ഉരുള്‍പൊട്ടല്‍: എം.എല്‍.എമാര്‍ സ്ഥലം സന്ദര്‍ശിച്ചു
ആലക്കോട്: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ആലക്കോട് മേഖലയിലെ പ്രദേശങ്ങള്‍ എം.എല്‍.എമാരായ കെ.സി ജോസഫ്, ടി.വി രാജേഷ്, ജയിംസ് മാത്യു എന്നിവര്‍ സന്ദര്‍ശിച്ചു.
രാവിലെ 11 മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം കെ.സി ജോസഫ് എം.എല്‍.എ എത്തിയത്. ഫര്‍ലോങ്കരയിലെ നടുവിലേടത്ത് പ്രിയ, തോയന്‍ ബാലന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. തുടര്‍ന്ന് വൈതല്‍ കുണ്ട്, നെല്ലിക്കുന്ന്, നൂലിട്ടാമല, കുടിയാന്മല തുടങ്ങിയ പ്രദേശങ്ങളിലും എം.എല്‍.എ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ ധനസഹായം ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി ഉറപ്പ് നല്‍കിയതായി അദ്ദേഹം അറിയിച്ചു.
ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മോളി കാടംകാവില്‍, കോണ്‍ഗ്രസ് നേതാക്കളായ പി.ടി മാത്യു, ദേവസ്യാച്ചന്‍ പാലപ്പുറം, വര്‍ഗീസ് പയ്യമ്പള്ളി, ജോസ് അള്ളുംപുറം, കേരള കോണ്‍ഗ്രസ് നേതാവ് സജി കുറ്റിയാനിമറ്റം, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോയ് കൊന്നക്കല്‍, സുമിത്ര ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്തംഗം ജെസി ഷിജി കൂടെയുണ്ടായിരുന്നു.
അതിനിടെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായിട്ടും ജില്ലാ ഭരണകൂടം ആവശ്യമായ ഇടപെടലുകള്‍ നടത്തിയില്ലെന്ന ആരോപണവുമായി ടി.വി.രാജേഷ് എം.എല്‍.എ രംഗത്തെത്തി. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തനിവാരണ സേനയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടപ്പിലാക്കേണ്ട സാഹചര്യത്തില്‍ അതില്‍ നിന്നു മാറി നില്‍ക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. ഇത് ഗൗരവമായി കാണേണ്ട കാര്യമാണ്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളിലെ ജനങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തി ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.
ജയിംസ് മാത്യു എം.എല്‍.എ, സി.പി.എം നേതാക്കളായ പി.വി ബാബുരാജ്, കെ.പി സാബു, കെ.ബി ചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."