നിര്‍മാതാവിനെ ആക്രമിച്ച കേസില്‍ 14 പേര്‍ മകസ്റ്റഡിയില്‍
കൊച്ചി: ജയറാം നായകനായ ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നിര്‍മാതാവിനെയും പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും ആക്രമിച്ച സംഭവത്തില്‍ 14 പേര്‍ പൊലിസ് കസ്റ്റഡിയില്‍. പ്രമുഖ നിര്‍മാതാവ് വര്‍ണചിത്രാ സുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷാ, ഹോട്ടല്‍ സുരക്ഷാ ജീവനക്കാരന്‍ പ്രകാശന്‍ എന്നിവരെയാണു ഗുണ്ടാസംഘം തിങ്കളാഴ്ച രാത്രി ആക്രമിച്ചത്. തമ്മനം ഇടശേരി മാന്‍ഷന്‍ ഹോട്ടലില്‍ വച്ചായിരുന്നു ആക്രമണം. മുഖ്യപ്രതി സനീഷിനു വേണ്ടിയുളള തെരച്ചില്‍ തുടരുകയാണ്.
രാത്രി ഒന്‍പതരയോടെയാണു ഹോട്ടലിലെ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തി ഹോട്ടലിലേക്കു പ്രവേശിക്കുന്നതിനിടെ സുബൈറിനെ നോ പാര്‍ക്കിങ് ബോര്‍ഡ് ഉപയോഗിച്ച് ഗുണ്ടാസംഘം തലക്കടിച്ചുവീഴ്ത്തിയത്. സമീപത്ത് ഫോണ്‍ ചെയ്യുകയായിരുന്നു ബാദുഷയെയും ഇവര്‍ ആക്രമിച്ചു. ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന്‍ പ്രകാശനും സാരമായി പരുക്കേറ്റിരുന്നു. തമ്മനത്തുള്ള പതിനഞ്ചോളം പേരാണ് ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് മൂന്നോടെ ഹോട്ടലിലെത്തിയ സംഘം മദ്യപിക്കുകയും ഹോട്ടല്‍ ജീവനക്കാരുമായി വഴക്കിടുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴിനു സിനിമ പ്രവര്‍ത്തകരുമായും ഇവര്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.
തലയ്ക്കും വലതു ചെവിക്കും പരുക്കേറ്റ സുബൈറും തലക്ക് മാരകമായി ക്ഷതമേറ്റ സുരക്ഷാ ജീവനക്കാരനും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബാദുഷയുടെ പരുക്ക് സാരമുളളതല്ല. സംഘം ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സുബൈര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആസൂത്രിത ആക്രമണമായിരുന്നില്ലെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം.
അപ്പാ എന്ന ചിത്രത്തിന്റെ മലയാളം റീമേക്കായ ആകാശമിഠായിയുടെ ചിത്രീകരണം ഇടശേരി മാന്‍ഷനില്‍ കുറച്ച് ദിവസമായി നടക്കുകയാണ്. ജയറാം, ഇനിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയാണുചിത്രീകരണം. സംഭവം അറിഞ്ഞയുടന്‍ നടന്‍ ജയറാമും രണ്‍ജി പണിക്കരും മെഡിക്കല്‍ ട്രസ്റ്റിലെത്തി സുബൈറിനെയും കൂടെയുള്ളവരെയും സന്ദര്‍ശിച്ചിരുന്നു.
ലഹരി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പാലേരി മാണിക്യം, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, തിരക്കഥ, മിസ്റ്റര്‍ മരുമകന്‍ എന്നീ സിനിമകളുടെ നിര്‍മാതാവും മീശമാധവന്റെ സഹനിര്‍മാതാവുമാണ് സുബൈര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."