സംസ്ഥാനത്തെ ആദ്യ നീര്‍ത്തട വികസന റിപ്പോര്‍ട്ടുകള്‍ക്ക് അംഗീകാരം: കൊല്ലത്ത് സംരംഭക ക്ലബുകള്‍ രൂപീകരിക്കും
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനിലും സംരംഭക ക്ലബുകള്‍ രൂപീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. പ്രാദേശിക പുരോഗതിക്ക് ഉതകുന്ന രീതിയില്‍ സംരംഭകത്വ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണ് സംരംഭക ക്ലബുകള്‍ വിഭാവനം ചെയ്തിട്ടുള്ളത്.
പ്രാഥമിക പരിശീലനം, വ്യക്തിത്വ വികസന പരിശീലനം തുടങ്ങിയവക്ക് പുറമെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും മാനേജ്‌മെന്റ് വൈദഗ്ധ്യം നേടുന്നതിനും നൂതന സംരംഭങ്ങള്‍ പരിചയപ്പെടുന്നതിനുമുള്ള വേദിയാകും ഈ ക്ലബുകള്‍. വിപണന തന്ത്രങ്ങള്‍, ഉപഭോക്തൃ വ്യവസ്ഥകള്‍, അനുവാദ നടപടിക്രമങ്ങള്‍ എന്നിവ മനസിലാക്കാനും നൈപുണ്യ വികസനസംരംഭകത്വവികസന സ്ഥാപനങ്ങളെ പരിചയപ്പെടാനും സാങ്കേതിക ഉപദേശം ലഭ്യമാക്കാനും ഈ സംവിധാനം ഉപകരിക്കും.
സംരംഭക ക്ലബുകളുടെ തുടര്‍ച്ചയായി ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എന്റര്‍പ്രൈസ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ (ഇ.എഫ്.സി) തുടങ്ങും. മൂന്നാംഘട്ടം ജില്ലാ വ്യവസായ കേന്ദ്രത്തിലെ പരിശീലന പരിപാടിയാണ്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതത്തില്‍നിന്ന് ഇതിനായി തുക നീക്കിവയ്ക്കണമെന്ന് ആസൂത്രണ സമിതി നിര്‍ദേശിച്ചു. ജൂണ്‍ 16നകം സംരംഭക ക്ലബുകള്‍ കൂടി ഉള്‍പ്പെടുത്തി വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യണം.
എട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അന്തിമമാക്കല്‍ നടപടി ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ചു. ഹരിത കേരളം മിഷന്റെ ഭാഗമായി തയാറാക്കിയ കൊല്ലം കോര്‍പറേഷന്റെയും പരവൂര്‍ മുനിസിപ്പാലിറ്റിയുടെയും നീര്‍ത്തട അധിഷ്ഠിത വികസന റിപ്പോര്‍ട്ടിനും സമിതി അംഗീകാരം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് നീര്‍ത്തട അധിഷ്ഠിത വികസന റിപ്പോര്‍ട്ട് തയാറാക്കുന്നത്. ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സംയോജിത പ്രൊജക്ടുകളുടെ പദ്ധതി റിപ്പോര്‍ട്ടുകള്‍ക്കും യോഗത്തില്‍ അംഗീകാകാരമായി.
ആസൂത്രണ സമിതിയുടെ റിപ്പോര്‍ട്ടുകളും നിര്‍ദേശങ്ങളും മറ്റും പ്രസീദ്ധീകരിക്കുന്നതിന് വെബ്‌സൈറ്റ് ആരംഭിക്കുന്നതിന് യോഗം തീരുമാനിച്ചു. ആസൂത്രണ സമിതി അധ്യക്ഷ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധമണി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ എ. ഷാജി, മറ്റ് അംഗങ്ങള്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."