അറബിക്കടലോരത്തൊരു അപൂര്‍വ പട്ടംപറത്തല്‍
കോഴിക്കോട്: അറബിക്കടലേരത്ത് കടല്‍ക്കാറ്റിന്റെ വീറിനൊത്ത് പെരുംപട്ടം ആകാശത്തേക്കുയര്‍ന്നു. പട്ടക്കയറിന്റെ അറ്റംപിടിച്ച് ന്യൂസിലാന്‍ഡിന്റെ താടിക്കാരന്‍ ജോര്‍ദാന്‍ ബ്രന്റ്, പിന്നെ അമേരിക്കക്കാരി ക്രിസ്റ്റീന ലൂയീസ. കോഴിക്കോട്ട് കടപ്പുറത്ത് ഇന്നലെ നട്ടുച്ചയ്ക്ക് നടന്ന പട്ടംപറത്തല്‍ പരിപാടിയാണ് ശ്രദ്ധേയമായത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എഴുത്തുകാരായിരുന്നു പട്ടക്കയറു പിടിച്ചത്. അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍, ഗ്രീസ്, മെക്‌സികോ, റൊമാനിയ, സ്‌പെയ്ന്‍, സ്വീഡന്‍, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങി 29 രാജ്യങ്ങളിലെ ബ്ലോഗ് എഴുത്തുകാര്‍ ഭീമാകാരമായ പട്ടം ആകാശത്തേക്ക് പറത്തുകയായിരുന്നു.
കേരള വിനോദസഞ്ചാര വകുപ്പിന്റെ അതിഥികളായെത്തിയ ഇവര്‍ക്ക് കടലോര ടൂറിസത്തിന്റെ സാധ്യതകള്‍ ഉന്നംവച്ചാണ് കോഴിക്കോട് കടല്‍തീരത്ത് പട്ടംപറപ്പിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. കേരള ബ്ലോഗ് എക്‌സ്പ്രസിലെ 29 അംഗങ്ങള്‍ക്ക് ഇതിനുള്ള അവസരമൊരുക്കിയത് വണ്‍ ഇന്ത്യാ കൈറ്റ് ടീം. പന്ത്രണ്ടര കിലോവരുന്ന ഭീമാകാരന്‍ സര്‍ക്കിള്‍ കൈറ്റാണ് ഇതിനായി സജ്ജമാക്കിയത്. നല്ല കാറ്റു വേണ്ടതിനാല്‍ ഉച്ച സമയത്തായിരുന്നു പരിപാടി. പാരച്യൂട്ട് മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച 300 സുഷിരങ്ങളുള്ള സര്‍ക്കിള്‍ കൈറ്റ് ആകാശത്തേക്ക് ഉയര്‍ന്നപ്പോള്‍ ബ്‌ളോഗര്‍മാര്‍ പൂഴിപ്പരപ്പില്‍ ആഹ്ലാദാരവം മുഴക്കി.
ഇതിനു പുറമേ കേരള സംസ്‌കാരത്തിന്റെ അടയാളമായ 110 അടി വലിപ്പമുള്ള കഥകളിപ്പട്ടവും വാനിലേക്കുയര്‍ന്നു. ടൂറിസവുമായി ബന്ധപ്പെട്ട ബ്ലോഗുകളെഴുതുന്നവരാണ് വിനോദസഞ്ചാര വകുപ്പിന്റെ അതിഥികളായി എത്തിയിരിക്കുന്നത്. ലോകത്താകമാനമുള്ള 38,000 ബ്ലോഗോകരില്‍ നിന്നാണ് 29 പേരെ തിരഞ്ഞെടുത്തത്. തൃശൂരില്‍ നിന്നു ഇന്നലെ കോഴിക്കോട്ടെത്തിയ ഇവര്‍ വടകയിലെ സര്‍ഗാലയയിലും സന്ദര്‍ശനം നടത്തി. ഇന്ന് വയനാടിന്റെ കുളിര്‍മ അനുഭവിക്കാന്‍ യാത്രയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."