ആരും എത്താത്ത ബോണക്കാട് സ്‌കൂള്‍: കാഴ്ചക്കാരായി ഹെഡ്മാസ്റ്ററും പ്യൂണും
കാട്ടാക്കട: ഇവിടെ കൊടി തോരണങ്ങളില്ല, പ്രവേശനോത്സവവുമില്ല. ആരും പഠിക്കാന്‍ എത്താത്ത ബോണക്കാട് സ്‌കൂളില്‍ കാഴ്ചക്കാരായി ഹെഡ്മാസ്റ്ററും പ്യൂണും മാത്രം. അരുവിക്കര മണ്ഡലത്തിലെ ബോണക്കാട് തേയില തോട്ടത്തിലെ യു.പി സ്‌കൂളാണ് കുട്ടികള്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നത്. ഇക്കുറി ആരും പ്രവേശനത്തിന് എത്തിയില്ല. കഴിഞ്ഞ തവണ തന്നെ ആകെ ഉണ്ടായിരുന്ന രണ്ടു കുട്ടികള്‍ ടി.സി വാങ്ങിച്ച് പോയതോടെ ഹെഡ് മാസ്റ്റര്‍ സുരേന്ദ്രന്‍കാണി കഴിഞ്ഞ കുറെ ദിവസങ്ങളായി വിദ്യാര്‍ഥികളെ കാത്തിരിക്കുകയാണ്.
എന്നാല്‍ ആരു പഠിക്കാന്‍ എത്തിയില്ല. രാജഭരണകാലത്ത് ഇവിടെ കാട് വെട്ടി തെളിച്ച് തേയിലതോട്ടമുണ്ടാക്കി. ബോണ്‍ അക്കാര്‍ഡ് എന്ന് പേരില്‍ അറിയപ്പെടുന്ന ബ്രിട്ടീഷുകാരനാണ് തോട്ടമുടമ. അവിടെ ജോലി ചെയ്യാന്‍ നിര്‍ബന്ധപൂര്‍വം ജോലിക്കാരെ നിയമിച്ചു. തേയില വിളവെടുത്തു. ലാഭവും നേടി. പിന്നെ ജനാധിപത്യം വന്നു. തോട്ടമുടമ തോട്ടം മുംബൈ ആസ്ഥാനമാക്കിയ മഹാവീര്‍ പ്ലാന്റേഷന് വിറ്റു. അവര്‍ എത്തി ഇവിടെ കുട്ടികള്‍ക്കായി സ്‌കൂളും നിര്‍മിച്ചു. അതാണ് പിന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത ബോണക്കാട് യു.പി സ്‌കൂള്‍.
തോട്ടം അടച്ചു പൂട്ടി. പട്ടിണി മരണം ഇവിടെ പിടിമുറുക്കി. 2001 ല്‍ ഇവിടെ പട്ടിണി മൂലം നിരവധി പേര്‍ മരിച്ചു. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞ തോട്ടം തുറന്നില്ല. തുടര്‍ന്നാണ് നിവാസികളും തൊഴിലാളികളും ആശ്രയിക്കുന്ന സ്‌കൂളിന് ശാപം കിട്ടിയത്. ഈ സാഹചര്യത്തിലാണ് ബോണക്കാട് സ്‌കൂളില്‍ കുട്ടികളെ നിലനിര്‍ത്താന്‍ പഞ്ചായത്ത ്തല യോഗം വിളിച്ചു. രക്ഷകര്‍ത്താക്കളുമായി പലതവണ ചര്‍ച്ച നടത്തി. ആര്‍ക്കും കുട്ടികളെ അയക്കാന്‍ താല്‍പര്യമില്ല. കുറെ ദിവസം ഹെഡ്മാസ്റ്റര്‍ ലായങ്ങള്‍ തേടി നടന്നു.
പക്ഷേ എത്താമെന്ന് പറഞ്ഞവര്‍ എത്തിയില്ല. തൊഴിലാളികള്‍ക്ക് ജോലി ഇല്ലാത്തതിനാല്‍ ഇവിടെ പട്ടിണിയാണ്. ഇവിടുള്ളവര്‍ രാവിലെ തന്നെ പുറം നാട്ടിലെത്തും. എന്തെങ്കിലും ജോലി ചെയ്യാന്‍. കൂട്ടത്തില്‍ കുട്ടികലെ കൂടെ കൊണ്ടുപോകും. രാത്രിയില്‍ തിരികെ വരുമ്പോള്‍ അവരെ കൂടെ കൂട്ടും പിന്നെ പഠിക്കാന്‍ എവിടെ നേരം. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പ് മുട്ടുകയാണ് ഈ സ്‌കൂള്‍.
ആവശ്യത്തിന് ഫണ്ട് അനുവദിക്കാന്‍ അധികൃതര്‍ക്കും താല്‍പര്യമില്ല. ഇതോടെ കുട്ടികള്‍ മറ്റ് സ്‌കൂളുകള്‍ തേടി പോകുകയാണ്. സര്‍ക്കാര്‍ സ്‌കൂള്‍ ആയതിനാല്‍ ആകെയുള്ള ഒരു അധ്യാപകന്‍ വന്നുപോകുന്നുവെന്ന് മാത്രം.
പിന്നെ ഇലക്ഷനില്‍ മല്‍സരിക്കുന്നവര്‍ക്ക് ഒരു കാര്യത്തില്‍ ആശ്വാസമുണ്ട്. ഇതൊരു പോളിങ് സ്റ്റേഷനാണ്. ഇവിടെ വന്ന് വോട്ട് ചെയ്യാന്‍ അവസരം താമസക്കാര്‍ക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."