എക്‌സൈസ് പീഡിപ്പിക്കുന്നെന്ന് മധ്യവയസ്‌കന്റെ പരാതി
തലശ്ശേരി: വടകര എക്‌സൈസ് സംഘം തന്നെ നിരന്തരമായി പീഡിപ്പിക്കുന്നെന്ന് മധ്യവയസ്‌കന്‍ പരാതിപ്പെട്ടു. കൂത്തുപറമ്പ് മൂര്യാട് സ്വദേശി മുഹമ്മദ് ശാഫി തങ്ങളാണ് (65) വടകര എക്‌സൈസ് ഓഫിസിലെ ജീവനക്കാര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഹൃദ്രോഗിയായ തന്നെ കഞ്ചാവ് കേസിലെ പ്രതിയായി രണ്ടുതവണ ജയിലിലടച്ചെന്ന് അദ്ദേഹം പറഞ്ഞു.
അജ്മീര്‍ ദര്‍ഗയിലെത്തുന്ന തീര്‍ഥാടകരുടെ സഹായിയായി ജോലിചെയ്യുകയാണു മുഹമ്മദ് ശാഫി തങ്ങള്‍. 2014 ജനുവരിയില്‍ താന്‍ അജ്മീറിലായ സമയത്ത് വടകര എക്‌സൈസ് സംഘം വീട്ടില്‍ റെയ്ഡ് നടത്തി. ഭാര്യയും മക്കളും മാത്രമുള്ളപ്പോള്‍ വീട്ടിലെത്തിയ സംഘം മേശയില്‍ സൂക്ഷിച്ച 4500 രൂപയും പിഞ്ചുകുട്ടിയുടെ മുക്കാല്‍ പവന്‍ സ്വര്‍ണ ബ്രേസ്‌ലെറ്റും എടുത്തുകൊണ്ടുപോയി. തന്റെ ഫോട്ടോ തലശ്ശേരി, വടകര എക്‌സൈസ് ഓഫിസുകളില്‍ പ്രദര്‍ശിപ്പിച്ച് ലഹരി മരുന്ന് വില്‍പനക്കാരെ കാട്ടി ഇയാളെ പരിചയമുണ്ടോയെന്നു ചോദിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെയടക്കം കുടുംബത്തെയും അപമാനിച്ചതായും മുഹമ്മദ് ശാഫി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
വീട്ടിലെ റെയ്ഡ് വിവരമറിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ 2014 ഫെബ്രുവരിയില്‍ വടകര എക്‌സൈസ് മഫ്തിയിലെത്തി തന്നെ കൂത്തുപറമ്പ് മൂര്യാട് നിന്ന് പിടിച്ചുകൊണ്ടുപോയി മടപ്പള്ളി ഗവ. കോളജിനു സമീപം ഒരുകിലോ കഞ്ചാവുമായി പിടികൂടിയെന്നു രേഖയുണ്ടാക്കി കോടതിയില്‍ ഹാജരാക്കി. രണ്ടുമാസം കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തനിക്ക് എക്‌സൈസ് സംഘത്തില്‍ നിന്ന് ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നെന്നും ഇയാള്‍ പരാതിപ്പെട്ടു. കേസില്‍ രണ്ടുവര്‍ഷം തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു. വിധിക്കെതിരേ അപ്പീല്‍ നല്‍കിയതായും മുഹമ്മദ് ശാഫി തങ്ങള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."