ്ടെത്താനാകാതെ ഇയാള്‍ തമ്പാനൂരിലേക്ക് നടക്കുന്നതിനിടയിലാണ് പിരപ്പന്‍കോട് പാലവിളയില്‍ തളര്‍ന്നു വീണത്. ഉറ്റവരെ കണ്ടെത്താന്‍ മൂന്നു ദിവസമായി ഇയാള്‍ നടന്നതാകട്ടെ 150 കിലോമീറ്ററോളം ദൂരം. റോഡില്‍ ഒരാള്‍ കിടക്കുന്നതു കണ്ടു വാഹനത്തില്‍ വന്ന സമീപവാസിയായ മിമിക്രി കലാകാരന്‍ ബിനു കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നറിഞ്ഞതോടെ ബിനു വീട്ടില്‍നിന്ന് ഭക്ഷണമെത്തിച്ചുനല്‍കി. മാധ്യമ പ്രവര്‍ത്തകരെയും പൊലിസിനെയും വിവരമറിയിക്കുകയും ചെയ്തു. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ വെഞ്ഞാറമൂട് പൊലിസ് ആരോഗ്യ വിഭാഗം പ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞും ഇവര്‍ എത്തിയില്ല. തുടര്‍ന്നു മാധ്യമ പ്രവര്‍ത്തകര്‍ ഡി.കെ മുരളി എം. എല്‍.എയെ വിവരം അറിയിക്കുകയും എം.എല്‍.എ അറിയിച്ചതനുസരിച്ചു ആരോഗ്യ പ്രവര്‍ത്തകരെത്തി പ്രാഥമിക പരിശോധന നടത്തി.
ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ഇയാളെ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."