അഖ്‌സയിലെ ഗാര്‍ഡുകളുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് ഗ്രാന്റ് മുഫ്തി
ഖുദ്‌സ്: മസ്ജിദുല്‍ അഖ്‌സയിലെ ഗാര്‍ഡുകളുടെ അറസ്റ്റ് അംഗീകരിക്കാനാവില്ലെന്ന് ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈന്‍.
അറസ്റ്റിലൂടെ 1967ലെ അധിനിവേശത്തിന് മുമ്പ് മസ്ജിദുല്‍ അഖ്‌സയില്‍ നിലനിന്നിരുന്ന അവസ്ഥക്ക് മാറ്റം വരുത്താനാണ് അധിനിവേശ ഇസ്രാഈല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഖുദ്‌സിലും ഫലസ്തീന്‍ പ്രദേശങ്ങളിലും അവര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ക്കാവശ്യമായ അന്തരീക്ഷം ഒരുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മസ്ജിദുല്‍ അഖ്‌സയിലെ ഗാര്‍ഡുകള്‍ക്ക് നേരെയുണ്ടായ അക്രമ സംഭവങ്ങള്‍ അതിന്റെ ഭാഗമായിട്ടാണ്. ഗാര്‍ഡുകളെ ഭയപ്പെടുത്തുകയും മസ്ജിദിന്റെ കാവല്‍ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കലുമാണ് അതിന്റെ ഉദ്ദേശ്യമെന്നും അദ്ദേഹം അല്‍ജസീറ ചാനലിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയിലെ രണ്ട് ഗാര്‍ഡുകളെ മര്‍ദിച്ചിരുന്നു. അതിന് ഒരു ദിവസം മുമ്പ് ഇസ്രാഈല്‍ പുരാവസ്തു വിദഗ്ദന്‍ മര്‍വാനി നിസ്‌കാര ഹാളില്‍ നിന്നും കല്ലുകള്‍ എടുക്കുന്നത് തടഞ്ഞതിന്റെ പേരില്‍ 11 ഗാര്‍ഡുകളെ ഇസ്രഈല്‍ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
'മസ്ജിദുല്‍ അഖ്‌സ മുസ്‌ലിങ്ങളുടെ മാത്രം വിശുദ്ധ സ്ഥലമാണ്. മറ്റാര്‍ക്കും അതില്‍ പങ്കാളിത്തമോ അവകാശമോ ഇല്ല. അധിനിവേശം ഇല്ലാതാവുക തന്നെ ചെയ്യും. കാരണം എല്ലാ ദൈവിക നിയമങ്ങള്‍ക്കും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമാണത്.' എന്നും മുഫ്തി പറഞ്ഞു.
മസ്ജിദുല്‍ അഖ്‌സയില്‍ നടക്കുന്ന അറ്റകുറ്റപണികളും പരിഷ്‌കരണങ്ങളും ഇസ്‌ലാമിക് ഔഖാഫിന്റെ പദ്ധതിയനുസരിച്ചാണെന്നും ഇസ്രഈല്‍ ഭരണകൂടത്തിനോ പുരാവസ്തു വകുപ്പിനോ അതില്‍ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."