ജപ്പാന്‍ ജ്വരം; അഴിയൂരില്‍ കൊതുക് നിര്‍മാര്‍ജനത്തിന് സമഗ്ര പദ്ധതി
വടകര: അഴിയൂര്‍ പഞ്ചായത്ത് കൊതുക് നിര്‍മാര്‍ജനത്തിനു സമഗ്ര പദ്ധതി ആവിഷ്‌കരിച്ചു. കൊതുക് നിര്‍മാര്‍ജനവും പരിസര ശുചീകരണവും ഊര്‍ജിതമാക്കാനായി അഴിയൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും പരിസരങ്ങളിലും പ്രത്യേക പരിശോധന നടത്താന്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരുടെ യോഗം തീരുമാനിച്ചു.
അഴിയൂര്‍ വെള്ളച്ചാല്‍ ഭാഗത്ത് ജപ്പാന്‍ ജ്വരം ബാധിച്ച് വീട്ടമ്മ മരിച്ച സാഹചര്യത്തിലാണു പ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റു നടപടികളും കാര്യക്ഷമമാക്കാന്‍ വിളിച്ച യോഗത്തിലാണു തീരുമാനമുണ്ടായത്. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് ഒഴിവാക്കാനും അജൈവ മാലിന്യങ്ങള്‍ കയറ്റിയയക്കാനും തീരുമാനിച്ചു.
വാര്‍ഡുതലത്തില്‍ ആരോഗ്യ സംരക്ഷണത്തിനായി ഓരോ വാര്‍ഡുകള്‍ക്കും 10,000 രൂപവീതം സഹായധനം നല്‍കും. ദേശീയപാതയിലടക്കം രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതു തടയാന്‍ രാത്രികാല പട്രോളിങ് ഊര്‍ജിതമാക്കുമെന്നു ചോമ്പാല്‍ എസ്.ഐ പി.കെ ജിതേഷ് പറഞ്ഞു. ജപ്പാന്‍ ജ്വരം കണ്ടെത്തിയ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി അഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ നസീര്‍ അറിയിച്ചു.
ദേശീയപാതയിലെയും പഞ്ചായത്ത് റോഡുകളിലെയും ഓടകള്‍ കൊതുകു വളര്‍ത്തുകേന്ദ്രങ്ങളായി മാറുന്നതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. ഇതു ശുചീകരിക്കാനുള്ള നടപടിയെടുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ വാര്‍ഡുകളിലും ഫോഗിങ്ങും ബോധവല്‍ക്കരണ പരിപാടിയും നടത്തണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നുവന്നു.
പഞ്ചായത്തിലെ മുഴുവന്‍ വകുപ്പുകളും ഏകോപിപ്പിച്ച് പകര്‍ച്ചവ്യാധികള്‍ തടയാനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് അധ്യക്ഷനായി. റീന രയരോത്ത്, ഉഷ ചാത്തങ്കണ്ടി, പി.എം അശോകന്‍, എം.പി ബാബു, പ്രദീപ് ചോമ്പാല, കെ. അന്‍വര്‍ ഹാജി, സാലിം പുനത്തില്‍, വി.പി ജയന്‍, കെ.സി പ്രമോദ്, ടി. ഷാഹുല്‍ ഹമീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."