സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തില്‍ അവ്യക്തത
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ കാലയളവില്‍ അവ്യക്തത തുടരുന്നു.
ഒരു വര്‍ഷത്തെ മൊറട്ടോറിയമെന്ന് ആദ്യം പ്രഖ്യാപിക്കുകയും റിസര്‍വ് ബാങ്കിന്റെ ഉത്തരവിനു ശേഷം അത് മൂന്നു മാസമാക്കിക്കൊണ്ട് മന്ത്രിയുടെ പത്രക്കുറിപ്പും വന്നതോടെയാണ് അവ്യക്തത ഉണ്ടായത്. എന്നാല്‍ സഹകരണ ബാങ്കുകളിലെ വായ്പകള്‍ക്കുള്ള മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഉത്തരവൊന്നും ഇറക്കാത്തതിനാല്‍ ഇതിലുള്ള അവ്യക്തത അവസാനിച്ചിട്ടുമില്ല.
സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് 2020 ജനുവരി 31 വരെ കൃത്യമായി തിരിച്ചടച്ചവര്‍ക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയമാണ് ആദ്യം പ്രഖ്യാപിച്ചത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രഖ്യാപനം. തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും പറഞ്ഞിരുന്നു. ബാങ്കേഴ്‌സ് സമിതി തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ ഉത്തരവിറങ്ങുക എന്നുമാണ് പറഞ്ഞിരുന്നത്. പക്ഷേ റിസര്‍വ് ബാങ്കിന്റെ തീരുമാനം വന്നതോടെ ഒരു വര്‍ഷ കാലയളവിന്റെ കാര്യത്തില്‍ മാറ്റം വരികയായിരുന്നു. വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് മൂന്നു മാസത്തെ അവധിയാണ് റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാരും നിലപാട് മാറ്റുകയായിരുന്നു.
ബാങ്കേഴ് സമിതി യോഗം കൈക്കൊണ്ട തീരുമാനത്തിന് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ തീരുമാനമെന്നു പറയുന്നു. എന്നിരുന്നാലും സഹകരണ ബാങ്കുകള്‍ക്ക് പ്രത്യേകിച്ച് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള ഒരു ഉത്തരവും ഇതുവരെ ഇറക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."