സിദാന്‍ പടിയിറങ്ങി
മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ ഒന്നാകെ അമ്പരപ്പിച്ച് സിനദിന്‍ സിദാന്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞു. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക എന്ന ചൊല്ല് അന്വര്‍ഥമാക്കിയാണ് സിദാന്റെ പടിയിറക്കം. റയലിനെ ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സിദാന്റെ രാജി.
''വളരെ കടുപ്പമേറിയ ഒരു നിമിഷമാണിത്. എനിക്കും ക്ലബിനും ഇതാണ് പിരിയാനുള്ള സമയം. പരിശീലകനായി തുടരുമ്പോള്‍ വിജയം നിലനിര്‍ത്തുക എന്നത് സമ്മര്‍ദമുണ്ടാക്കുന്ന കാര്യമാണ്. ഡ്രസിങ് റൂമില്‍ പുതിയ ചലനങ്ങള്‍ക്ക് സമയമായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്ലബിനൊപ്പം തുടരുന്നു. പുതിയ ശബ്ദം, പുതിയ രീതികള്‍ എല്ലാം ടീം ഇനി പരിചയപ്പെടണം. അതുകൊണ്ടാണ് ഞാന്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. റയലിനെ ഞാനേറെ ഇഷ്ടപ്പെടുന്നു. കളിക്കാനും പരിശീലകനാകാനും ഈ മഹത്തായ ടീം അവസരം തന്നു. അതിന് നന്ദി പറയുന്നു. ഇന്ന് എനിക്കും ടീമിനും ഒരു മാറ്റം വേണം എന്ന് തോന്നി''.- വിരമിക്കല്‍ തീരുമാനം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സിദാന്‍ വ്യക്തമാക്കി.
2016ല്‍ റാഫേല്‍ ബെനിറ്റസിനെ പുറത്താക്കിയാണ് റയല്‍ മുന്‍ താരം കൂടിയായ സിദാനെ പരിശീലകനായി നിയമിച്ചത്. റയലിന്റെ യൂത്ത് ടീം കോച്ചായിരിക്കേയാണ് സീനിയര്‍ ടീമിലേക്ക് സിദാന്‍ എത്തുന്നത്. മൂന്ന് വര്‍ഷം കൊണ്ട് ഒന്‍പത് കിരീടങ്ങള്‍ റയലിന്റെ ഷോക്കേസിലെത്തിച്ചാണ് വിഖ്യാത ടീമിന്റെ പടിയിറങ്ങാന്‍ സിദാന്‍ തീരുമാനിച്ചത്. ഹാട്രിക്ക് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളെന്ന സമാനതകളില്ലാത്ത നേട്ടവും ഇക്കൂട്ടത്തിലുണ്ട്.
149 മത്സരങ്ങളിലാണ് സിദാന്‍ ടീമിനെ ഇറക്കിയത്. ഇതില്‍ 104 മത്സരങ്ങളും വിജയിച്ചു. 29 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ 16 എണ്ണത്തില്‍ മാത്രമേ ടീം പരാജയപ്പെട്ടുള്ളു. റയലിനൊപ്പം ഒരു ലാ ലിഗ കിരീടം ഒരു സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് വട്ടം യുവേഫ ചാംപ്യന്‍സ് ലീഗ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ എന്നിവയാണ് കിരീട നേട്ടങ്ങള്‍. പരിശീലക സ്ഥാനമേറ്റെടുത്ത ആദ്യ സീസണില്‍ ലാ ലിഗ, ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ ടീമിന് സമ്മാനിച്ച് 59 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ക്ലബിനെ ഇരട്ട നേട്ടത്തിലെത്തിച്ചാണ് സിദാന്‍ തുടക്കം ഗംഭീരമാക്കിയത്.
ഈ സീസണില്‍ ലാ ലിഗയില്‍ ടീമിന് തിരിച്ചടികള്‍ നേരിട്ടപ്പോള്‍ ഇതിഹാസ താരത്തിന്റെ പരിശീലക സ്ഥാനത്തിന് ഇളക്കം വന്നിരുന്നു. എന്നാല്‍ ശക്തരായ എതിരാളികളെ തകര്‍ത്ത് ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലാദ്യമായി ഒരു ടീം ഹാട്രിക്ക് കിരീടം നേടുകയെന്ന അനുപമ റെക്കോര്‍ഡിലേക്ക് ടീമിനെ തന്ത്രങ്ങളിലൂടെ നയിക്കാന്‍ സാധിച്ചതോടെ സിദാന്‍ ടീമില്‍ തുടരുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ധാരണ തെറ്റിച്ചാണ് സിദാന്‍ രാജി പ്രഖ്യാപിച്ചത്. ഭാവിയില്‍ ഏത് ടീമിനെ പരിശീലിപ്പിക്കുമെന്ന് 45കാരനായ മുന്‍ ഫ്രഞ്ച് നായകന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും ഇനി വരാന്‍ പോകുന്ന റയല്‍ കോച്ചിന് ഭാരിച്ച വെല്ലുവിളിയാണ് മുന്നിലുള്ളത്. കാരണം യൂറോപ്യന്‍ പോരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി റയല്‍ പുലര്‍ത്തുന്ന ആധിപത്യം നിലനിര്‍ത്തുക എന്നതാണ് അവരെ കാത്തിരിക്കുന്നത്. കേവലം മൂന്ന് വര്‍ഷം കൊണ്ട് സിദാന്‍ റയല്‍ ടീമില്‍ ഉണ്ടാക്കിയെടുത്ത പരിശീലക ഇംപാക്ടിനെ അവിസ്മരണീയം എന്നുതന്നെ വിശേഷിപ്പിക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."