വീട്ടുകാര്‍ അറിയാതെ വിവാഹം; പിന്തുടര്ന്ന് എത്തിയ ബന്ധുക്കള്‍ തമ്മില്‍ സംഘര്‍ഷം
കാട്ടാക്കട: വീട്ടുകാര്‍ അറിയാതെ സബ് രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹിതരായ നവദമ്പതികളെ പിന്തുടര്ന്നെത്തിയ ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. മലയിന്‍കീഴ് സ്വദേശികളാണ് നവദമ്പതികള്‍. വീട്ടുകാരും ബന്ധുക്കളും തമ്മില്‍ ചേരിതിരിഞ്ഞ് സംഘട്ടനം നടക്കുന്നത് അറിഞ്ഞെത്തിയ മലയിന്‍കീഴ് പൊലിസ് ആയുധങ്ങളുമായി മൂന്നു യുവാക്കളെ കസ്റ്റഡിയിലെടുത്തു.
ഒറ്റശേഖരമംഗലം, പേരെക്കൊണം തോലുപ്പുറം റോഡരികത്ത് വീട്ടില്‍ വി. വിജിത് (23), പേരെക്കൊണം മയിലാടും മേലെ പുത്തന്‍വീട്ടില്‍ എന്‍. രാഹുല്‍ (24), കീഴാറൂര്‍, കുറ്റിയാനിക്കാട് മണ്ണുക്കാല പുത്തന്‍വീട്ടില്‍ എസ്. സതീഷ് (26) എന്നിവരെയാണ് മലയിന്‍കീഴ് എസ്.ഐ കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രജിസ്റ്റര്‍ വിവാഹിതരായ യുവതിയുടെയും യുവാവിന്റെയും രക്ഷിതാക്കള്‍ മലയിന്‍കീഴ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് ഇരുവരെയും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. രേഖകള്‍ സഹിതം എത്തിയ നവദമ്പതികളെ പോലീസ് വരന്റെ വീട്ടിലേക്ക് പോകാന്‍ നിര്‍ദേശിച്ചു.
ഈ സമയം വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ മലയിന്‍കീഴ് ജങ്ഷന് സമീപം ബി.എസ്.എന്‍.എല്‍ ഓഫിസിനടുത്ത് സംഘടിച്ച് വാക്കേറ്റവും കയ്യാങ്കളിയും നടത്തുന്നതായി സ്റ്റേഷനില്‍ വിവരം ലഭിച്ചു. ഇരുകൂട്ടരെയും വിരട്ടിയോടിച്ച പൊലിസ് സംശയാസ്പദമായി കണ്ട മൂന്നുയുവാക്കളെ പിടികൂടിയപ്പോഴാണ് വെട്ടുകത്തി,
കഠാര, കമ്പിപ്പാര എന്നിവ ഷര്‍ട്ടിനടിയില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. വരന് സുരക്ഷയൊരുക്കാന്‍ വന്നതെന്നാണ് ഇവര്‍ പൊലിസിനോട് പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."