അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ യന്ത്രങ്ങള്‍ കട്ടപ്പുറത്ത്
അന്തിക്കാട്: കൊയ്ത്തു യന്ത്രമന്വേഷിച്ച് കര്‍ഷകര്‍ നെട്ടോട്ടമോടുമ്പോള്‍ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ കോമ്പൗണ്ടില്‍ 10 യന്ത്രങ്ങള്‍ കട്ടപ്പുറത്ത്. യഥാസമയം കേടുപാടുകള്‍ തീര്‍ക്കാന്‍ അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ലക്ഷക്കണക്കിനു രൂപയുടെ കൊയ്ത്തു യന്ത്രങ്ങള്‍ നശിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനമായ അരിമ്പൂരിലെ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ വളപ്പിലാണ് അധികൃതരുടെ അനാസ്ഥ മൂലം കൊയ്ത്തു യന്ത്രങ്ങള്‍ കേടായിക്കിടക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം കോള്‍ പാടങ്ങളിലും കൊയ്ത്തു തുടങ്ങിയ സമയമാണിത്. പല പാടങ്ങളിലും കൊയ്ത്തു യന്ത്രങ്ങള്‍ക്കു ക്ഷാമം നേരിടുന്നുണ്ട്.
500 ഏക്കറില്‍ വിളവെടുപ്പു നടത്താന്‍ രണ്ടു കൊയ്ത്തു യന്ത്രങ്ങള്‍ മാത്രം എത്തിയ നിരവധി പാടങ്ങളുണ്ട്.
വിവിധ കോള്‍ പാടങ്ങളിള്‍ നിന്ന് വിളവെടുപ്പിനു യന്ത്രങ്ങള്‍ ആവശ്യപ്പെട്ട് കര്‍ഷകര്‍ അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ കേടുപാടുകള്‍ തീര്‍ത്ത് യന്ത്രങ്ങള്‍ നല്‍കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. നിസ്സാര തകരാറുമായി കട്ടപ്പുറത്തിരിക്കുന്ന യന്ത്രങ്ങള്‍ നന്നാക്കാന്‍ അധികൃതര്‍ തയാറാകാത്തത് സ്വകാര്യ കൊയ്ത്തു യന്ത്ര ഉടമകളെ സഹായിക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കൃഷി മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."