മ്യൂസിയത്തില്‍ മോഷണം; 100 കിലോയുടെ സ്വര്‍ണനാണയം അടിച്ചുമാറ്റിയത് ഉന്തുവണ്ടിയില്‍
ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനിലുള്ള മ്യൂസിയത്തില്‍ നിന്നും 100 കിലോയുടെ സ്വര്‍ണനാണയം മോഷണം പോയി. ഒരു കയറിന്റെയും ഉന്തുവണ്ടിയുടേയും സഹായത്താലാണ് കോടികള്‍ മതിക്കുന്ന സ്വര്‍ണനാണയവുമായി കള്ളന്മാര്‍ കടന്നുകളഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണനാണയമാണിത്.
തിങ്കളാഴ്ച്ച രാവിലെ മ്യൂസിയത്തിന്റെ മൂന്നാം നിലയില്‍ ഉള്ള സുരക്ഷാജീവനക്കാരുടെ മുറിയുടെ ജനാല വഴിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സെക്യൂരിറ്റി അലാറവും സിസിടിവി ക്യാമറകളും പ്രവര്‍ത്തന രഹിതമാക്കിയ ശേഷമായിരുന്നു മോഷണം.
നാണയം സൂക്ഷിച്ചിരുന്ന മുറിയില്‍ എത്തിയ ശേഷം ബുള്ളറ്റ് പ്രൂഫ് അലമാര തകര്‍ത്ത് നാണയം എടുക്കുകയായിരുന്നു. തുടര്‍ന്ന് വന്ന വഴിയിലൂടെ കയര്‍ ഉപയോഗിച്ച് നാണയത്തെ പുറത്തെത്തിച്ചു.
എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിരിയ്ക്കുന്ന 'ബിഗ് മപ്പിള്‍ ലീഫ്' എന്ന നാണയത്തിന് 53 സെന്റീമീറ്റര്‍ വ്യാസവും 3 സെന്റീമീറ്റര്‍ കനവും ഉണ്ട്. ഏതാണ്ട് 30 കോടി രൂപയാണ് ഇതിന്റെ മുല്യമായി കണക്കാക്കുന്നത്.
21 ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മോഷണങ്ങളിലൊന്നായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള മ്യൂസിയത്തില്‍ നിന്നാണ് നാണയം മോഷ്ടിക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."