അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് പാസ് നല്‍കും
കൊട്ടാരക്കര (കൊല്ലം): കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് കേരള ചരക്ക് നീക്കം സുഗമമാക്കാന്‍ കേരള, തമിഴ്നാട് പൊലിസ് സംയുക്ത യോഗത്തില്‍ തീരുമാനം. കൊല്ലം ജില്ലാ പൊലിസ് മേധാവിയുടെ അധ്യക്ഷതയില്‍ കുറ്റാലത്ത് നടന്ന യോഗത്തിലാണ് തീരുമാനമായത്.
അതിര്‍ത്തിവഴി അവശ്യസാധനങ്ങളുമായി വരുന്ന ചരക്ക് വണ്ടികള്‍ക്ക് പൊലിസ് പാസുകള്‍ നല്‍കും. ഈ പാസുകളുമായി തമിഴ്നാട്ടിലൂടെ സഞ്ചരിക്കാന്‍ തമിഴ്നാട് പൊലിസ് അനുമതി നല്‍കും. ഈ പാസുകളിലുള്ള കേരള, തമിഴ്നാട് പൊലിസ് ഹെല്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് ഏത് അടിയന്തിര സാഹചര്യങ്ങളിലും രണ്ട് സംസ്ഥാനങ്ങളിലെയും പൊലിസുമായി ബന്ധപ്പെട്ട് യാത്രാ തടസങ്ങള്‍ നീക്കാനും സാധിക്കും. പാസ് നല്‍കുന്നതിലൂടെ സംസ്ഥാന അതിര്‍ത്തിവഴി അവശ്യ സാധനങ്ങളുമായി വരുന്ന ചരക്ക് വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വഴിയൊരുങ്ങും. കൊവിഡുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും രണ്ട് സംസ്ഥാനങ്ങളും പരസ്പരം സഹകരിച്ച് പരിഹാരം കാണുവാനും തീരുമാനമായതായി കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. യോഗത്തില്‍ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. സഞ്ചയ്കുമാര്‍ ഗുരുഡിന്, തെങ്കാശി ജില്ലാ പൊലിസ് മേധാവി സുഗുണാ സിംഗ്, കൊല്ലം റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. ബി. വിനോദ്, തെങ്കാശി ഡിവൈ.എസ്.പി ഗോകുല്‍ദാസ്, പുനലൂര്‍ ഡിവൈ.എസ്.പി അനില്‍ദാസ്, ചെങ്കോട്ട സി.ഐ സുരേഷ്, തെന്മല എസ്.എച്ച്.ഒ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."