HOME
DETAILS
MAL
കിനാവുകള്‍ തടവിലാക്കപ്പെട്ട താഴ്‌വര
backup
March 28 2020 | 19:03 PM
രാത്ത പ്രയാസങ്ങള്‍ക്കും കലഹങ്ങള്‍ക്കും മധ്യേ ഈ തവണയെങ്കിലും കാര്യങ്ങള്‍ അല്‍പമെങ്കിലും ഭേദമാകുമെന്ന പ്രതീക്ഷയോടെയാണ് കശ്മീരിലെ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ ഓരോ അധ്യയന വര്‍ഷത്തെയും വരവേല്‍ക്കുന്നത്. സൈനിക ബൂട്ടുകളുടെ മുഴക്കം കശ്മീരിന്റെ പൊതുജീവിതത്തിലെന്ന പോലെ പ്രൈമറി തലം മുതല്‍ സര്‍വകലാശാല വരെ ഓരോ കശ്മീരീ വിദ്യാര്‍ഥിക്കും അധിക നെഞ്ചിടിപ്പാണ്. പൊടുന്നനെ വന്നുഭവിക്കുന്ന ദുര്യോഗങ്ങള്‍ നിശ്ചയിച്ചുറപ്പിച്ച ഭാവിതീരുമാനങ്ങളെ എപ്പോഴാണ് കീഴ്‌മേല്‍ മറിക്കുകയെന്ന മുന്‍ധാരണയില്ലാത്തതുകൊണ്ട് ഇവരുടെ ഉള്ളില്‍ ഉത്കണ്ഠകള്‍ തീ കത്തിക്കൊണ്ടേയിരിക്കും. ഒരു അധ്യയന വര്‍ഷം മുഴുവന്‍ അവതാളത്തിലാവാന്‍ ഒരൊറ്റ കര്‍ഫ്യൂ മതിയാവും. തീരാത്ത പാഠങ്ങള്‍, മാറ്റിവയ്ക്കുന്ന പരീക്ഷകള്‍ തുടങ്ങി ഭാവി ജീവിതം കരുതിവച്ചതിനപ്പുറത്തേക്ക് നാമറിയാതെ നീണ്ടുപോവുന്ന ഭവിഷ്യത്തുകളായിരിക്കും ഇത്തരം അപ്രതീക്ഷിത നിരോധനാജ്ഞകളുടെ അനന്തരഫലം. തുടര്‍ന്നങ്ങോട്ട് ക്രമം തെറ്റുന്നത് പ്രത്യാശകളും പ്രതീക്ഷകളും നിറഞ്ഞ അവരുടെ വിദ്യാലയ ജീവിതമായിരിക്കും. ജീവിതത്തെ കൂരിരുട്ടില്‍ തളച്ചിടുന്ന ഇത്തരം നടപടി ക്രമങ്ങള്‍ ഒരു തരം ഭ്രാന്തന്‍ മനസികാവസ്ഥയിലേക്ക് നമ്മെ നയിച്ചേക്കും.
സൈനിക മുള്‍വേലികളില്‍ കുടുങ്ങിയ ജീവിതാഭിലാശങ്ങള്‍ക്കിടയിലേക്ക് ഇനിയുമൊരു നിശ്ചലത കടന്നുവരുന്നത് എപ്പോഴാണെന്ന് നിശ്ചിതമല്ലാത്തത് കൊണ്ട്, ഓരോ വൈകുന്നേരവും ക്ലാസ് അവസാനിപ്പിച്ച് വീടുകളിലേക്ക് തിരിച്ചുപോകുമ്പോള്‍ നാളെ വീണ്ടും ഇതേ ക്ലാസ്മുറിയിലേക്ക് തിരിച്ചുവരാന്‍ കഴിയുമോയെന്ന് ഞങ്ങള്‍ക്ക് യാതൊരുറപ്പുമുണ്ടായിരുന്നില്ല. ഈ ആലോചനകള്‍ വേട്ടയാടിക്കൊണ്ടിരുന്ന ഞങ്ങള്‍ ഓരോ ദിവസവും സ്‌കൂളിലേക്ക് പോയിരുന്നത്, ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഓരോ നിമിഷവും വളരെ വിലപ്പെട്ടതാണെന്ന ബോധ്യത്തോടെയും കരുതലോടെയുമാണ്.
ലോകത്തിന്റെ എല്ലാ കോണിലും അധിവസിക്കുന്ന ഞങ്ങളുടെ സമപ്രായക്കാരെ പോലെ വര്‍ഷത്തില്‍ നിശ്ചിത അധ്യയനം മുഴുവനും സ്‌കൂളില്‍ പോകുന്നവരല്ല ഞങ്ങള്‍, പ്രയാസങ്ങളും പ്രശ്‌നങ്ങളും ഇടതടവില്ലാതെ വിരുന്നുവരുന്ന ഈ താഴ്‌വാരത്തില്‍ ഒരു സ്‌കൂള്‍ അധ്യയനം പൂര്‍ണമായും മറികടക്കല്‍ ഒരു കശ്മീരി വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്. നമുക്ക് 2019 ന്റെ സ്‌കൂള്‍ വര്‍ഷാരംഭത്തിലേക്ക് വരാം. 2019 ലെ പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ പ്രതീക്ഷകളസ്തമിക്കാത്ത ഒരു പന്ത്രണ്ടാം ക്ലാസുകാരിയായിട്ടാണ് ഞാന്‍ വീണ്ടും സ്‌കൂളിലെത്തിയത്.
ഒരിടവേളക്ക് ശേഷം പുതുതായി ഒത്തുചേര്‍ന്ന ഞാനും സുഹൃത്തുക്കളും കളി തമാശകളിലേര്‍പ്പെട്ട് സന്തോഷവാന്മാരായിരുന്നുവെങ്കിലും, പുറത്തെന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ നടന്നാല്‍ ഏതു നിമിഷവും പഠനത്തെ വെട്ടിച്ചുരുക്കാന്‍ അത് മതിയാവുമെന്ന തോന്നല്‍ അതിനിടെ ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ഈ വക കാര്യങ്ങളൊക്കെ ആലോചിച്ച് എന്നെപോലെ ക്ലാസിലെ മറ്റു സുഹൃത്തുക്കളും മാനസികമായി തളര്‍ച്ച നേരിടുന്നവരാണ്.
പക്ഷെ, തമാശകള്‍ക്കിടയില്‍ കയറിവരുന്ന വേദനകളും മാനസിക പിരിമുറുക്കങ്ങളും ഞങ്ങള്‍ സ്വയം ചിരിച്ചു തള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തെ പൂര്‍ണമായും പ്രതിസന്ധിയിലാക്കുന്ന, ഇനിയും വരാനിരിക്കുന്ന കര്‍ഫ്യൂ ബ്രേക്കുകളെക്കുറിച്ച് ഞങ്ങള്‍ വീണ്ടും തമാശകള്‍ മെനഞ്ഞുകൊണ്ടേയിരുന്നു.
പറഞ്ഞതും വെപ്രാളപ്പെട്ടതുമായ കാര്യങ്ങള്‍ പൊടുന്നനെ യാഥാര്‍ഥ്യമാവുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൃത്യമായി പറയുകയാണെങ്കില്‍ ഓഗസ്റ്റ് അഞ്ചിന് ഞങ്ങള്‍ക്ക് ബയോളജി പരീക്ഷയായിരുന്നു. പരീക്ഷയ്ക്ക് വേണ്ടരീതിയില്‍ ഞാന്‍ തയാറെടുക്കുകയും ചെയ്തിട്ടില്ല. പരീക്ഷ നീട്ടിവയ്ക്കാനിടയാക്കുന്ന സാങ്കേതിക തടസങ്ങള്‍ വല്ലതും സംഭവിക്കണമേ എന്ന് തലേദിവസം രാത്രി ഞാന്‍ നിഷ്‌കളങ്കമായി പ്രാര്‍ഥിച്ചുവച്ചു. പരീക്ഷക്ക് മാനസികമായി തെയ്യാറെടുക്കാത്ത ഒരുവളുടെ മാനസിക പിരിമുറുക്കം, അത്രമാത്രം. പക്ഷെ വരും ദിവസങ്ങളില്‍ കശ്മീരിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന നിശ്ചയം വല്ലതും ഉണ്ടായിരുന്നെങ്കില്‍ വരാനുള്ള പരീക്ഷകള്‍ മുഴുവന്‍ അന്നു തന്നെ എഴുതാന്‍ ഞാന്‍ തയ്യാറായേനെ.
തൊട്ടടുത്ത ദിവസം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചു എന്ന വാര്‍ത്ത ഉപ്പയില്‍ നിന്ന് കേട്ടുകൊണ്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ആ ദിവസത്തെ എന്റെ ചിന്ത മുഴുവനും ഇനി ഞങ്ങള്‍ക്ക് സംഭവിക്കാന്‍ പോവുന്നതിനെ കുറിച്ചായിരുന്നു. കശ്മീര്‍ നിവാസികള്‍ ഭാവിയെ കണക്കുകൂട്ടാന്‍ തുടങ്ങി. തൊട്ടടുത്ത ദിവസങ്ങളില്‍ ഓരോരുത്തരായി കശ്മീരിന് വന്നുഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള ആലോചനകളും ചിന്തകളും മുന്നോട്ടുവച്ചു. വരാനുള്ളതിനെപ്പറ്റിയുള്ള ഓരോ ഭാവനകളും മുന്‍പുള്ളതിനേക്കാള്‍ ഭീകരമായിട്ടാണ് എനിക്ക് തോന്നിയത്. ഞങ്ങളുടെ ഈ ബന്ധനത്തെ കുറിച്ച് പുറംലോകത്തെ അറിയിക്കുവാനും ഞങ്ങളുടെ ഭാവിയെക്കുറിച്ച് പുറംലോകവുമായി ചര്‍ച്ച ചെയ്യുവാനും മുന്‍പില്‍ ഒരു മാര്‍ഗവമുണ്ടായിരുന്നില്ല. മുന്‍പില്ലാത്ത വിധം നെറ്റ്‌വര്‍ക്ക് സര്‍വീസും മൊബൈല്‍ ഫോണ്‍ സേവനവും വിച്ഛേദിച്ചായിരുന്നു കശ്മീരൊന്നാകെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
എന്തുതന്നെയായാലും ഈദ് കഴിയുന്നതുവരെ കാത്തിരിക്കാമെന്ന് ഞാന്‍ എന്നെ സ്വയം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. മുസ്‌ലിംകള്‍ ഒന്നടങ്കം പുണ്യ ദിനമായി കണക്കാക്കുന്ന ഈ ആഘോഷ ദിവസത്തോടു കൂടി ഇന്ത്യന്‍ അധീന കശ്മീര്‍ സാധാരണ സ്ഥിതിയിലേക്ക് മടങ്ങിപ്പോകുമെന്ന, നിഷ്‌കളങ്കമായ ചിന്തകളാണ് അങ്ങനെ വിശ്വസിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.
പക്ഷേ എന്റെ വിചാരങ്ങള്‍ വെറും ധാരണ മാത്രമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു പിന്നീടുള്ള ദിനങ്ങള്‍. രാത്രികള്‍ പകലായി, ഈദ് വരികയും പോവുകയും ചെയ്തു. ഭൂമി അതിന്റെ പ്രദക്ഷിണം നിറവേറ്റിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ കാര്യത്തില്‍ മാത്രം യാതൊരു മാറ്റവും വന്നില്ല.
ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ! പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു 17 വയസുള്ള വിദ്യാര്‍ഥിയാവുക എന്നത് ലോകത്തിന്റെ ഏത് ഭാഗത്തും അത്ര എളുപ്പമുള്ള കാര്യമല്ല. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഈ വേളയില്‍ എങ്ങനെ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാം, നല്ലൊരു യൂനിവേഴ്‌സിറ്റിയില്‍ എങ്ങനെ തുടര്‍പഠനം നടത്താം എന്നിങ്ങനെ തുടങ്ങിയ ചിന്തകള്‍ ഒരുതരം കെട്ടിക്കുടുക്കുകളായി ഈ പ്രായത്തിലുള്ള ഏതൊരു വിദ്യാര്‍ഥിയെയും അലട്ടിക്കൊണ്ടിരിക്കും. ജീവിതം വഴിത്തിരിവിലെത്തുന്ന ഈ പ്രായത്തില്‍ കശ്മീരിന്റെ ഒരു താഴ്‌വാരത്ത് പഠനവും സ്വപ്‌നങ്ങളും പാതിവഴിയില്‍ ഉപേക്ഷിച്ച് സ്വന്തം വീട്ടില്‍ ഒരു തടവുകാരിയെപ്പോലെ കഴിയുകയായിരുന്നു ഞാന്‍.
പഠിക്കാന്‍ എനിക്ക് അത്രമേല്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ... നിരന്തരമായുള്ള കര്‍ഫ്യൂകളും ഷട്ട്ഡൗണുകളും അതൊക്കെയും വെറും പാഴ് സ്വപ്‌നങ്ങളാവുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. സ്‌കൂളുകളും ട്യൂഷന്‍ സെന്ററുകളും താഴിട്ട് പൂട്ടി. ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ ഗൂഗിള്‍ പഠനമെന്ന സാധ്യതയും അസ്തമിച്ചു. എന്തിനേറെ, സംശയ നിവാരണത്തിന് അധ്യാപകരുമായോ സഹപാഠികളുമായോ ബന്ധപ്പെടാന്‍ പോലും സാധിച്ചില്ല. സഹപാഠികള്‍ സുരക്ഷിതരാണോ, അവരില്‍ ആരെങ്കിലും കൊല്ലപ്പെട്ടെന്നോ, എത്രപേര്‍ അറസ്റ്റ് ചെയ്യപ്പെട്ടെന്നോ എന്നൊന്നും അറിയാത്ത വെപ്രാള മാനസികാവസ്ഥയായിരുന്നു അപ്പോഴത്തേത്.
എന്റെ കാര്യമോര്‍ത്ത് മാതാപിതാക്കളും നന്നായി ബുദ്ധിമുട്ടിയ സമയമായിരുന്നു. ചുറ്റും നടക്കുന്ന പ്രശ്‌നങ്ങളും എന്റെ ഭാവിയെ കുറിച്ചുള്ള ചിന്തകളും അവരെ അത്രമേല്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഡല്‍ഹിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സഹോദരനെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതും അവരെ മാനസികമായി കൂടുതല്‍ തളര്‍ത്തി. പിന്നീട് പരിശ്രമങ്ങള്‍ക്കൊടുവില്‍ അവനെ ബന്ധപ്പെട്ടപ്പോഴും അവന് പറയാനുണ്ടായിരുന്നതും ഇതേ സമ്മര്‍ദ്ദത്തെയും പരിഭ്രാന്തിയെയും കുറിച്ചാണ്. പ്രിയപ്പെട്ടവര്‍ മരിച്ചെന്നോ, ജീവിച്ചിരിപ്പുണ്ടെന്നോ എന്നൊന്നുമറിയാതെ എങ്ങനെ സ്വസ്ഥമായിരുന്നു പഠിക്കാന്‍ കഴിയുമെന്നാണ് അവന്‍ ചോദിക്കുന്നത്.
ഈ സംഭവങ്ങള്‍ക്ക് ശേഷം, സെപ്റ്റംബര്‍ മാസാവസാനം ഒരു ദിവസം വീടിന്റെ മുന്‍വശത്തെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ജനലിലൂടെ എത്തി നോക്കിയപ്പോള്‍ കണ്ടത് രണ്ട് മാസത്തോളമായി യാതൊരു വിവരവുമില്ലാതിരുന്ന എന്റെ സഹപാഠികളെയാണ്. വിശേഷങ്ങള്‍ പോലും ചോദിക്കാതെ അവര്‍ വന്നകാര്യം പറഞ്ഞു. എന്നോട് പെട്ടെന്ന് തയ്യാറാവാനും, സ്‌കൂളുകളില്‍ ഇന്റേണല്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചെന്നും ഇത് പൊതുപരീക്ഷയുടെ മാര്‍ക്കിലേക്ക് ചേര്‍ക്കുമെന്നും പറഞ്ഞു.
ഇന്റേണല്‍ പരീക്ഷകള്‍ക്ക് ശേഷം മുഴുവന്‍ സ്‌കൂളുകളിലും നവംബറോട് കൂടി പൊതുപരീക്ഷ നടത്താന്‍ കശ്മീര്‍ ബോര്‍ഡ് തീരുമാനിച്ചു, അതുതന്നെ സിലബസില്‍ ഒരിളവും വരുത്താതെ. പാഠഭാഗങ്ങളുടെ 30% ശതമാനം മാത്രം പൂര്‍ത്തിയായ സിലബസിന്റെ ബാക്കിവരുന്ന 70 ശതമാനവും ഞങ്ങള്‍ക്ക് തീരാത്ത പാഠഭാഗങ്ങളാണ്. ക്ലാസ് കിട്ടാത്ത മുഴുവന്‍ സിലബസും സ്വയം പഠിച്ച് നവംബറിലെ എക്‌സാം ഞങ്ങളെഴുതണമത്രെ. ഇതാണ് ബോര്‍ഡിന്റെ തീരുമാനം.
എനിക്ക് വളരെ അധികം ദേഷ്യവും നിരാശയും തോന്നി. കൊണ്ടുപിടിച്ച് തീരുമാനമെടുത്ത ഉദ്യോഗസ്ഥര്‍ ആരായിരുന്നാലും വിദ്യാര്‍ഥികളുടെ പഠനമോ, അവരുടെ ജയപരാജയമോ മുന്നില്‍ കണ്ടല്ല ഇങ്ങനെയൊരു തീരുമാനം. അവരെ സംബന്ധിച്ചിടത്തോളം പരമാവധി വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തുക എന്നതാണ് ലക്ഷ്യം. അങ്ങനെയെങ്കിലേ പരീക്ഷക്കിരുന്ന വിദ്യാര്‍ഥികളുടെ എണ്ണംനിരത്തി കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചുവന്നുവെന്ന് ചാനലുകളിലിരുന്ന് കൊട്ടിഘോഷിക്കുവാന്‍ കഴിയുകയുള്ളൂ.
എന്തുതന്നെ ആയാലും, ഇനിയുള്ള കുറഞ്ഞസമയം കഴിയാവുന്നത് പഠിച്ചു പരീക്ഷയെ നേരിടുക എന്ന ഒരൊറ്റ വഴി മാത്രമേ എന്റെ മുന്‍പിലുണ്ടായിരുന്നുള്ളൂ. അതിനാല്‍ പഠനത്തിന് സ്വസ്ഥമായ ഒരന്തരീക്ഷം തേടി പരീക്ഷയുടെ ഒരു മാസം മുന്നേ ഞാന്‍ എന്റെ ഉമ്മയുടെ വീട്ടിലേക്ക് മാറിത്താമസിച്ചു. സമയക്കുറവുള്ളതിനാല്‍ പല പാഠഭാഗങ്ങളും ഓടിച്ചുപോയതല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.
ആദ്യ ദിവസം പരീക്ഷയ്ക്കുവേണ്ടിയിറങ്ങിയപ്പോള്‍ നിരത്തുകളില്‍ ബസുകളൊന്നും കിട്ടാനുണ്ടായിരുന്നില്ല. എല്ലാവരെയും പോലെ പ്രൈവറ്റ് വാഹനങ്ങളെ ആശ്രയിക്കാന്‍ ഞാനും നിര്‍ബന്ധിതയായി. ശക്തമായ ഗതാഗത തടസം മൂലം സുഹൃത്തുക്കളില്‍ പലര്‍ക്കും കൃത്യസമയത്ത് പരീക്ഷക്കെത്തുവാന്‍ സാധിച്ചില്ല. പരീക്ഷാ ഹാളില്‍ വൈകിയെത്തുന്നവരോട് അധികാരികള്‍ക്ക് ഒരു ദയയും തോന്നിയില്ല എന്നുവേണം പറയാന്‍. സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ്, കൂടുതലായി ഒരു മിനുട്ടു പോലും അവര്‍ ഒരു വിദ്യാര്‍ഥിക്കും ഔദാര്യമായി തന്നില്ല. ഒന്നര മണിക്കൂറ് കൊണ്ട് എക്‌സാം എഴുതിത്തീര്‍ക്കാന്‍ വൈകിയെത്തിയ പലരും നിര്‍ബന്ധിതരായി. പതിവിനു വിപരീതമായി പരീക്ഷ കഴിഞ്ഞ് ഹാളില്‍ നിന്നിറങ്ങുബോള്‍ പ്രതീക്ഷകളറ്റ് പലരുടെയും മുഖം കറുത്തിരുന്നു. ഭരണകൂടത്തിനും അധികാരികള്‍ക്കും കാര്യലാഭമുണ്ടാക്കുന്ന ഇതൊക്കെയും ഞങ്ങളുടെ ഭാവിയെ മാത്രം കവര്‍ന്നെടുക്കുന്ന വിഷയമാണ്.
തുടര്‍ദിവസങ്ങളിലും ചുറ്റുപാടുകള്‍ക്ക് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. ദിവസം കൂടുന്തോറും അത് കൂടുതല്‍ ഇടുങ്ങിയതായി തോന്നി. അന്തരീക്ഷം തണുത്തു മരവിച്ച് മഞ്ഞ് പെയ്യാന്‍ തുടങ്ങി. ഒരാഴ്ചയോളം ഇലക്ട്രിസിറ്റി വിച്ഛേദിച്ചതിനാല്‍ കാലാവസ്ഥ അസഹനീയമായി തോന്നി. തണുപ്പിന്റെ കാഠിന്യം കാരണം അല്‍പനേരത്തേക്ക് പേന പിടിക്കാന്‍ പോലും പ്രയാസപ്പെട്ടു. അത്രയ്ക്ക് കൈവിരലുകള്‍ മരവിക്കുന്ന തണുപ്പായിരുന്നു.
ഞാന്‍ എന്റെ എല്ലാ രോഷവും ദേഷ്യവും നിസഹായതയും കടിച്ചമര്‍ത്തി കഴിയുമ്പോള്‍ ഉപ്പ പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കുകില്ല, മകളേ പ്രതീക്ഷകള്‍ വേണ്ട. ഇതൊക്കെയാണ് ഇനി മുതലുള്ള ജീവിതം, അതുമായി പൊരുത്തപ്പെടാതെ മറ്റു വഴികള്‍ മുന്‍പിലില്ല. ഉപ്പയുടെ വാക്കുകള്‍ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു.
പൂര്‍വ്വസ്ഥിതി പ്രാപിച്ചുവെന്ന് വരുത്തിതീര്‍ത്ത് കശ്മീരിനെ ഇന്ത്യക്കാര്‍ക്ക് മുന്‍പില്‍ ഡിസ്‌പ്ലേ ചെയ്യാനുള്ള കേവലം ഉപകരണം മാത്രമാണ് അധികാരികള്‍ക്ക് ഞങ്ങള്‍ വിദ്യാര്‍ഥികള്‍. ഞങ്ങളുടെ വിദ്യാഭ്യാസമോ, നന്മനിറഞ്ഞ ഭാവിയോ അവരുടെ ലക്ഷ്യമേ അല്ല.
മികവുറ്റ വിദ്യാഭ്യാസവും, ശോഭന ഭാവിയും നല്‍കി ദിശാബോധം നല്‍കേണ്ടതിന്ന് പകരം, നിര്‍ബന്ധിത പരീക്ഷ അടിച്ചേല്‍പ്പിക്കുന്നതിലൂടെ ഞങ്ങള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ലോകത്തെ ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണിതെന്ന് ആലോചിച്ചെടുക്കാന്‍ വലിയ സാമര്‍ഥ്യ ബുദ്ധിയൊന്നും വേണ്ട. സമാധാന അന്തരീക്ഷമെന്ന നമ്പരിറക്കി ഈ താഴ്‌വരയില്‍ വില്‍ക്കാന്‍വച്ചത് ഞങ്ങളുടെ ജീവിതമാണ്. ഇപ്പോള്‍ സ്‌കൂള്‍ ആരംഭിക്കാനുള്ള നടപടികള്‍ പലസ്ഥലങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഇടതടവില്ലാതെ നടന്നുപോവുന്ന ഒരു സ്‌കൂള്‍ ജീവിതം സ്വപ്‌നങ്ങളില്‍ പോലും കടന്നുവരുന്നില്ല. ആലോചനകളില്‍ കയറിവരുന്ന കശ്മീരിന് ഇപ്പോള്‍ ഒരു തടവറയുടെ രൂപമാണ്, കിനാവുകള്‍ തടവിലാക്കപ്പെട്ട താഴ്‌വര.
കടപ്പാട്: അല്‍ജസീറ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."