പുതിയാപ്പയില്‍ മലേറിയ സ്ഥിരീകരിച്ചു
കോഴിക്കോട്: പുതിയാപ്പയില്‍ ഇന്നലെ ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. ഇതിനു മുന്‍പ് മലേറിയയുടെ വ്യാപനം തടയുന്നതിനായി ശക്തമായ മുന്നൊരുക്കങ്ങളായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ രോഗസ്ഥിരീകരണം വന്നതോടെയാണ് ശുചീകരണ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്.
ഇതിനായി മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഗവ. ഗസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടര്‍ യു.വി ജോസ്, സംസ്ഥാന ആരോഗ്യ ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. രാധാകൃഷ്ണന്‍, കെ.വി ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ നിഷ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ആഴ്ചതോറും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. കൂടാതെ പ്രദേശത്ത് ഫീഡര്‍ ക്ലിനിക്കും രക്തപരിശോധനാ ക്യാംപും പ്രത്യേക മെഡിക്കല്‍ ക്യാംപുകളും നടത്തും.
ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനം നാലിന് ആരംഭിക്കും. ഹാര്‍ബറിലും പരിസരപ്രദേശത്തും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും സജീവമാക്കാനാണു തീരുമാനം. തലക്കുളത്തൂര്‍, പുതിയാപ്പ പി.എച്ച്.സികളിലെ ഡോക്ടര്‍മാര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ്, കണ്ടിന്‍ജന്‍സി ജീവനക്കാര്‍, അരയസമാജം പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."